പൈങ്ങന പാലത്തിന്റെ തൂണിൽ പടർന്നുപന്തലിച്ച് മരം
1599447
Monday, October 13, 2025 11:40 PM IST
മുണ്ടക്കയം: പൈങ്ങന പാലത്തിന്റെ തൂണിൽ പടർന്നുപന്തലിച്ച് ഭീമൻ മരം. പാലത്തിന് ബലക്ഷയമാകുമോയെന്ന് ആശങ്ക. കൊട്ടാരക്കര-ദിണ്ടിഗൽ ദേശീയപാതയിൽ മുണ്ടക്കയം പൈങ്ങന പാലത്തിന്റെ തൂണുകളിലാണ് മരം വളർന്നുനിൽക്കുന്നത്.
പാലത്തിന്റെ തൂണുകൾ പൂർണമായും മരത്തിന്റെ വേരുകൾ മൂടിയ നിലയിലാണ്. പാലത്തിന്റെ തൂണിന്റെ കൽക്കട്ടുകൾക്ക് ഇടയിലേക്ക് മരത്തിന്റെ വേര് വളർന്നിറങ്ങിയിരിക്കുന്നത് പാലത്തിന് ബലക്ഷയത്തിന് ഇടയാക്കുമോയെന്ന ആശങ്ക ഉയരുന്നുണ്ട്.
പതിറ്റാണ്ടുകൾക്ക് മുമ്പ് ദേശീയപാതയിൽ നിർമിച്ച ഈ പാലത്തിന്റെ കൽക്കെട്ടിന്റെ അടിവശത്തിന് കാലപ്പഴക്കത്താൽ തകരാർ സംഭവിച്ചിട്ടുണ്ട്. ഇതോടൊപ്പം പാലത്തിന്റെ തൂണിൽ മരം കൂടി വളർന്നുനിൽക്കുന്നത് ബലക്ഷയത്തിന് ഇടയാക്കുമോയെന്ന ആശങ്കയാണ് ഉയരുന്നത്. പാലത്തിന്റെ തൂണിന്റെ താഴ്ഭാഗത്തുനിന്നു വളർന്നുനിൽക്കുന്ന മരം ദേശീയപാതയുടെ മുകൾ വരെ ഉയർന്നു നിൽക്കുകയാണ്.
കൂടാതെ റോഡിൽ പാലത്തിന്റെ ഇരുവശവും കാടുമുടി കിടക്കുന്നത് കാൽനടയാത്രക്കാരെയും ദുരിതത്തിലാക്കുന്നുണ്ട്. അടിയന്തരമായി പാലത്തിന്റെ തൂണുകൾക്ക് ബലക്ഷയമാകും വിധം വളർന്നുനിൽക്കുന്ന മരം വെട്ടിമാറ്റി സുരക്ഷ ഉറപ്പാക്കണമെന്ന ആവശ്യമാണ് ഉയരുന്നത്.