പള്‍സ് പോളിയോ പ്രതിരോധം: കുട്ടികള്‍ക്ക് തുള്ളിമരുന്ന് നല്കി
1599416
Monday, October 13, 2025 7:07 AM IST
ഏറ്റുമാനൂർ: പോളിയോ വൈറസ് നിർമാർജനം ലക്ഷ്യമിട്ടു നടത്തുന്ന പൾസ് പോളിയോ ഇമ്യൂണൈസേഷൻ പരിപാടിയുടെ ഭാഗമായി ജില്ലയിലെ അഞ്ചു വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് പോളിയോ പ്രതിരോധ തുള്ളിമരുന്നു നല്കി. ഏറ്റുമാനൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ നടന്ന ചടങ്ങില്‍ ഏറ്റുമാനൂർ നഗരസഭാധ്യക്ഷ ലൗലി ജോർജ് ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു.
നഗരസഭാംഗങ്ങളായ ബീന ഷാജി, രശ്മി ശ്യാം, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ. പ്രിയ, ആർസിഎച്ച് ജില്ലാ ഓഫീസർ ഡോ. ബി.കെ. പ്രസീദ, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. വ്യാസ് സുകുമാരൻ, ഏറ്റുമാനൂർ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. ബബ്ലു റാഫേൽ, ഡിപിഎച്ച്എൻ ഇൻ-ചാർജ് ഓഫീസർ എം. നാൻസി, അഡീഷണൽ ഡിഎച്ച്എസ് ഡോ. പ്രസന്നകുമാരി, റവന്യു ജില്ലാ ഡയറക്ടർ അൻവർ മുഹമ്മദ്, ഡെപ്യൂട്ടി ജില്ലാ എജ്യുക്കേഷൻ ആൻഡ് മീഡിയ ഓഫീസർ ആർ. ദീപ, റോട്ടറി ക്ലബ് പ്രസിഡന്റ് സിറിയക് ലൂക്ക് എന്നിവർ പങ്കെടുത്തു.
ബൂത്തുകളിൽ തുള്ളി മരുന്നു നൽകാൻ കഴിയാത്ത കുഞ്ഞുങ്ങൾക്ക് ഒക്ടോബർ 13, 14 തീയതികളിൽ വോളണ്ടിയർമാർ വീടുകളിലെത്തി തുള്ളി മരുന്നു നൽകും. അതിഥി തൊഴിലാളികളുടെ ക്യാമ്പുകൾ, വിനോദ സഞ്ചാരകേന്ദ്രങ്ങൾ എന്നിവിടങ്ങളിലെ മൊബൈൽ ബൂത്തുകളും 13,14 തീയതികളില്‍ പ്രവർത്തിക്കും.