ചെമ്പ്-വാലേൽപാലം നിർമാണം : സ്ഥലം ഏറ്റെടുക്കൽ നടപടികൾ പുരോഗമിക്കുന്നു
1599419
Monday, October 13, 2025 7:21 AM IST
വൈക്കം: മൂവാറ്റുപുഴ ആറിനു കുറുകെ ചെമ്പ് - വാലേൽ ഭാഗങ്ങളെ ബന്ധിപ്പിച്ച് നിർമിക്കുന്നതിനു വിഭാവനം ചെയ്ത ചെമ്പ് - വാലേൽ പാലത്തിന്റെ നിർമാണത്തിനുമുന്നോടിയായി സമീപ റോഡിനു സ്ഥലം ഏറ്റെടുക്കുന്നതിനായി സ്ഥലത്തിന്റെ വില നിശ്ചയിച്ചു കളക്ടറുടെ അംഗീകാരത്തിനായി അധികൃതർ സമർപ്പിച്ചു.
24 സ്ഥല ഉടമകളിൽനിന്നായി 35 സെന്റ് സ്ഥലത്തോളമാണ് ഏറ്റെടുക്കേണ്ടത്.സ്ഥലം ഏറ്റെടുക്കാനായി 2,99,45,000 രൂപയാണ് അനുവദിച്ചിട്ടുള്ളത്. പാലത്തിനായി ആദ്യം തയാറാക്കിയ എസ്റ്റിമേറ്റും ഡിസൈനും സാങ്കേതിക പ്രശ്നങ്ങൾമൂലം മാറിയതിനെത്തുടർന്ന് പാലം നിർമാണത്തിന് പുതുക്കിയ എസ്റ്റിമേറ്റ് തുക 27 കോടി രൂപയാണ്.
കിഫ്ബിയുടെ വിദഗ്ധ സംഘം 15ന് പദ്ധതി പ്രദേശശം സന്ദർശിച്ച് പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിച്ചാൽ ഈ മാസാവസാനം നടക്കുന്ന ബോർഡ് മീറ്റിംഗിൽ അംഗീകാരം ലഭിക്കുമെന്നാണ് കരുതുന്നത്.രണ്ടു മാസത്തിനകം നടപടിക്രമങ്ങൾ പൂർത്തിയാക്കി സ്ഥലം ഉടമൾക്ക് തുക നൽകിക്കഴിഞ്ഞാൽ ടെണ്ടർ നടപടിയിലേക്ക് കടക്കാനാകുമെന്നാണ് കരുതുന്നത്.
മൂവാറ്റുപുഴയാറിന്റെ കിഴിക്ക് പടിഞ്ഞാറ് കരകളിലായി സ്ഥിതിചെയ്യുന്ന ചെമ്പ് പഞ്ചായത്തിന്റെ ആസ്ഥാനം ബ്രഹ്മമംഗലത്താണ്. കൃഷിഭവൻ, കുടുംബാരോഗ്യകേന്ദ്രം , ആയുർവേദ ആശുപത്രി, ഹൈസ്കൂൾ, ലൈബ്രറി എന്നിവ ബ്രഹ്മമംഗലത്തും വില്ലേജ് ഓഫീസ്, മൃഗാശുപത്രി, വൈദ്യുതി ഓഫീസ്, എന്നിവ പുഴയുടെ പടിഞ്ഞാറേ കരയിലുള്ള ചെമ്പിലുമാണ്. വിഇഒ ഓഫീസ് ഇരുകരകളിലുമുണ്ട്.
വിവിധാവശ്യങ്ങൾക്കായി ഈ ഓഫീസുകൾ സന്ദർശിക്കേണ്ടി വരുന്നവർക്ക് 13 കിലോമീറ്റർ ഇപ്പോൾ ചുറ്റിസഞ്ചരിക്കേണ്ടിവരുന്നു. മുറിഞ്ഞപുഴ-വാലേൽ പാലം യാഥാർഥ്യമായാൽ ചെമ്പ് പഞ്ചായത്തിലെ കിഴക്കൻമേഖലയിലേക്കുള്ള യാത്രാദൂരം മൂന്നര കിലോമീറ്ററായി കുറയും.
നിലവിൽപ്രദേശവാസികൾ മറുകര കടക്കാൻ പഞ്ചായത്ത് കടത്തിനെയാണ് ആശ്രയിക്കുന്നത്. ഏതാനും വർഷം മുമ്പ് പുഴയുടെ അക്കരയിലേക്കുള്ള വീട്ടിലേക്ക് കടത്തുവള്ളത്തിൽ പോകാൻ ശ്രമിക്കുന്നതിനിടെ മത്സ്യത്തൊഴിലാളിയായ രാജു (46) പുഴയിൽ വീണ് മുങ്ങി മരിച്ചിരുന്നു.
പാലം നിർമിക്കുന്നതോടെ വൈപ്പാടമ്മേൽ, കൃഷ്ണൻതുരുത്ത്, തുരുത്തുമ്മയുടെ കിഴക്കേഭാഗം തുടങ്ങിയ സ്ഥലങ്ങളിൽ താമസിക്കുന്ന നിർധന കുടുംബങ്ങളുടെ ജീവിതപിന്നോക്കാവസ്ഥയ്ക്കും മാറ്റമുണ്ടാകും.