വയോധിക പുഴയിൽ മരിച്ച നിലയിൽ
1599409
Monday, October 13, 2025 7:06 AM IST
തലയോലപ്പറമ്പ്: കഴിഞ്ഞ ദിവസം കാണാതായ വയോധികയെ പുഴയിൽ മരിച്ചനിലയിൽ കണ്ടെത്തി.വടകര അംബേദ്കർ നഗറിലെ മറ്റത്തിൽ കുഞ്ഞുകുഞ്ഞിന്റെ ഭാര്യ തങ്കമ്മ(68)യുടെ മൃതദേഹമാണ് ഇന്നലെ വൈകുന്നേരം അഞ്ചിന് മറവൻതുരുത്ത് കാട്ടിത്തറ ഭാഗത്ത് കണ്ടെത്തിയത്.
ഓർമക്കുറവുള്ള തങ്കമ്മ സ്രാങ്കുഴി ഭാഗത്തെ മൂത്ത മകളുടെ വീട്ടിലേക്ക് പോയി വൈകുന്നേരം മടങ്ങിവരുന്ന പതിവുണ്ടായിരുന്നു.പുഴയോര പ്രദേശമായ സ്രാങ്കുഴിയിലൂടെ നടന്നുപോയപ്പോൾ കാൽവഴുതി പുഴയിൽ വീണ് മുങ്ങിമരിച്ചതാണെന്നു കരുതുന്നു. രണ്ടു പെൺമക്കളിൽ ഇളയമകൾ ദീപയ്ക്കൊപ്പമാണ് തങ്കമ്മ താമസിച്ചിരുന്നത്.
പത്തിന് രാവിലെ എട്ടിനു വീട്ടിൽ നിന്നുപോയ തങ്കമ്മ വൈകുന്നേരം തിരിച്ചുവന്നില്ല.പിറ്റേന്ന് ബന്ധുക്കൾ തലയോലപ്പറമ്പ് പോലീസിൽ പരാതി നൽകി അന്വേഷണം നടന്നുവരുന്നതിനിടയിലാണ് ഇന്നലെ വൈകുന്നേരം മൃതദേഹം പുഴയോരത്ത് കണ്ടെത്തിയത്. മൃതദേഹം വൈക്കം താലൂക്ക് ആശുപത്രി മോർച്ചറിയിൽ. തലയോലപ്പറമ്പ് പോലീസ് മേൽനടപടി സ്വീകരിച്ചു.