ശബരിമലയിലെ സ്വർണത്തട്ടിപ്പ് : മന്ത്രി വി.എൻ. വാസവന്റെ ഓഫീസിലേക്ക് ബിജെപി മാർച്ച് നടത്തി
1598978
Sunday, October 12, 2025 12:39 AM IST
ഏറ്റുമാനൂർ: ശബരിമലയിലെ സ്വർണത്തട്ടിപ്പിൽ പ്രതിഷേധിച്ചും ദേവസ്വം മന്ത്രിയും ദേവസ്വം ബോർഡ് പ്രസിഡന്റും രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടും ബിജെപി പ്രവർത്തകർ ദേവസ്വം മന്ത്രി വി.എൻ. വാസവന്റെ ഏറ്റുമാനൂരിലെ ഓഫീസിലേക്ക് മാർച്ച് നടത്തി.
എംസി റോഡിൽ തവളക്കുഴി ജംഗ്ഷനു സമീപത്തുനിന്നാണ് മാർച്ച് ആരംഭിച്ചത്. നീണ്ടൂർ റോഡിൽ ക്രിസ്തുരാജ പള്ളിക്കു സമീപം ബാരിക്കേഡ് സ്ഥാപിച്ച് പോലീസ് മാർച്ച് തടഞ്ഞു. ബാരിക്കേഡ് മറികടന്ന് മുന്നോട്ടു പോകാൻ ശ്രമിച്ച പ്രവർത്തകർക്കു നേരേ പോലീസ് പലതവണ ജലപീരങ്കി പ്രയോഗിച്ചു. പ്രവർത്തകർ റോഡിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു.
തുടർന്നു നടത്തിയ പ്രതിഷേധ സമ്മേളനം ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ആന്റണി ഉദ്ഘാടനം ചെയ്തു. വിശ്വാസവഞ്ചന നടത്തി അയ്യപ്പഭക്തർ അടക്കമുള്ളവരെ വഞ്ചിച്ച ദേവസ്വം മന്ത്രിയും സർക്കാരും കാട്ടുകള്ളന്മാരാണെന്ന് അദ്ദേഹം പറഞ്ഞു. ശബരിമലയിലെ സ്വർണത്തട്ടിപ്പുമായി ബന്ധപ്പെട്ട് കേന്ദ്ര ഏജൻസി സമഗ്രമായ അന്വേഷണം നടത്തണമെന്ന് അനൂപ് ആന്റണി ആവശ്യപ്പെട്ടു.
ബിജെപി ജില്ലാ പ്രസിഡന്റ് ലിജിൻ ലാൽ അധ്യക്ഷത വഹിച്ചു. ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തിലെ ഏഴരപ്പൊന്നാന അടക്കമുള്ള അമൂല്യനിധികളുടെ കണക്കെടുപ്പ് നടത്തണമെന്നും വിശ്വാസികളെ കൊള്ളയടിക്കുന്ന സർക്കാരിന് അധികാരത്തിൽ തുടരാൻ അവകാശമില്ലെന്നും അദ്ദേഹം പറഞ്ഞു. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സി. കൃഷ്ണകുമാർ, സെക്രട്ടറി അശോകൻ കുളനട, ഡോ. ശ്രീജിത്ത്, അശ്വന്ത് മാമലശേരി തുടങ്ങിയവർ പ്രസംഗിച്ചു.
തുടർന്ന് പ്രവർത്തകർ സമരം അവസാനിപ്പിച്ച് മടങ്ങി. നീണ്ടൂർ റോഡിൽ കണ്ണാർമുകളിനു സമീപവും ബാരിക്കേഡ് സ്ഥാപിച്ച് ഗതാഗതം തടഞ്ഞിരുന്നു. പ്രവർത്തകർ പൂർണമായി പിരിഞ്ഞ ശേഷമാണ് നീണ്ടൂർ റോഡിൽ ഗതാഗതം പുനഃസ്ഥാപിച്ചത്.
ബാരിക്കേഡ് മറികടന്ന് ബിജെപി പ്രവർത്തകർ എത്തിയാൽ പ്രതിരോധിക്കാൻ മന്ത്രിയുടെ ഓഫീസിനു സമീപവും തൊട്ടടുത്തുള്ള പാർട്ടി ഓഫീസിലും സിപിഎം, ഡിവൈഎഫ്ഐ പ്രവർത്തകർ ഒത്തുകൂടിയിരുന്നു.