ഭക്തിസാന്ദ്രമായി അല്‍ഫോന്‍സാ തീര്‍ഥാടനം
1599413
Monday, October 13, 2025 7:07 AM IST
ഭരണങ്ങാനം: പാലാ രൂപതാ മിഷന് ലീഗ് സംഘടനയുടെ നേതൃത്വത്തില്‍ ഇന്നലെ ഭരണങ്ങാനത്തേയ്ക്കു നടത്തിയ അല്‍ഫോന്‍സാ തീര്‍ഥാടനം ഭക്തിസാന്ദ്രമായി. പാലാ രൂപതയുടെ വിവിധ ഇടവകകളില്‍നിന്നായി ആയിരക്കണക്കിന് കുഞ്ഞുമിഷനറിമാര്‍ അല്‍ഫോന്‍സാ തീര്‍ഥാടനത്തില്‍ പങ്കുചേര്‍ന്നു.
രൂപതയിലെ 10, 11, 12 ക്ലാസുകളിലെ വിശ്വാസ പരിശീലനം നടത്തുന്ന കുട്ടികളാണ് തീര്‍ഥാടനം നടത്തിയത്. മിഷന് ലീഗിന്റെ വിവിധ മേഖലകളുടെ നേതൃത്വത്തില്‍ രൂപതയിലെ എല്ലാ ഇടവകകളില്‍നിന്നുമുള്ള അംഗങ്ങള്‍ റാലിയില്‍ പങ്കുചേര്‍ന്നു. പാലാ ഭാഗത്തുനിന്നു വന്നവർ മേരിഗിരി ആശുപതിയുടെ സമീപത്തു നിന്നും അരുവിത്തുറ ഭാഗത്തുനിന്നും വന്നവർ വട്ടോളിക്കടവ് ഭാഗത്തും സമ്മേളിച്ചു റാലിയില്‍ പങ്കെടുത്തു. നാലു ബാച്ചുകളിലായി വിവിധ സമയങ്ങളിലാണ് അല്‍ഫോന്‍സാമ്മയുടെ കബറിടത്തില്‍ എത്തിച്ചേര്‍ന്നത്. റാലിയായി എത്തുന്ന കുട്ടികള്‍ക്കു പ്രത്യേകം വിശുദ്ധ കുര്‍ബാന ദേവാലയത്തില്‍ ക്രമീകരിച്ചിരുന്നു.
രൂപത വികാരി ജനറല്‍മാരായ മോണ്‍. ജോസഫ് തടത്തില്‍, മോണ്‍. ജോസഫ് മലേപ്പറമ്പില്‍, മോണ്‍. സെബാസ്റ്റ്യന്‍ വേത്താനത്ത്, മോണ്‍. ജോസഫ് കണിയോടിക്കല്‍ എന്നിവര്‍ സന്ദേശം നല്കി. തീര്‍ഥാടന കേന്ദ്രം റെക്ടര്‍ റവ. ഡോ. അഗസ്റ്റിന് പാലയ്ക്കാപറമ്പില്‍, റവ.ഡോ. ജോര്‍ജ് വര്‍ഗീസ് ഞാറക്കുന്നേല്‍, അഡ്മിനിസ്ട്രര്‍ ഫാ. മാത്യൂ കുറ്റിയാനിയ്ക്കല്‍, വൈസ് റെക്ടര്‍മാരായ ഫാ. ജോസഫ് അമ്പാട്ട്, ഫാ. ആന്റണി തോണക്കര, ബെന്നി മുത്തനാട്ട് തുടങ്ങിയവര്‍ നേതൃത്വം നല്കി.
സഹനങ്ങളെ രക്ഷാകരമാക്കാന്‍ അല്‍ഫോന്‍സാമ്മ പഠിപ്പിക്കുന്നു: മാര്‍ മഠത്തിക്കണ്ടത്തില്‍
ഭരണങ്ങാനം: സഹനങ്ങളെ പഴിക്കാതെ രക്ഷാകരമാക്കാനും നിരാശയിലേയ്ക്കു വീഴാതെ ദൈവത്തിങ്കലേക്കു തിരിയാനും വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ ജീവിതം നമ്മെ പഠിപ്പിക്കുന്നതായി കോതമംഗലം ബിഷപ് മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍. അല്‍ഫോന്‍സാമ്മയുടെ വിശുദ്ധപദവി പ്രഖ്യാപനത്തിന്റെ 17-ാം വാര്‍ഷികദിനമായിരുന്ന ഇന്നലെ കൃതജ്ഞതാദിനമായി ആചരിച്ച് കബറിട ദേവാലയത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്‍കുകയായിരുന്നു ബിഷപ്.
അല്‍ഫോന്‍സാമ്മയുടെ മാതൃക നാം പിന്തുടരണം.
നിരാശ ഇന്നത്തെ പ്രധാന പ്രശ്നമാണ്. നമ്മുടെ സഹനങ്ങളെ സന്തോഷത്തോടെ സ്വീകരിക്കണം. അനുദിന പ്രാര്‍ഥനയില്‍ സന്തോഷം കണ്ടെത്തിയവളാണ് അല്‍ഫോന്‍സാമ്മ. ജീവിത യാഥാര്‍ഥ്യങ്ങള്‍ അതിന്റെ പൂര്‍ണതയില്‍ ഏറ്റെടുത്തു ജീവിച്ച വിശുദ്ധയാണ് അല്‍ഫോന്‍സാമ്മയെന്നും വിശുദ്ധ ജീവിതങ്ങളാണ് സഭയുടെ ശക്തിയും മൂലധനവും എന്നും ബിഷപ് പറഞ്ഞു.