ചങ്ങനാശേരിയിലും കുറിച്ചിയിലും സൗന്ദര്യവത്കരണ പദ്ധതിക്കു തുടക്കം
1532930
Friday, March 14, 2025 7:20 AM IST
ചങ്ങനാശേരി: സംസ്ഥാനത്തെ പ്രധാന പാതകളുടെ വശങ്ങളും ഡിവൈഡറുകളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സ്വകാര്യ ഏജന്‍സികളുടെയും സഹകരണത്തോടെ സൗന്ദര്യവത്കരിക്കുന്ന പദ്ധതിയുടെ ഭാഗമായി കുറിച്ചി ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ എന്‍എച്ച്-183 (എംസി റോഡ്)ന്റെ ഇരുവശവും സൗന്ദര്യവത്കരിക്കുന്നു.
കുറിച്ചി അഞ്ചല്‍ക്കുറ്റി ജംഗ്ഷന് മുതല്‍ മന്ദിരം പുത്തന്‍പാലത്തിനു സമീപം വരെയാണ് പാതയോര സൗന്ദര്യവത്കരണം നടത്താന്‍ നിശ്ചയിച്ചിരിക്കുന്നത്. സ്വകാര്യ സ്ഥാപനങ്ങളെക്കൂടാതെ കുടുംബശ്രീയും ഹരിത കര്‍മസേനയും പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകും.
പദ്ധതിയുടെ ഭാഗമായി കുറിച്ചി ഔട്ട് പോസ്റ്റ് ജംഗ്ഷനിലുള്ള ഡിവൈഡറിലെ കാട്ടുചെടികള്‍ വെട്ടിമാറ്റി. പുതിയ വഴി വിളക്കുകള്‍ സ്ഥാപിക്കുന്ന ജോലികള്‍ നടന്നു വരികയാണ്. ഇവിടെ സ്വകാര്യ ഏജന്‍സിയുടെ സഹകരണത്തോടെ ചെടികള്‍ വച്ചുപിടിപ്പിക്കുന്നതിനും കരാറില്‍ ഏര്‍പ്പെട്ട് പ്രവൃത്തികള്‍ ആരംഭിച്ചു. വ്യാപാരി വ്യവസായികളും സമീപങ്ങളിലുള്ള വീട്ടുകാരും ചെടികളുടെ പരിപാലനം നടത്തും. സ്പോണ്‍സര്‍ഷിപ്പിലൂടെയാണ് ആവശ്യമായ ഫണ്ട് കണ്ടെത്തുന്നത്. പ്രവര്‍ത്തനങ്ങള്‍ക്ക് പ്രസിഡന്റ് സുജാത സുശീലന്റെ നേതൃത്വത്തിലുള്ള ഭരണസമിതി നേതൃത്വം നല്‍കും.
റെയില്‍വേ സ്റ്റേഷനുസമീപം പൂന്തോട്ടം പദ്ധതി
ചങ്ങനാശേരി: നഗരസഭയുടെ നേതൃത്വത്തില്‍ മാലിന്യമുക്തം നവകേരളം 2.0യുടെ ഭാഗമായി നഗരത്തിലെ വിവിധ പൊതു ഇടങ്ങള്‍ വൃത്തിയാക്കി പൂന്തോട്ടമൊരുക്കുന്ന പദ്ധതി റെയില്‍വേ ബൈപാസ് റോഡില്‍ ആരംഭിച്ചു. മാര്‍ച്ച് 30 സീറോ വേസ്റ്റ് ദിനത്തില്‍ മാലിന്യമുക്ത പ്രഖ്യാപനം നടത്തുന്നതിന്റെ ഭാഗമായി ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതി നടപ്പാക്കലും തുടര്‍പരിപാലനവും നടത്തുന്നത്.
നഗര തൊഴിലുറപ്പ് തൊഴിലാളികളും ചങ്ങനാശേരി ക്ലബ്ബും ലിനന്‍ സെന്ററും പൂന്തോട്ടപരിപാലനത്തില്‍ പങ്കാളികളാകും. നഗരസഭാ ചെയര്‍പേഴ്സണ്‍ കൃഷ്ണകുമാരി രാജശേഖരന് ഉദ്ഘാടനം ചെയ്തു. വൈസ്ചെയര്‍മാന്‍ മാത്യൂസ് ജോര്‍ജ് അധ്യക്ഷത വഹിച്ചു.
ആരോഗ്യസ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എല്‍സമ്മ ജോബ്, നഗരസഭാ സെക്രട്ടറി എല്‍.എസ്. സജി, ക്ലീന്‍ സിറ്റി മാനേജര്‍ എം. മനോജ് എന്നിവര്‍ പ്രസംഗിച്ചു.
നഗരസൗന്ദര്യവത്കരണം ജില്ലാ കളക്ടര്‍ ഇന്നു സന്ദര്‍ശിക്കും
ചങ്ങനാശേരി: നഗരസഭയില്‍ നടപ്പാക്കിയ പാതയോര സൗന്ദര്യവത്കരണം കാണാന്‍ ജില്ലാ കളക്ടര്‍ ജോണ്‍ വി. സാമുവല്‍ ഇന്ന് രാവിലെ 10.30ന് ചങ്ങനാശേരിയിലെത്തും.
മന്നം ജംഗ്ഷന്, റെയില്‍വേ സ്റ്റേഷന് സമീപം, എച്ച്ടുഒ ജംഗ്ഷന്, ളായിക്കാട്, പാലാത്രച്ചിറ എന്നിവിടങ്ങളിയാണ് സ്വകാര്യ സ്ഥാപനങ്ങളുടെയും ക്ലബ്ബുകളുടേയും സഹകരണത്തോടെ നഗരസഭ പാതയോര പൂന്തോട്ട പദ്ധതിക്കു തുടക്കംകുറിച്ചത്.
എല്ലാ പൂന്തോട്ടങ്ങളിലും വെള്ളമൊഴിക്കാന്‍ ചങ്ങനാശേരി ക്ലബ് ലോറിയില്‍ വെള്ളം എത്തിക്കും. നഗരസഭ രണ്ട് തൊഴിലാളികളെ നിയോഗിച്ച് വെള്ളവും വളവും നല്കി ചെടികള്‍ പരിപാലിക്കും.