മെഡി. കോളജിലെ പൊള്ളല്‍ ചികിത്സാ വിഭാഗം ലോകോത്തര നിലവാരത്തിലേക്ക്
1493965
Friday, January 10, 2025 12:01 AM IST
കോട്ടയം: മെഡിക്കല്‍ കോളജില്‍ സ്കിന്‍ ബാങ്ക്, ഇലക്ട്രിക് ഡെര്‍മറ്റോം തുടങ്ങിയ അത്യാധുനിക സംവിധാനങ്ങള്‍ ഈ വര്‍ഷം ആരംഭിക്കും. ഇതോടെ കോട്ടയം മെഡിക്കല്‍ കോളജിലെ പൊള്ളല്‍ ചികിത്സ വിഭാഗം ലോകോത്തര നിലവാരത്തിലേക്ക് ഉയരും.
തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ സ്കിന്‍ ബാങ്ക് അന്തിമഘട്ടത്തിലാണ്. ഇതിനു പുറമെയാണു കോട്ടയം മെഡിക്കല്‍ കോളജില്‍ സ്കിന്‍ ബാങ്ക് ഉള്‍പ്പെടെയുള്ള അത്യാധുനിക സംവിധാനങ്ങളൊരുക്കുന്നത്. അപകടങ്ങളിൽപെട്ടും പൊള്ളലേറ്റും ത്വക്കിന് കേടുപാട് സംഭവിച്ചവര്‍ക്ക് ത്വക്ക് വച്ച് പിടിപ്പിച്ചാല്‍ അണുബാധയുണ്ടാകാതെ ഒരുപാട് പേരുടെ ജീവന് രക്ഷിക്കാനാകും.
രോഗികളെ വൈരൂപ്യത്തില്നിന്നു രക്ഷിക്കാനുമാകും. ഈ ലക്ഷ്യം മുന്‍നിര്‍ത്തിയാണ് സ്കിന്‍ ബാങ്കുകള്‍ ആരംഭിക്കുന്നത്. പ്ലാസ്റ്റിക് സര്‍ജറി വിഭാഗം മേധാവി ഡോ. എം. ലക്ഷ്മി, പ്ലാസ്റ്റിക് സര്‍ജറി കണ്‍സള്‍ട്ടന്റ് പൊള്ളല്‍ വിഭാഗം ഇന്‍-ചാര്‍ജ് ഡോ. തോമസ് ഡേവിഡ്, പ്ലാസ്റ്റിക് സര്‍ജറി അസോസിയേറ്റ് പ്രഫസര്‍ ഡോ. സി.പി. സാബു, പ്ലാസ്റ്റിക് സര്‍ജറി അസി. പ്രഫ. ഡോ. ഫോബിന് വര്‍ഗീസ്, അനസ്തേഷ്യോളജിസ്റ്റ് കണ്‍സള്‍ട്ടന്റ് ഡോ. ബിറ്റ്സന്‍ മുതലായവരുടെ നേതൃത്വത്തിലാണു പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.
സ്കിന്‍ ബാങ്ക്
ശരീരത്തിലെ ഏറ്റവും വലിയ അവയവമായ ത്വക്ക് ശേഖരിച്ച് പ്രിസര്‍വ് ചെയ്ത് ആവശ്യമുള്ള രോഗികള്‍ക്ക് നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ വച്ചുപിടിപ്പിക്കുകയാണ് സ്കിന്‍ ബാങ്കിലൂടെ ചെയ്യുന്നത്. കൃത്യമായ വീതിയിലും ഘനത്തിലും ശരീരത്തിന്റെ പരിക്കേല്‍ക്കാത്ത ഭാഗങ്ങളില്‍നിന്നു ചര്‍മ ഗ്രാഫ്റ്റുകളെടുക്കാന്‍ ഉപയോഗിക്കുന്ന അത്യാധുനിക ശസ്ത്രക്രിയ ഉപകരണമാണ് ഇലക്ട്രിക് ഡെര്‍മറ്റോം. ഗുരുതര പൊള്ളലോ ആഘാതമോ മൂലം കേടായ ചര്‍മം പുനർനിര്‍മിക്കുന്നതിനാണ് ഇത് ഉപയോഗിക്കുന്നത്.
2022 ലാണ് കോട്ടയം മെഡിക്കല്‍ കോളജില്‍ പൊള്ളല്‍ വിഭാഗം ആരംഭിച്ചത്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ 578 രോഗികളാണ് ഈ വിഭാഗത്തില്‍ ചികിത്സ നേടിയത്. 262 സങ്കീര്‍ണ ശസ്ത്രക്രിയകളാണ് നടത്തിയത്. ഏര്‍ളി ആന്‍ഡ് അള്‍ട്രാ ഏര്‍ളി എക്സിഷന്‍ ആന്‍ഡ് ഗ്രാഫ്റ്റിംഗ്, എസ്ചാറോട്ടമി മുതലായ സര്‍ജറികള്‍ നടക്കുന്നു.
പ്ലാസ്റ്റിക് സര്‍ജറി വിഭാഗത്തിന്റെ കീഴിലാണ് പൊള്ളല്‍ വിഭാഗം പ്രവര്‍ത്തിക്കുന്നത്. ആധുനിക സംവിധാനങ്ങളോടെ എട്ടു കിടക്കകളും നാലു ഐസിയു കിടക്കകളും ഓപ്പറേഷന് തിയറ്ററുകളും വിഭാഗത്തിലുണ്ട്. പൊള്ളല്‍ ചികിത്സയ്ക്കു മാത്രം പ്രവര്‍ത്തിക്കുന്ന പ്ലാസ്റ്റിക് സര്‍ജനാണ് ഇതിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. അനസ്തേഷ്യോളജിസ്റ്റ്, ഫിസിയോതെറാപ്പി വിഭാഗം, നഴ്സസ് മുതലായവരുടെ കൂട്ടായ്മയിലൂടെ രോഗികള്‍ക്ക് വേദനയില്ലാതെയും പൊള്ളലേറ്റവര്‍ക്ക് ദീര്‍ഘകാലം ഉണ്ടായേക്കാവുന്ന വൈരൂപ്യം ഇല്ലാതെയുമുള്ള അത്യാധുനിക ചികിത്സയാണ് ലഭ്യമാക്കുന്നത്.
മരണസംഖ്യ കുറഞ്ഞു
അതീവ ഗുരുതരമായി പൊള്ളലേറ്റവരുടെ മരണസംഖ്യ ആഗോള തലത്തില്‍ തന്നെ കൂടുതലാണ്. അതേസമയം അനേകം രോഗികളെ രക്ഷിച്ചെടുക്കാന്‍ കോട്ടയം മെഡിക്കല്‍ കോളജിലെ പൊള്ളല്‍ ചികിത്സ വിഭാഗത്തിനായിട്ടുണ്ട്. വളരെ സങ്കീര്‍ണവും ഗുരുതരവുമായി പൊള്ളലേറ്റ രോഗികളെ ചികിത്സിക്കുന്ന യൂണിറ്റില്‍ 2024ലെ മരണ നിരക്ക് 26 ശതമാനം മാത്രമാണ്. ഇതു ഇവിടുത്തെ ചികിത്സയുടെ ഗുണമേന്മയാണ് കാണിക്കുന്നത്. 40 ശതമാനം വരെ ആഴത്തിലുള്ള പൊള്ളലുകളും 70 ശതമാനം വരെ ആഴം കുറഞ്ഞ പൊള്ളലുകളുമുള്ള നിരവധി രോഗികള്‍ വൈരൂപ്യമില്ലാതെ രോഗം ഭേദമായി ഇവിടെനിന്നു വീട്ടിലേക്കു മടങ്ങുന്നുണ്ട്.