രക്തദാനത്തിന് കൂടുതല്‍ ആളുകള്‍ മുന്നോട്ടുവരണം: മാര്‍ ജേക്കബ് മുരിക്കന്‍
1493907
Thursday, January 9, 2025 9:54 PM IST
കൊഴുവനാല്‍: രക്തദാനത്തിന്റെ പ്രാധാന്യം മനസിലാക്കി കൂടുതല്‍ ആളുകള്‍ മുന്നോട്ടുവരണമെന്ന് മാര്‍ ജേക്കബ് മുരിക്കന്‍. കൊഴുവനാല്‍ സെന്റ് ജോണ്‍ നെപുംസ്യാന്‍സ് ഹയര്‍ സെക്കൻഡറി സ്കൂള്‍ എന്‍എസ്എസ്, റേഞ്ചര്‍ യൂണിറ്റുകളുടെ നേതൃത്വത്തില്‍ കൊഴുവനാല്‍ ലയണ്‍സ് ക്ലബ്ബിന്റെയും വിളക്കുമാടം ജെസിഐയുടെയും പാലാ ബ്ലഡ് ഫോറത്തിന്റെയും സഹകരണത്തോടെ നടത്തിയ സന്നദ്ധ രക്തദാന ക്യാമ്പില്‍ മുഖ്യാതിഥിയായി പങ്കെടുത്ത മാർ മുരിക്കൻ 29-ാമതു തവണ രക്തദാനം നടത്തുകയും ചെയ്തു. രക്തത്തിന് രക്തമല്ലാതെ മറ്റൊരു ഔഷധവും ലോകത്ത് കണ്ട് പിടിച്ചിട്ടില്ലായെന്ന സത്യം തിരിച്ചറിഞ്ഞ് കൂടുതല്‍ യുവജനങ്ങള്‍ ഈ മേഖലയിലേക്ക് കടന്നുവരണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു.
സ്കൂള്‍ പ്രിന്‍സിപ്പല്‍ ഡോ. ബെല്ലാ ജോസഫ് അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ മാനേജര്‍ റവ. ഡോ. ജോര്‍ജ് വെട്ടുകല്ലേല്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പാലാ ബ്ലഡ് ഫോറം ജനറല്‍ കണ്‍വീനര്‍ ഷിബു തെക്കേമറ്റം, പിടിഎ പ്രസിഡന്റ് എം.ജെ. ജോണ്‍, ഹെഡ്മാസ്റ്റര് സോണി തോമസ്, നാന്‍സി ജോര്‍ജി, ഡൈനോ ജയിംസ്, ബിനു മാത്യൂസ്, ആന്‍സി ഫിലിപ്പ്, സില്‍വി സെബാസ്റ്റ്യന്‍, സിസ്റ്റര്‍ അനിലിറ്റ് എസ്എച്ച്, സിസ്റ്റര്‍ ജോയല്‍ എസ്എച്ച്, ജോസ് ഏബ്രഹാം സണ്ണി, ഷാരോണ്‍ മരിയ ഷാജി എന്നിവര്‍ പ്രസംഗിച്ചു.
രക്തദാന ക്യാമ്പില്‍ അമ്പതോളം പേര് രക്തം ദാനം ചെയ്തു. ലയണ്‍സ്-എസ്എച്ച് മെഡിക്കല്‍ സെന്റര്‍ ബ്ലഡ് ബാങ്കാണ് ക്യാമ്പ് നയിച്ചത്.