സൈക്കിള്‍ പ്രയാണത്തിനു വരവേൽപ്പൊരുക്കി പാലാ സെന്റ് തോമസ് കോളജ്
1493908
Thursday, January 9, 2025 9:54 PM IST
പാലാ: പരിസ്ഥിതി സംരക്ഷണത്തിന്റെയും ആരോഗ്യപരിപാലനത്തിന്റെയും സന്ദേശം കേരളത്തിന്റെ ജനഹൃദയങ്ങളിലെഴുതിച്ചേര്ത്തതിന്റെ അഭിമാനനേട്ടവുമായി പാലാ സെന്റ് തോമസ് കോളജിന്റെ അഖില കേരള സൈക്കിള്‍ പ്രയാണസംഘം ഇന്നു തിരികെയെത്തും. അധ്യാപകരായ മഞ്ജേഷ് മാത്യു, ജിബിന്‍ രാജ ജോര്‍ജ്, ജിനു മാത്യു, റോബേഴ്സ് തോമസ്, ആന്റോ മാത്യു, ജോബിന് ജോബ് മാത്തന്, അനീഷ് സിറിയക് എന്നിവരുടെ നേതൃത്വത്തില്‍ പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ 21 വിദ്യാര്‍ഥികളാണ് അഖിലകേരള സൈക്കിള്‍ പ്രയാണത്തില്‍ പങ്കെടുത്തത്.
പന്ത്രണ്ട് ദിവസങ്ങള്‍ കൊണ്ട് 1200ഓളം കിലോമീറ്റര്‍ പിന്നിട്ട് പതിന്നാല് ജില്ലകളിലൂടെയും സഞ്ചരിച്ചാണ് സൈക്കിള്‍ പ്രയാണം കാമ്പസില്‍ ഇന്നു തിരിച്ചെത്തുന്നത്. സെന്റ് തോമസ് കോളജിലെ പൂര്‍വവിദ്യാര്‍ഥിയും ലോകപ്രശസ്ത വോളിബോള്‍ പ്രതിഭയുമായ ജിമ്മി ജോര്‍ജിന്റെ ജന്മനാടായ പേരാവൂരില്‍ സണ്ണി ജോസഫ് എംഎല്‍എ, ജിമ്മി ജോര്‍ജിന്റെ സഹോദരന് സെബാസ്റ്റ്യന്‍ ജോര്‍ജ് എന്നിവര്‍ ചേര്‍ന്നാണ് സൈക്കിള്‍ പ്രയാണത്തെ വരവേറ്റത്.
കോളജിലെ പൂര്‍വ വിദ്യാര്‍ഥിയും മന്ത്രിയുമായ റോഷി അഗസ്റ്റിനും നിയമസഭാ സ്പീക്കര്‍ എന്‍.എം. ഷംസീറും ചേര്‍ന്ന് ഉജ്വലമായ വരവേൽപ്പാണ് തിരുവനന്തപുരം നിയമസഭാ മന്ദിരത്തില്‍ ഒരുക്കിയത്. പ്രകൃതി ദുരന്തത്തിനിരയായ വയനാട് വെള്ളാര്‍മല സ്കൂളിലെ വിദ്യാര്‍ഥികള്‍ ഇപ്പോള്‍ പഠിക്കുന്ന മേപ്പാടി ഗവ. എച്ച്എസ്എസിലും സൈക്കിള്‍ പ്രയാണം എത്തിച്ചേരുകയും വിദ്യാര്‍ഥികള്‍ അധ്യാപകര്‍, ജനപ്രതിനിധികള്‍ എന്നിവരുമായി ആശയവിനിമയം നടത്തുകയും ചെയ്തു.
കോളജ് മാനേജരും പാലാ രൂപത മുഖ്യവികാരി ജനറാളുമായ മോണ്‍. ജോസഫ് തടത്തിലിന്റെ നേതൃത്വത്തില്‍ അധ്യാപകരും അനധ്യാപകരും വിദ്യാര്‍ഥികളും ഒത്തുചേര്‍ന്നാണ് ഇന്ന് ഉച്ചകഴിഞ്ഞ് 2.30ന് സൈക്കിള്‍ പ്രയാണത്തിന് വരവേൽപ്പൊരുക്കുന്നത്.