നഗരത്തിലെ മാലിന്യസംസ്കരണം : ആധുനിക പദ്ധതികള്‍ ആവിഷ്കരിക്കണം: ചങ്ങനാശേരി വികസന സെമിനാര്‍
1467025
Wednesday, November 6, 2024 6:53 AM IST
ചങ്ങനാശേരി: നഗരത്തിലെ മാലിന്യസംസ്കരണത്തിന് ആധുനികപദ്ധതികള് ആവിഷ്കരിക്കണമെന്നും ടൗണ്‍ മാസ്റ്റര്‍പ്ലാന്‍ പ്രസിദ്ധീകരിച്ച് നടപ്പാക്കാന്‍ നടപടികള്‍ വേണമെന്നും ലയൺസ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ നടന്ന ചങ്ങനാശേരി വികസന സെമിനാറില്‍ നിര്‍ദേശം ഉയര്‍ന്നു.
ജോബ് മൈക്കിള്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയര്‍പേഴ്സണ്‍ കൃഷ്ണകുമാരി രാജശേഖരന് മുഖ്യപ്രഭാഷണം നടത്തി. ലയൺസ് ക്ലബ്ബ് പ്രസിഡന്റ് സുനില്‍ ഹോര്‍മീസ് അധ്യക്ഷത വഹിച്ചു. ഡോ. റൂബിൾ രാജ് മോഡറേറ്ററായിരുന്നു.
സെമിനാറില്‍ മാലിന്യസംസ്കരണം, നഗരസൗന്ദര്യവത്കരണം, പൈതൃക സംരക്ഷണം, ടൗണ്‍ പ്ലാനിംഗ്, വാണിജ്യം, വ്യവസായം എന്നീ വിഷയങ്ങളില്‍ സി.ജെ. ജോസഫ്, ഷാജി പാലാത്ര, സോനു തോമസ്, എം.പി. രാധാകൃഷ്ണന്, സാംസണ് വലിയപറമ്പില്‍ എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. ഫാ. സെബാസ്റ്റ്യന്‍ പുന്നശേരി, അര്‍ഷദ് മൗലവി, ഗിരീഷ് കോനാട്ട്, മറിയമ്മ ബോബന് ഒളശ, വി.ജി. ജേക്കബ് എന്നിവര്‍ പ്രസംഗിച്ചു.
മനയ്ക്കച്ചിറ ടൂറിസം പദ്ധതി പുനരാരംഭിക്കാന്‍ നടപടി വേണം
എസി റോഡരുകിലുള്ള കനാലിലെ മനയ്ക്കച്ചിറ ടൂറിസം പദ്ധതി പുനരാരംഭിക്കാന്‍ നടപടി വേണമെന്ന ആവശ്യവും ചങ്ങനാശേരി വികസന സെമിനാറില്‍ ഉയര്‍ന്നു. ലക്ഷങ്ങള്‍ മുടക്കി പോളയും മാലിന്യവും നീക്കി മാസങ്ങള്‍ പിന്നിട്ടപ്പോള്‍ത്തന്നെ എസി കനാലില്‍ പോളയും പുല്‍ച്ചെടികളും തിങ്ങിനിറഞ്ഞ നിലയിലാണ്.
ഉമ്പിഴിച്ചിറ ആവണി തോട്ടില്‍നിന്നു കക്കൂസ് മാലിന്യം ഉള്‍പ്പെടെയുള്ളവ എസി കനാലിലേക്ക് ഒഴുകിയെത്തുന്നത് കനാലിന്റെ വശങ്ങളില് താമസിക്കുന്ന കോളനി നിവാസികള്‍ക്ക് ആപത്കരമാണെന്നു വികസനസെമിനാര്‍ വിലയിരുത്തി.
മനയ്ക്കച്ചിറയിലെ കാടുമൂടിയ പവലിയനുകൾ കഞ്ചാവ്, ലഹരി മാഫിയാ സംഘങ്ങളും സാമൂഹ്യവിരുദ്ധ സംഘങ്ങളും താവളമാക്കിയത് നാട്ടുകാര്‍ക്ക് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായും ആളുകള്‍ അഭിപ്രായപ്പെട്ടു.