തലനാട്-ഇലവുംപാറ-ചൊവ്വൂർ-നരിമറ്റം റോഡ് തകർന്ന് യാത്ര ദുഷ്കരമായി
1453631
Monday, September 16, 2024 10:27 PM IST
മൂന്നിലവ്: മൂന്നിലവ്, തലനാട് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന തലനാട്-ഇലവുംപാറ-ചൊവ്വൂർ-നരിമറ്റം റോഡ് ഗതാഗത യോഗ്യമാക്കണമെന്നാവശ്യപ്പെട്ടു നാട്ടുകാർ പൊതുമരാമത്തുമന്ത്രി മുഹമ്മദ് റിയാസിനു നിവേദനം നൽകി.
മലയോരമേഖലയിലെ ജനങ്ങൾക്ക് ഏറെ പ്രയോജനകരമായ റോഡിന് 75 വർഷം പഴക്കമുണ്ട്. പൊതുമരാമത്തുവകുപ്പ് നിരത്ത് സെക്ഷൻ പരിധിയിൽ വരുന്ന പ്രധാനപ്പെട്ട ഈ റോഡിന് പിഎംജിഎസ്വൈ പദ്ധതിയിൽപ്പെടുത്തി 1.50 കോടി രൂപ അനുവദിച്ചിരുന്നു. എന്നാൽ ഗ്രേഡിംഗിന്റെ പ്രശ്നംമൂലം പ്രവൃത്തി പൂർത്തീകരിക്കാനാകാതെ പൊതുമരാമത്തുവകുപ്പിനു റോഡ് വീണ്ടും കൈമാറി. റോഡ് നിർമാണത്തിന് 2020-21 ലെ ബജറ്റിൽ വീണ്ടും ഒന്നരക്കോടി രൂപ ഭരണാനുമതിനും സാങ്കേതിക അനുമതിയും ലഭ്യമാക്കി കരാർ ചെയ്യുകയും 2023 മാർച്ച് 12ന് കരാറുകാരനു റോഡ് കൈമാറുകയും ചെയ്തു. എന്നാൽ കരാറുകാരൻ ടാറിംഗ് നടത്താതെ പണിക്കായി ഇറക്കിയിട്ടിരുന്ന മെറ്റലും മറ്റു സാധനങ്ങളും തിരികെ കയറ്റിക്കാണ്ടുപോകുകയും ചെയ്തു.
നിലവിൽ പത്തു വർഷം മുന്‍പാണു റോഡിൽ എന്തെങ്കിലും പണികൾ നടത്തിയത്. റോഡുപണി അടിയന്തരമായി നടത്തിയില്ലെങ്കിൽ അനുവദിച്ചിരിക്കുന്ന ഒന്നരക്കോടി രൂപയും നഷ്ടമാകും. എന്നാൽ പൊതുമരാമത്ത് വകുപ്പിന്റെയും കരാറുകാരന്റെയും അനാസ്ഥ മൂലം റോഡുപണി വൈകുകയാണ്.
ചൊവ്വൂരിൽനിന്ന് ആലപ്പുഴ, കോട്ടയം, പാലാ, ഈരാറ്റുപേട്ട എന്നീ സ്ഥലങ്ങളിലേക്കു ബസ് സർവീസുമുള്ളതാണ്. പൂർണമായി തകർന്നുകിടക്കുന്ന റോഡിലൂടെ കാൽനടയാത്ര പോലും അസാധ്യമായ സാഹചര്യമാണ് നിലവിലുള്ളത്. അടിയന്തരമായി റോഡ് നന്നാക്കി ജനങ്ങളുടെ ദുരിതം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് മന്ത്രിക്ക് നിവേദനം നൽകിയിരിക്കുന്നത്.