അന്തീനാട്-താമരമുക്ക് പാലം തകര്‍ന്നു: ഗതാഗതം തടസപ്പെട്ടു
1374277
Wednesday, November 29, 2023 12:58 AM IST
അന്തീനാട്: അന്തീനാട്-താമരമുക്ക് റോഡില്‍ അന്തീനാട് പള്ളിക്ക് സമീപമുള്ള പാലം തകര്‍ന്നു ഗതാഗതം തടസപ്പെട്ടു. പ്രദേശത്തെ ജനങ്ങളെ പാലാ-തൊടുപുഴ റോഡുമായി ബന്ധിപ്പിക്കുന്ന പാലമാണ് തകര്‍ന്നത്.
കരൂര്‍ പഞ്ചായത്ത് അഞ്ചാം വാര്‍ഡിലൂടെ കടന്നുപോകുന്ന രണ്ടു ഭാഗങ്ങളായാണ് പാലം നിര്‍മിച്ചിരുന്നത്. 60 വര്‍ഷത്തോളം പഴക്കമുള്ള ആദ്യ ഭാഗമാണ് തകര്‍ന്നത്. ഇന്നലെ വൈകുന്നേരമാണ് പാലം തകര്‍ന്നത്. കാലപഴക്കവും ശക്തമായ മഴയുമാണ് പാലം തകരാന്‍ കാരണമെന്നാണ് നാട്ടുകാര്‍ പറയുന്നത്. പാലം തകര്‍ന്നതോടെ ഈ റൂട്ടില്‍ യാത്ര ക്ലേശവും രൂക്ഷമായി.
രാമപുരം പഞ്ചായത്തില്‍നിന്നുള്ളവര്‍ വരെ ഈ റോഡിനെ ആശ്രയിക്കുന്നുണ്ട്. കൊല്ലപ്പള്ളി ടൗണില്‍ ഗതാഗതക്കുരുക്ക് ഉണ്ടാകുമ്പോള്‍ താമരമുക്ക്- അന്തീനാട് വഴിയാണ് ആളുകള്‍ സഞ്ചരിക്കുന്നത്. കാല്‍നടയാത്രയ്ക്കുള്ള സൗകര്യം അടിയന്തരമായി ക്രമീകരിക്കുമെന്ന് സംഭവസ്ഥലം സന്ദര്‍ശിച്ച കരൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മഞ്ജു ബിജു പറഞ്ഞു.
300 ഓളം കുടുംബങ്ങള്‍ റോഡിനെ ആശ്രയിക്കുന്നുണ്ട്. ശാന്തിനിലയം സ്പെഷല്‍ സ്കൂളിലേക്കടക്കമുള്ള സ്കൂള്‍ ബസുകളും കടന്നുപോകേണ്ടത് ഇതുവഴിയാണ്. പാലം തകര്‍ന്നതോടെ ഏറെ ദൂരം ചുറ്റിയാണ് സ്കൂള്‍ ബസുകള്‍ ഇപ്പോള്‍ സഞ്ചരിക്കുന്നത്.
അന്തീനാട് പള്ളിയിലേക്ക് എത്തേണ്ടവര്‍ക്കും ഏറെ ദൂരം സഞ്ചരിക്കണം. വ്യാഴാഴ്ചത്തെ ശക്തമായ മഴയിലാണ് പാലത്തിന് വിള്ളല്‍ കണ്ടു തുടങ്ങിയത്. ഇന്നലെ വൈകുന്നേരത്തോടെയാണ് പാലത്തിന്റെ ഒരുഭാഗം പൂര്‍ണമായും തോട്ടിലേക്ക് പതിച്ചത്.തടികള്‍ ചേര്‍ത്തുവച്ച് ഗതാഗതം നിരോധിച്ചിരിക്കുകയാണ് നാട്ടുകാര്‍. താതകാലിക അപകടസൂചനാ ബോര്‍ഡും സ്ഥാപിച്ചിട്ടുണ്ട്.