റേഷന്‍ പച്ചരിയില്‍ പുഴു, ചെള്ള്, ഉറുമ്പ്, രൂക്ഷഗന്ധം...
1337193
Thursday, September 21, 2023 6:26 AM IST
ചങ്ങനാശേരി: റേഷന്‍ കടകളില്‍നിന്നു ലഭിക്കുന്ന പച്ചരിയില്‍ പുഴുവും ചെള്ളും ഉറുമ്പും നിറഞ്ഞ് ദുര്‍ഗന്ധം വമിക്കുന്നതെന്ന് പരാതി. കടകളില്‍നിന്നു വാങ്ങി വീട്ടിലെത്തി പരിശോധിക്കുമ്പോഴാണ് അരി ഉപയോഗയോഗ്യമല്ലെന്നറിയുന്നത്.
കഴിഞ്ഞ മൂന്നുമാസക്കാലമായി ചങ്ങനാശേരി താലൂക്കിലെ റേഷന്‍കടകളില്‍നിന്നു ലഭിക്കുന്ന പച്ചരിയാണ് പൂപ്പല്‍ നിറഞ്ഞ് കട്ടകെട്ടി പുഴുവും ചെള്ളും നിറഞ്ഞ് ഉപയോഗശൂന്യമായിരിക്കുന്നത്. ഉപയോഗപ്രദമല്ലാത്തതിനെ തുടര്‍ന്ന് പല ഉപഭോക്താക്കളും അരിയുമായി തിരികെ റേഷന്‍ കടകളില്‍ എത്തി വ്യാപാരികളുമായി തര്‍ക്കമുണ്ടാക്കുന്നതും പതിവ് സംഭവമായി. കോട്ടയം താലൂക്ക് പരിധികളിലും പുഴു അരിക്കുന്ന പച്ചരി വിതരണത്തിലുണ്ടെന്നാണ് ഉപഭോക്താക്കള്‍ പറയുന്നത്.
ബിപിഎല്‍ വിഭാഗങ്ങള്‍ക്ക് നാലുകിലോ അരിയില്‍ രണ്ട്കിലോ പച്ചരിയാണ്. എഎവൈ വിഭാഗത്തിന് മുപ്പതുകിലോ അരിയില്‍ 18 കിലോയും പച്ചരിയാണ് നല്‍കുന്നത്.
ലഭിക്കുന്ന അരി മുഴുവന്‍ ഉപയോഗശൂന്യമായതോടെയാണ് വിവാദങ്ങള്‍ ഉയര്‍ന്നത്. റേഷന്‍ വ്യാപാരികള്‍ സപ്ലൈകോ അധികൃതരോട് ഇതുസംബന്ധിച്ച പരാതി പല തവണ ബോധിപ്പിച്ചിട്ടും ഫലമുണ്ടാകാഞ്ഞതിനെ തുടര്‍ന്ന് റേഷന്‍ കടകളില്‍ എത്തിക്കുന്ന ലോഡ് ഇറക്കാതെ തിരിച്ചയച്ചുള്ള പ്രതിഷേധങ്ങളും നടക്കുകയാണ്. ഉപയോഗപ്രദമല്ലാത്ത നിരവധി ചാക്ക് പച്ചരിയാണ് പല റേഷന്‍ കടകളിലും സ്റ്റോക്കിരിക്കുന്നതെന്നാണ് റേഷന്‍ വ്യാപാരികള്‍ ചൂണ്ടിക്കാട്ടുന്നത്.
അരി അരിച്ചോ പേറ്റിയോ നല്കാന് നിര്‍ദേശം
കട്ടകെട്ടി പുഴുവരിച്ച് ഉപയോഗപ്രദമല്ലാത്ത അരി റേഷന്‍ വ്യാപാരികള്‍ അരിച്ചോ പേറ്റിയോ കാര്‍ഡുടമകള്‍ക്ക് നല്കി ഉപഭോക്താക്കളെ തൃപ്തിപ്പെടുത്തണമെന്നാണ് സപ്ലൈകോ ഉദ്യോഗസ്ഥരുടെ നിര്‍ദേശം. ഇതനുസരിച്ച് റേഷന്‍ കടക്കാര് അരി പേറ്റിയാണ് കാര്‍ഡുടമകള്‍ക്ക് നല്‍കുന്നത്. ചില റേഷന്‍കടക്കാര്‍ അരി വെയിലത്തുവച്ച് ഉണങ്ങിയും വിതരണം ചെയ്യുന്നുണ്ട്.
പരിശോധനകൾ കാര്യക്ഷമമല്ല
എഫ്സിഐയിലും എന്‍എഫ്എസ്എയുടെ വിവിധ താലൂക്കുകളിലെ ഡിപ്പോകളിലും വന്‍തോതില്‍ പച്ചരി കെട്ടിക്കിടക്കുന്നതാണ് അരി കേടാകാന്‍ കാരണമെന്നാണ് സിവില്‍ സപ്ലൈ സ്, സപ്ലൈകോ ഉദ്യോഗസ്ഥരുടെ വിശദീകരണം. പച്ചരിക്കുമാത്രമാണ് കേടു സംഭവിച്ചിരിക്കുന്നത്. എന്നാല്‍ കുത്തരിക്ക് കുഴപ്പമുള്ളതായി പരാതിയില്ലെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
എഫ്സിഐയിലും സപ്ലൈകോ ഡിപ്പോകളിലും ക്വാളിറ്റി കണ്ട്രോള്ളര്മാര് ഗുണനിലവാര പരിശോധന നടത്തി മാത്രമേ അരി വിതരണത്തിന് അയയ്ക്കാവൂ എന്നാണ് ഭക്ഷ്യവകുപ്പിന്റെ നിബന്ധന. എന്നാല്‍ ഇക്കാര്യം വേണ്ട രീതിയില്‍ പാലിക്കപ്പെടുന്നില്ല. പരിശോധനയ്ക്ക് ആവശ്യത്തിനു ക്വാളിറ്റി കണ്ട്രോള്ളര്മാര് ഇല്ലെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ഉള്ളവര്‍ പലരും താത്കാലിക നിയമനത്തിലുള്ളവരാണ്. അവര്‍ക്ക് ജോലിഭാരവും കൂടുതലാണ്.
ഉപയോഗപ്രദമല്ലാത്ത പച്ചരി മാറ്റാന്‍ നടപടി
റേഷന്‍കടകളില്‍ സ്റ്റോക്കു ചെയ്തിരിക്കുന്ന പച്ചരി മാറ്റി ഗുണനിലവാരമുള്ള അരി നൽകുമെന്ന് സിവില്‍ സപ്ലൈസ് വകുപ്പ് അധികൃതര്‍. കണക്കെടുപ്പുകള്‍ നടത്തി വരികയാണെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.