കുടിവെള്ളം ദുരുപയോഗം ചെയ്താൽ കർശന നടപടി: ജല അഥോറിറ്റി
1539642
Friday, April 4, 2025 11:51 PM IST
ആലപ്പുഴ: കടുത്ത വേനല്‍ കാലമായതിനാല്‍ ജലത്തിന്റെ ദുരുപയോഗം തടയുന്നതിനായി സ്ക്വാഡ് പ്രവര്‍ത്തനം വിപുലീകരിച്ച് ജല അഥോറിറ്റി. കുടിവെള്ളം ദുരുപയോഗം ചെയ്യുക, പൊതുടാപ്പില്‍ നിന്നും ഹോസുവഴി വെള്ളം ശേഖരിക്കുക, വാഹനം കഴുകുക, കന്നുകാലികളെ കുളിപ്പിക്കുക, മറ്റു ഗാര്‍ഹികേതര ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുക എന്നിവ ശിക്ഷാര്‍ഹമാണ്. കൂടാതെ ലൈനില്‍ മോട്ടോര്‍ ഘടിപ്പിക്കുക, ജല അഥോറിറ്റി ലൈന്‍ കുഴല്‍ക്കിണറിന്റെ ലൈനുമായി ബന്ധിപ്പിക്കുക എന്നിവയും ശിക്ഷാര്‍ഹമായ കുറ്റങ്ങളാണന്ന് ആലപ്പുഴ അസി. എക്സിക്യൂട്ടീവ് എൻജിനിയര്‍ അറിയിച്ചു.
വെള്ളക്കര കുടിശികയുള്ളതും മീറ്റര്‍ പ്രവര്‍ത്തിക്കാത്തതും മീറ്റര്‍ ഇല്ലാതെ ജലമെടുക്കുന്നതും കാലാകാലങ്ങളായി വെള്ളം എടുക്കാതിരിക്കുന്നതുമായ കണക്ഷനുകള്‍ ഇനിയൊരറിയിപ്പില്ലാതെ വിഛേദിക്കുന്നതാണ്. മീറ്റര്‍ ഇല്ലാത്ത കണക്ഷനുകള്‍ അഥോറിറ്റി ഓഫീസുമായി ബന്ധപ്പെട്ട് നിയമാനുസൃത കണക്ഷന് ആക്കണം. അല്ലാത്തവ വിഛേദിച്ച് നിയമനടപടികള്‍ എടുക്കും.
ഉപഭോക്താക്കള്‍ വെളളക്കര കുടിശിക അടച്ചുതീര്‍ത്ത് നടപടികള്‍ ഒഴിവാക്കേണ്ടതാണെന്നും അധികൃതർ അറിയിച്ചു.സ്പോട്ട് ബില്ലിംഗ് സമ്പ്രദായം നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഉപഭോക്താക്കള്‍ നിലവിലുള്ള ഫോണ്‍ നമ്പര്‍ നല്‍കേണ്ടതാണെന്നും, ഫോണ്‍ നമ്പറുമായി ബന്ധിപ്പിക്കാത്ത കണക്ഷനുകള്‍ നിലനിര്‍ത്തുന്നതല്ല എന്നും അധികൃതർ അറിയിച്ചു.