തെരുവുകീഴടക്കി നായകൂട്ടം; ജനം ഭീതിയിൽ
1539313
Friday, April 4, 2025 12:03 AM IST
മാന്നാര്‍: ആക്രമണകാരികളായ തെരുവുനായക്കള്‍ വാഴുന്ന കേന്ദ്രമായി മാന്നാറും പരിസര പ്രദേശങ്ങളും മാറി. പ്രധാന പാതകളിലും ഇടവഴികളിലും തെരുവു നായകള്‍ കീഴടക്കിയിരിക്കുകയാണ്. ജനത്തെ ഭീതിയിലാഴ്ത്തിയാണ് തെരുവുനായ്ക്കള്‍ വിലസുന്നത്. മാന്നാറില്‍ തെരുവുനായ ശല്യം അതിരൂക്ഷമായതോടെ ജനങ്ങള്‍ ഭീതിയുടെ നിഴലിലാണ്. പുറത്തിറങ്ങിയാല്‍ തലങ്ങും വിലങ്ങും ആക്രമിക്കുന്ന തെരുവുനായ്ക്കളെ പേടിച്ചു ഭയന്നിരിക്കുകയാണ് നാട്ടുകാര്‍. നായശല്യം രൂക്ഷമായതോടെ ആളുകള്‍ക്കു വഴിയിലൂടെ യാത്ര ചെയ്യാനാവാത്ത അവസ്ഥയാണ്. കുട്ടികളെ രക്ഷാകര്ത്താക്കള് വടിയുമേന്തിയാണ് സ്കൂളുകളില്‍ കൊണ്ടുവിടുന്നത്.
മാര്‍ക്കറ്റുകളും കവലകളും
ഭരിക്കുന്നത് നായ്ക്കള്‍
കാല്‍നടക്കാര്‍, ഇരുചക്ര വാഹനക്കാര്‍, കുട്ടികള്‍ തുടങ്ങിയവരാണ് ആക്രമണങ്ങള്‍ക്കു ഏറ്റവും കൂടുതല്‍ ഇരകളാകുന്നത്. പ്രഭാതസവാരിക്കാര്‍, പാല്, പത്ര വിതരണക്കാര്‍ എന്നിവര്‍ സ്ഥിരമായി ആക്രമണത്തിനിരയാകുന്നതിനാല്‍ പലരും നേരം പുലർന്ന ശേഷമാണ് ജോലിക്കിറങ്ങുന്നത്. മാന്നാര്‍ ടൗണില്‍ മാര്‍ക്കറ്റ് ജംഗ്ഷന്, പോസ്റ്റ് ഓഫീസ് ജംഗ്ഷന്, പോലീസ് സ്റ്റേഷന് റോഡ് എന്നിവിടങ്ങളില്‍ തെരുവുനായ് ശല്യം രൂക്ഷമാണ്.
തൃക്കുരട്ടി അമ്പലത്തിനു കിഴക്കുവശം, തന്മടിക്കുളത്തിന്റെ കരകള്‍, കുരട്ടിക്കാട് കോട്ടയ്ക്കല്‍ കടവ് പാലം, ആശുപത്രി ജംഗ്ഷന് പടിഞ്ഞാറ് ഭാഗം, കുറ്റിയില്‍മുക്ക്, പഞ്ചായത്ത് ഓഫീസ് പരിസരം, വിഷവര്‍ശേരിക്കര, മൂര്ത്തിട്ടമുക്ക് കടപ്രമഠം ജംഗ്ഷന് തുടങ്ങി പ്രധാന കേന്ദ്രങ്ങളിലെല്ലാം തെരുവുനായ്ക്കൂട്ടങ്ങളുടെ പ്രധാന കേന്ദ്രങ്ങളാണ്.
കുറ്റിയില്‍ ജംഗ്ഷനിലെ കാത്തിരിപ്പ് കേന്ദ്രത്തില്‍ പകല്‍ സമയങ്ങളില്‍ നായ്ക്കള്‍ കൂട്ടത്തോടെ കയറി നില്ക്കുന്നതിനാല് യാത്രക്കാര്‍ ഏറെ ബുദ്ധിമുട്ടിലാണ്. ബസ് നിര്‍ത്തി യാത്രക്കാര്‍ ഇറങ്ങുന്നത് നായ്ക്കളുടെ മുന്നിലേക്കാണ്. ഇതു പലപ്പോഴും യാത്രക്കാരെ ഭീതിയിലാഴ്ത്തുന്നു. കൂട്ടം ചേര്‍ന്ന് നടക്കുന്ന നായ്ക്കള്‍ സ്കൂള്‍ കുട്ടികളുടെയും ഇരുചക്രവാഹനങ്ങള്‍ക്കു പിന്നാലെയും ഓടുന്നതും അപകടങ്ങള്‍ക്കു കാരണമാകുന്നു.
കണ്ടഭാവം നടിക്കാതെ
അധികാരികള്‍
ജനങ്ങളുടെ സുരക്ഷ വലുതാണന്ന് കൊട്ടിഘോഷിക്കുന്ന അധികൃതര്‍ മനുഷ്യ ജീവനു തന്നെ ഭീഷണി ആകുന്ന തെരുവുനായക്കളുടെ ആക്രമണങ്ങളില്‍നിന്നു രക്ഷിക്കാന്‍ തയാറാകുന്നില്ലന്നാണ് നാട്ടുകാരുടെ ആരോപണം.
തെരുവുനായ്ക്കളെ നിയന്ത്രിക്കാന്‍ ഫലപ്രദമായ നടപടി കൈക്കൊണ്ടില്ലെങ്കില്‍ വരും കാലങ്ങളില്‍ തെരുവുകള്‍ നായകള്‍ വീഥികള്‍ കൂടുതലായി കീഴടക്കുകയും മനുഷ്യ ജീവനു കൂടുതല്‍ ഭീഷണിയാകുകയും ചെയ്യുമെന്ന ആശങ്കയിലാണ് മാന്നാര്‍ നിവാസികള്‍.
ഷെല്‍ട്ടര്‍ നിര്‍മാണം
കടലാസില്‍ മാത്രം
തെരുവുനായ ശല്യം രൂക്ഷമയതോടെ മാന്നാറില്‍ തെരുവുനായകളെ പാര്‍പ്പിക്കാനായി ഒരു ഷെല്‍ട്ടര്‍ നിര്‍മിക്കാന്‍ പദ്ധതിയിട്ടിരുന്നു. പഞ്ചായത്ത് 2022 -23 പദ്ധതിയില്‍ ഉള്‍പ്പെടുത്തി തനത് ഫണ്ടില്‍ അരക്കോടി രൂപ വിനിയോഗിച്ച് തെരുവുനായ്ക്കള്‍ക്കായി ഷെല്‍ട്ടര്‍ നിര്‍മിക്കുന്ന പദ്ധതിയാണ് പ്രഖ്യാപിച്ചത്.
കുട്ടംപേരൂര്‍ മുട്ടേല്‍ മൃഗാശുപത്രി സ്ഥിതി ചെയ്യുന്ന 55 സെന്റ് സ്ഥലത്ത് പ്രത്യേക സംവിധാനങ്ങളൊരുക്കി നിര്‍മിക്കാനായിട്ടാണ് പഞ്ചായത്ത് ഭരണ സമിതി തീരുമാനിച്ചത്.
ജനവാസമേഖലയില്‍ ആയിരത്തോളം തെരുവുനായ്ക്കളെ പാര്‍പ്പിക്കുന്നതിനായി ഷെല്‍ട്ടര്‍ നിര്‍മിക്കാനുള്ള ശ്രമത്തിനെതിരേ സമീപവാസികള്‍ പ്രതിഷേധവുമായി രംഗത്തുവന്നു. ഇതോടെ ഷെല്‍ട്ടര്‍ നിര്‍മാണം പഞ്ചായത്ത് ഉപേക്ഷിച്ചു. ഇതോടെ തെരുവുനായ്ക്കളെക്കൊണ്ട് ജനങ്ങള്‍ കൂടുതല്‍ പൊറുതിമുട്ടി.
എബിസി പദ്ധതിയും പാളി
തെരുവുനായ്ക്കള്‍ പെറ്റുപെരുകാതിരിക്കാന്‍ നടപ്പിലാക്കിയ ആനിമല്‍ ബര്‍ത്ത് കണ്ട്രോള് (എബിസി) പദ്ധതിയും ഫലപ്രദമാകാഞ്ഞത് തെരുവുനായകള്‍ പെരുകാന്‍ കാരണമായി. ജില്ലാ പഞ്ചായത്ത് ആലപ്പുഴയിലും മാരാരി കുളത്തുമാണ് ഈ പദ്ധതി നടപ്പിലാക്കാന്‍ ഷെല്‍ട്ടര്‍ നിര്‍മിച്ച് ഉദ്ഘാടനങ്ങളും നടത്തിയത്. കൂടാതെ എല്ലാ ബ്ലോക്കുകളിലും ഒരു കേന്ദ്രം നിര്‍മിക്കുവാന്‍ നിര്‍ദേശിച്ചിരുന്നു.
പലയിടങ്ങളിലും സ്ഥലം ഉള്‍പ്പെടെ ലഭിക്കാഞ്ഞതിനാല്‍ നടപ്പിലാക്കാന്‍ കഴിഞ്ഞില്ല. നായകളെ പിടികൂടി വന്ധീകരിച്ച് വീണ്ടും പിടികൂടിയ സ്ഥലത്ത് തന്നെ തിരികെ വിടുന്നതായിരുന്നു പദ്ധതി. പദ്ധതി ഫലപ്രദമായി നടപ്പിലാക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ ഒരുപരിധി വരെയെങ്കിലും ഇവയുടെ പ്രജനനം തടയാന്‍ കഴിയുമായിരുന്നു.
ജില്ലയില്‍ നിലവില്‍ രണ്ടോ മൂന്നോ കേന്ദ്രങ്ങളാണ് പേരിനും വേണ്ടി പ്രവര്‍ത്തിക്കുന്നത്. ഒരോ പ്രദേശത്തുമുള്ള നൂറ് കണക്കിന് തെരുവുനായകളെ പിടികൂടി വന്ധീകരിച്ച് ഈ രണ്ടോ മൂന്നോ കേന്ദ്രങ്ങളില്‍ കൊണ്ട് പോയി തിരികെ എത്തിക്കുന്നത് പ്രായോഗികമല്ല. അതിനാല്‍ തന്നെ തെരുവുനായ്ക്കള്‍ ഒരോ പ്രദേശത്തും ദിനംപ്രതി ഏറിവരുകയാണ്.
കടിയേറ്റത് നൂറിലേറെപ്പേര്‍ക്ക്
കഴിഞ്ഞ ഒരുവര്‍ഷത്തിനുള്ളില്‍ മാന്നാറിലും സമീപ പ്രേശങ്ങളിലുമായി തെരുവുനായ്ക്കളുടെ കടിയേറ്റ് ചികിത്സ തേടിയത് നൂറിലധികം പേരാണ്. മാന്നാര്‍ പാവുക്കരയില്‍ ഒരു നായ രണ്ടു ദിവസമായി 10 പേരെ കടിച്ചു. തെരുവ് നായകളുടെ അക്രമണത്തില്‍ ഒരു ഡസനോളം സ്കൂള്‍ കുട്ടികള്‍ക്ക് പരിക്കേറ്റു. പരുമലയില്‍ ഒരു മത്സ്യ വില്പനക്കാരിയെ തെരുവ് നായ അക്രമിച്ചതിനെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ് കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സ തേടേണ്ടി വന്നു.
നിരവധി ഇരുചക്രവാഹനയാത്രക്കാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. തെുവുനായ കടിയേറ്റാല്‍ ചികിത്സയും ഒരു പ്രശ്നമാണ്. പേവിഷബാധക്കെതിരെയുള്ള കുത്തിവയ്പ് ജില്ലാ ആശുപത്രികളിലാണുള്ളത്. മാന്നാറില്‍ ഒരാള്‍ക്ക് കടിയേറ്റാല്‍ 10 കിലോമീറ്റര്‍ ദൂരയുള്ള ചെങ്ങന്നൂര്‍, മാവേലിക്കര, തിരുവല്ല എന്നിവിടങ്ങളില്‍ ചികിത്സ തേടേണ്ട അവസ്ഥയാണ്.