മദ്യപിച്ച് ഡ്രൈവിംഗ്: സ്വകാര്യ ബസ് ഡ്രൈവർമാർ പിടിയിൽ
1539312
Friday, April 4, 2025 12:03 AM IST
കായംകുളം: പോലീസ് നടത്തിയ വാഹനപരിശോധനയിൽ മദ്യപിച്ച് വാഹനം ഓടിച്ച രണ്ടു സ്വകാര്യബസ് ഡ്രൈവർമാർ പിടിയിലായി. കായംകുളത്തുനിന്ന് സർവീസ് നടത്തുന്ന മഹാലക്ഷ്മി, അനീഷാമോൾ എന്നീ സ്വകാര്യബസുകളിലെ ഡ്രൈവർമാരായ ചെങ്ങന്നൂർ പുലിയൂർ ജിതിൻ ഭവനത്തിൽ ജിതിൻ (25), മാവേലിക്കര തെക്കേക്കര വാത്തികുളം കണ്ടത്തിൽ വീട്ടിൽ സുമേഷ് (39) എന്നിവരെയാണ് കായംകുളം പോലീസ് പിടികൂടിയത്.
മദ്യപിച്ച് വാഹനം ഓടിച്ച് അപകടങ്ങൾ ഉണ്ടാക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് പരിശോധന നടത്തിയത്. കായംകുളം സിഐ അരുൺ ഷായുടെ നേതൃത്വത്തിൽ ട്രാഫിക് എസ്ഐ നിസാം, എസ്ഐ നാസർ, എഎസ്ഐ നൗഷാദ്, പോലീസ് ഉദ്യോഗസ്ഥരായ അനൂപ്, സോജു എന്നിവരടങ്ങിയ സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്. കേസെടുത്ത ശേഷം ഇവരെ സ്റ്റേഷൻ ജാമ്യത്തിൽ പിന്നീട് വിട്ടയച്ചു. ഡ്രൈവർമാർക്കിടയിൽ ലഹരി ഉപയോഗം വ്യാപകമാണെന്ന പരാതി ഉയരുന്നതിനാൽ വരുംദിവസങ്ങളിലും പരിശോധന കർശനമാക്കുമെന്ന് കായംകുളം പോലീസ് അറിയിച്ചു.