തോട്ടപ്പള്ളി പൊഴിമുഖത്ത് അടിഞ്ഞുകൂടിയ മണല്‍ നീക്കം ചെയ്യുമെന്ന് കളക്ടര്‍
1539314
Friday, April 4, 2025 12:03 AM IST
ആലപ്പുഴ: തെക്കു പടിഞ്ഞാറന്‍ മണ്‍സൂണ്‍ മഴയ്ക്കുമുന്നോടിയായി തോട്ടപ്പള്ളി പൊഴിമുഖത്ത് അടിഞ്ഞുകൂടിയ മണല്‍ നീക്കി നീരൊഴുക്ക് സുഗമമാക്കാന്‍ നടപടി സ്വീകരിക്കും. മഴക്കാല മുന്നൊരുക്കത്തിന്റെ ഭാഗമായി വിവിധ വകുപ്പുകളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും നിര്‍വഹിക്കേണ്ട ചുമതലകള്‍ വിലയിരുത്തുന്നതിന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ അധ്യക്ഷത വഹിച്ച ജില്ലാ കളക്ടര്‍ അലക്സ് വര്‍ഗീസാണ് ഇറിഗേഷന്‍ വകുപ്പിന് ഇതുസംബന്ധിച്ച് നിര്‍ദേശം നല്‍കിയത്.
തണ്ണീര്‍മുക്കം തോട്ടപ്പള്ളി എന്നിവിടങ്ങളിലെ ഷട്ടറുകള്‍ യഥാസമയം തുറക്കുന്നതിനും ആവശ്യമുള്ള ഘട്ടത്തില്‍ റെഗുലേറ്റ് ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണം. ഓരു മുട്ടുകള്‍ മഴക്കാലത്തിനു മുന്നോടിയായി നീക്കം ചെയ്യണം. പാലങ്ങളുടെ അടിയില്‍ അടിഞ്ഞുകൂടിയ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിനുവേണ്ട നടപടികള്‍ സ്വീകരിക്കാനും ഇറിഗേഷന്‍ വകുപ്പിന് കളക്ടര്‍ നിര്‍ദേശം നല്കി.
നാഷണല്‍ ഹൈവേ നിര്‍മാണത്തിന്റെ ഭാഗമായുള്ള വെള്ളക്കെട്ടുകള്‍ ഒഴിവാക്കുന്നതിനായി മോട്ടോര്‍ പമ്പ് സെറ്റുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ സംവിധാനങ്ങളും മുന്‍കൂറായി സജ്ജമാക്കാന്‍ ദേശീയപാത അഥോറിറ്റിക്ക് കളക്ടര്‍ നിര്‍ദേശം നല്കി. അറ്റകുറ്റപ്പണികള്‍ നടത്തേണ്ട മുഴുവന്‍ റോഡുകളും മഴക്കാലത്തിനു മുന്‍പായി തന്നെ പൂര്‍ത്തീകരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണം. ഗതാഗത തടസം സൃഷ്ടിക്കുന്ന തരത്തില്‍ സ്ഥാപിച്ചിട്ടുള്ള ഫ്ലക്സുകള്‍ കാലാവധി കഴിഞ്ഞ ബോര്‍ഡുകള്‍ ബാനറുകള്‍ കട്ടൗട്ടുകള്‍ തുടങ്ങിയവ അടിയന്തരമായി നീക്കം ചെയ്യണമെന്നും കളക്ടര്‍ ആവശ്യപ്പെട്ടു.
പ്രകൃതിക്ഷോഭം, കടല്‍ക്ഷോഭം മൂലം ദുരിതാശ്വാസ ക്യാമ്പുകള്‍ തുറക്കുന്നതിനുള്ള സംവിധാനങ്ങള്‍ മുന്‍കൂട്ടി തന്നെ തയാറെടുക്കേണ്ടതും ക്യാമ്പുകള്‍ക്ക് മതിയായ സജ്ജീകരണങ്ങള്‍ ഉണ്ടെന്ന് തഹസില്‍ദാര്‍മാര്‍ പരിശോധിച്ച് ഉറപ്പുവരുത്തേണ്ടതുമാണ്. രക്ഷാപ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജനങ്ങളെ ഒഴിപ്പിക്കേണ്ടിവരുന്ന സാഹചര്യത്തില്‍ അതത് തദ്ദേശ മേഖലയിലുള്ള വില്ലേജ് ഓഫീസര്‍മാര്‍ കണ്ടെത്തിയിട്ടുള്ള ക്യാമ്പുകളിലേക്ക് ജനങ്ങളെ എത്തിക്കുന്നതിനുള്ള ചുമതല തദ്ദേശ സ്ഥാപനങ്ങളുടെ സെക്രട്ടറിമാര്‍ വഹിക്കേണ്ടതാണെന്നും കളക്ടര്‍ നിര്‍ദേശിച്ചു.
സപ്ലൈകോ, മാവേലി സ്റ്റോര്‍, സിവില്‍ സപ്ലൈസ്, കണ്‍സ്യൂമര്‍ഫെഡ് തുടങ്ങിയ സ്ഥാപനങ്ങള്‍ മഴക്കാലത്തിനു മുന്‍പേ ആവശ്യമുള്ള ഭക്ഷ്യസാധനങ്ങള്‍ സ്റ്റോക്ക് ചെയ്തു വയ്ക്കുന്നതിനുള്ള നടപടികള്‍ അടിയന്തരമായി സ്വീകരിക്കണം. സംക്രമികരോഗങ്ങള്‍ പടര്‍ന്നു പിടിക്കാതിരിക്കുന്നതിനുള്ള പ്രതിരോധ മരുന്നുകള്‍ ആരോഗ്യകേന്ദ്രങ്ങള്‍ മുഖേന പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കണമെന്നും കളക്ടര്‍ അറിയിച്ചു.
തകരാറിലായ ട്രാന്‍സ്ഫോര്‍മറുകള്‍ വൈദ്യുത ലൈനുകള്‍ പോസ്റ്റുകള്‍ മുതലായവ അടിയന്തരമായി അറ്റകുറ്റപ്പണികള്‍ ചെയ്യുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് കെഎസ്ഇബിക്ക് നിര്‍ദേശം നല്കി. മഴയ്ക്ക് മുന്‍പായി പാടശേഖരങ്ങളുടെ സംരക്ഷിക്കുന്നതിനുള്ള പുറംബണ്ടുകള്‍ ബലപ്പെടുത്തണം.
ഹൗസ് ബോട്ടുകള്‍ അടക്കമുള്ള ജലയാനങ്ങളില്‍ ആവശ്യമായ സുരക്ഷാസംവിധാനങ്ങള്‍ ഉണ്ടോ എന്ന് കര്‍ശനമായി പരിശോധിക്കണം.
പ്രധാന ടൂറിസം കേന്ദ്രങ്ങളില്‍ ആവശ്യമായ ലൈഫ് ഗാര്‍ഡുകളെ നിയമിക്കണമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് കളക്ടര്‍ നിര്‍ദേശം നല്കി. സബ് കളക്ടര്‍ സമീര്‍ കിഷന്, ദുരന്ത നിവാരണ ഡെപ്യൂട്ടി കളക്ടര്‍ സി. പ്രേംജി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു യോഗം.
മോക്ഡ്രിൽ 11ന്്
ദേശീയ സംസ്ഥാന ദുരന്തനിവാരണ അഥോറിറ്റി സംയുക്തമായി ചുഴലിക്കാറ്റും അനുബന്ധ ദുരന്തങ്ങളുടെ പ്രതിരോധവും തയാറെടുപ്പകളുംവിലയിരുത്തുന്നതിന് 11ന് മോക് ഡ്രിൽ സംഘടിപ്പിക്കും.
11ന് പുറക്കാട് പഞ്ചായത്തിലെ തോട്ടപ്പള്ളി ഹാര്‍ബറിലും ചെറുതന പഞ്ചായത്ത് ആയാപറമ്പ് കടവിലും ജില്ലയിലെ മോക്ഡ്രില്ലുകള് നടക്കും. എട്ടിന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ടേബിള്‍ ടോപ്പ് എക്സര്‍സൈസ് നടക്കും. വിവിധ വകുപ്പ് മേധാവികള്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.