കഞ്ഞിക്കുഴി മാലിന്യമുക്ത ബ്ലോക്ക് പഞ്ചായത്തായി പ്രഖ്യാപിച്ചു
1539304
Friday, April 4, 2025 12:03 AM IST
ചേർത്തല: മാലിന്യമുക്ത നവകേരളം കാമ്പയിൻ പ്രവർത്തനങ്ങളുടെ ഭാഗമായി കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്തിനെ മാലിന്യമുക്ത ബ്ലോക്ക് പഞ്ചായത്തായി പ്രഖ്യാപിച്ചു. ബ്ലോക്ക് പഞ്ചാത്തിന്റെ പരിധിയിലെ ചേർത്തല തെക്ക്, കടക്കരപ്പള്ളി, മാരാരിക്കുളം വടക്ക്, തണ്ണീർമുക്കം, കഞ്ഞിക്കുഴി പഞ്ചായത്തുകളിൽ നടത്തിയ പ്രവർത്തനങ്ങളുടെ ഭാഗമായാണ് പ്രഖ്യാപനം.
ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തിൽ നടന്ന സമ്മേളനത്തിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.എസ്. ശിവപ്രസാദ് പ്രഖ്യാപനം നടത്തി. പഞ്ചായത്തുകളിൽ നടന്ന മാലിന്യമുക്ത പ്രവർത്തനങ്ങളിൽ മികവ് തെളിയിച്ച വ്യക്തികൾ, സ്ഥാപനങ്ങൾ, സംഘടനകൾ, വിദ്യാലയങ്ങൾ, കലാലയങ്ങൾ, ഉദ്യോഗസ്ഥർ ഹരിതകർമസേന, ആശാവർക്കർമാർ, സംസ്ഥാന തലത്തിൽ മികച്ച അങ്കണവാടി, പുരസ്കാരം നേടിയവരെയും ജില്ലാ പഞ്ചായത്ത് അംഗം പി.എസ്. ഷാജി ആദരിച്ചു.
ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി സി.വി. സുനിൽ റിപ്പോർട്ട് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ജി. മോഹനൻ അധ്യക്ഷത വഹിച്ചു. മാരാരിക്കുളം വടക്ക് പഞ്ചായത്ത് പ്രസിഡന്റ് സുദർശനാഭായി, കഞ്ഞിക്കുഴി പഞ്ചായത്ത് പ്രസിഡന്റ് ഗീത കാർത്തികേയൻ, കടക്കരപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് ജയിംസ് ചിങ്കുതറ, തണ്ണീർമുക്കം പഞ്ചായത്ത് പ്രസിഡന്റ് ജി. ശശികല, ജില്ലാ പഞ്ചായത്തംഗം വി. ഉത്തമൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജി അനിൽകുമാർ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ അനിത തിലകൻ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ വി.കെ. മുകുന്ദൻ, കെ.പി. വിനോദ്, എസ്. ഷിജി, യു.എസ്. സജീവ്, രജനി ദാസപ്പൻ, പി.എസ്. ശ്രീലത, റാണി ജോർജ്, മിനി ബിജു, അസി. എക്സിക്യൂട്ടീവ് എന്ജിനിയർ എം.കെ. സജീവ്, ഡോ. കിരൺ, സുധ സുരേഷ്, ബിഡിഒ ടി.എം. ദിനി എന്നിവർ പ്രസംഗിച്ചു.