മാവേലിക്കരയില്‍ അറുപതിലേറെ പേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു
1539640
Friday, April 4, 2025 11:51 PM IST
മാവേലിക്കര: മാവേലിക്കര നഗരത്തിലും പരിസരപ്രദേശങ്ങളിലുമായി മൂന്നു വയസുകാരി ഉള്‍പ്പെടെ അറുപതിലേറെ പേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു. പുതിയകാവ്, കല്ലുമല, തഴക്കര, കെഎസ്ആര്‍ടിസി ബസ് സ്റ്റേഷന്, പ്രൈവറ്റ് ബസ് സ്റ്റേഷന്, എആര്‍ ജംഗ്ഷന്, നടക്കാവ്, പ്രായിക്കര എന്നിവിടങ്ങളിലായി ഇന്നലെ വൈകിട്ടു വരെ 62 പേര്‍ക്കാണു തെരുവുനായയുടെ കടിയേറ്റത്.
ഒരു നായതന്നെയാണു എല്ലാവരെയും കടിച്ചിരിക്കുന്നത്. മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ നായയെ പിടികൂടാന്‍ ഇന്നലെ ഉച്ചമുതല്‍ ശ്രമം നടത്തുന്നുണ്ട്. സന്ധ്യവരെയും നായയെ പിടികൂടാന്‍ സാധിച്ചിട്ടില്ല. അറന്നൂറ്റിമംഗലം പുഷ്പ ഭവനത്തില്‍ ഡി. മോഹനന് ഇന്നലെ രാവിലെ പത്ര വിതരണത്തിനിടെയാണു കടിയേറ്റത്.
ഇന്നലെ വൈകിട്ടാണു മൂന്നു വയസുകാരി അന്നയ്ക്കു കെഎസ്ആര്‍ടിസി ബസ് സ്റ്റേഷനു സമീപത്തെ വാടകവീടിനു മുറ്റത്തുവച്ചു കടിയേറ്റു. എസ്ബിഐ റീജണല്‍ ബിസിനസ് ഓഫിസിലെ ഡപ്യൂട്ടി മാനേജര്‍ ഷിഫിന്റെ മകളായ അന്ന വീട്ടുമുറ്റത്തു നില്ക്കവേ ഓടിയെത്തിയ നായ കുട്ടിയുടെ കൈയില്‍ കടിക്കുകയായിരുന്നു.
പുതിയകാവ് കണ്ടത്തില്‍ തറയില്‍ രമേശ്, പുതിയകാവിലുള്ള സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിലെ വിദ്യാര്‍ഥിനി നവ്യ, സ്വകാര്യ സ്കൂളിലെ സെക്യൂരിറ്റി കാരാഴ്മ കറുത്തേടത്ത് പടീറ്റതില്‍ അശോകന് (57), ടാക്സി ഡ്രൈവറായ പ്രായിക്കര കോട്ടയില്‍ ആന്റണി, തഴക്കര കുറ്റിക്കാട്ട് വടക്കേതില്‍ അയ്യപ്പന്, പുതിയകാവ് വ്യാപാര സ്ഥാപനത്തിലെ ഡ്രൈവര്‍ രമേശന്, നടയ്ക്കാവ് ജംഗ്ഷനു സമീപത്തുവച്ച് ഡ്രൈവറായ കല്ലുമല കൈപ്പള്ളി സിബി, മോളമ്മ, മാന്നാര്‍ മണലില്‍ തെക്കേതില്‍ ശ്രീകുമാര്‍, ഈരേഴ വടക്ക് ഇന്ദ്രനീലിമ ഉമ്പര്‍നാട് വളാലില്വീട് കെ. ദീപ (44), പുന്നമൂട് മേലൂട്ടില്‍ മനോജ് (50), ഹരിപ്പാട് ടിപി സെന്റര്‍ പായിരേത്ത് കിഴക്കതില്‍ കമലാസനന്, ഇലഞ്ഞിമേല്‍ നൈര്‍മല്യം അനന്തു (18), കിഴശേരില് സിജി (44), പാലസ് ഹോട്ടല്‍ ജീവനക്കാരന് നാസര്‍ (23), ചെറുതന ആയാപറമ്പ് ദ്വാരകയില്‍ മിനി, കീരിക്കാട് പത്തിയൂര്‍ ഈസ്റ്റ് വടശേരിപറമ്പില് അലന്, ഭരണിക്കാവ് അച്യുതാലയം ജയേഷ് (44), ചെന്നിത്തല കുറ്റിയിലേത്ത് കിഴക്കതില്‍, കെ.വി. രതി മണക്കാട് രമേശ് ഭവനം രമേശ്, കാര്‍ത്തികപ്പള്ളി എരിക്കാവ് അമര്ത്യഭവനം രമേശന്, കുറത്തികാട് മണലില്തെക്കേതില് എം.ടി. ശ്രീകുമാര്‍ (47) തുടങ്ങിയവര്‍ക്കാണ് കടിയേറ്റത്. ഇന്നലെ വൈകിട്ടു വരെ മാത്രം നായയുടെ ആക്രമണത്തില്‍ പരിക്കേറ്റ ഒട്ടേറെ ആളുകള്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി. കഴിഞ്ഞ ദിവസം റെയില്‍വേ സ്റ്റേഷന്, ഉമ്പര്‍നാട് ഭാഗത്തും വീട്ടിലെ സെക്യൂരിറ്റി ഉള്‍പ്പെടെ പത്തോളം പേര്‍ക്കു തെരുവുനായയുടെ ആക്രമണത്തില്‍ പരിക്കേറ്റു.
തെരുവുനായയുടെ കടിയേറ്റ് ഏറെ ആളുകള്‍ ഇന്നലെ ജില്ലാ ആശുപത്രിയിൽ എത്തിയിരുന്നു. ഐഡിആര്‍വി, സിറം എന്നിവ ആവശ്യത്തിനു സ്റ്റോക്കുണ്ട്. അത്യാഹിത വിഭാഗത്തിലും സ്റ്റോറിലുമായി 360 ഐഡിആര്‍വി, 275 സിറം ഉണ്ട്. ആവശ്യം കൂടുതലായിവന്നാല് ആലപ്പുഴയില്‍നിന്നും മറ്റും ലഭ്യമാക്കുന്നതിനുള്ള ക്രമീകരണം ഒരുക്കിയിട്ടുണ്ട്. (ഡോ. കെ.എ. ജിതേഷ്, സൂപ്രണ്ട്, മാവേലിക്കര ജില്ലാ ആശുപത്രി).