കാവാലം- തട്ടാശേരി പാലത്തിന് 60.03 കോടി രൂപ; അന്തിമാനുമതിയായി
1539305
Friday, April 4, 2025 12:03 AM IST
കുട്ടനാട്: കുട്ടനാട്ടിലെ വടക്കന്‍ മേഖലയിലെ യാത്രാദുരിതത്തിനു പരിഹാരമാകാൻ കാവാലം-തട്ടാശേരി പാലം ഒരുങ്ങുന്നു. വൈശ്യംഭാഗം, മങ്കൊമ്പ് സിവില്‍ സ്റ്റേഷന്, ചമ്പക്കുളം, പടഹാരം പാലങ്ങള്‍ക്ക് ഒപ്പം കാവാലം പാലം കൂടി പൂര്‍ത്തിയാകുമ്പോള്‍ ദേശീയപാത, എംസി റോഡ്, ആലപ്പുഴ കോട്ടയം മെഡിക്കല്‍ കോളജുകള്‍ എന്നിവിടങ്ങളിലേക്കു വേഗത്തില്‍ കുട്ടനാട്ടുകാര്‍ക്ക് എത്തിച്ചേരാന്‍ സാധിക്കും. പാലം നിര്‍മാണത്തിനു കിഫ്ബി 60.03 കോടി രൂപയുടെ അന്തിമ സാമ്പത്തിക അനുമതി നല്കി.
സാങ്കേതികാനുമതി കൂടി ലഭിച്ചാല്‍ നിര്‍മാണച്ചുമതലയുള്ള കേരള റോഡ് ഫണ്ട് ബോര്‍ഡിനു ടെന്‍ഡര്‍ നടപടിയിലേക്കു കടക്കാം. ഒരുമാസത്തിനുള്ളില്‍ ടെന്‍ഡര്‍ നടപടി പൂര്‍ത്തിയായേക്കും. മഴ സീസണുശേഷം നിര്‍മാണം ആരംഭിക്കാന്‍ സാധിക്കുമെന്നാണ് അധികൃതര്‍ പറയുന്നത്. ഒന്നാം പിണറായി സര്‍ക്കാരിന്റെ ആദ്യ ഇടക്കാല ബജറ്റില്‍ 30 കോടി രൂപയാണു കാവാലം പാലത്തിന് അനുവദിച്ചത്.
110 സെന്റ് ഭൂമി
പാലത്തിനൊപ്പം ബജറ്റില്‍ ഇടം നേടിയ പടഹാരം പാലം നിര്‍മാണം പൂര്‍ത്തിയായി. കാവാലം-തട്ടാശേരി പാലം നിര്‍മാണത്തിന് ദേശീയ ജലപാത ചട്ടം അടക്കമുള്ള ഒട്ടനവധി തടസങ്ങളാണുണ്ടായത്. ദേശീയ ജലപാത ചട്ടം നിയമം മറികടക്കാന്‍ രൂപരേഖയില്‍ മാറ്റം വരുത്തി തുക 52 കോടി രൂപയായി വര്‍ധിപ്പിച്ചു. 110 സെന്റ് ഭൂമിയാണ് ഏറ്റെടുക്കേണ്ടിയിരുന്നത്.
2023 ജനുവരിയില്‍ ഭൂമി വിട്ടുനല്‍കുന്നതിന് മുഴുവന്‍ ഭൂഉടമകളും സമ്മതിക്കുകയും തൊട്ടടുത്ത ദിവസം സമ്മതപത്രം ഒപ്പുവയ്ക്കുകയും ചെയ്തിരുന്നു. 2023 മാര്‍ച്ചിന് മുമ്പായി തന്നെ ഭൂമിയുടെ വില സര്‍ക്കാരില്‍നിന്ന് ഉടമകള്‍ക്കു ലഭ്യമാക്കി. എന്നാല്‍, ചില സര്‍വേ നമ്പരുകളിലുണ്ടായ പിശക് വീണ്ടും തടസമായി. നിര്‍മാണം നീണ്ടതോടെ കാവാലം പാലം സമ്പാദക സമിതിയുടെ നേതൃത്വത്തില്‍ പ്രക്ഷോഭം തുടങ്ങി.
8.5 മീറ്റര്‍ വീതി
പടഹാരം പാലത്തിന്റെ സമാനമായ രീതിയില്‍ 400 മീറ്റര്‍ നീളത്തിലും 8.5 മീറ്റര്‍ വീതിയിലുമാണു കാവാലം-തട്ടാശേരി പാലവും നിര്‍മിക്കുന്നത്. ടവര്‍ മാതൃകയില്‍ 45 മീറ്ററിന്റെ നാലു സ്പാനുകളും ഇരുവശത്തും 35 നീളത്തില്‍ രണ്ടു വീതം സ്പാനുകളുമാണു വെള്ളത്തില്‍ നിര്‍മിക്കുന്നത്. ശേഷിച്ച സ്പാനുകളും തൂണുകളും കരയിലാകും.
ദൂരം കുറയുന്നതോടൊപ്പം ടൂറിസം, കാര്‍ഷിക സര്‍ക്യൂട്ടുകള്‍ യാഥാര്‍ഥ്യമാകുമെന്നും ഇതിനായുള്ള പദ്ധതി രേഖ സര്‍ക്കാരിനു കൈമാറിയതായും സമയബന്ധിതമായി ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കി പാലംനിര്‍മാണം ആരംഭിക്കുന്നതിനു കര്‍ശന നിര്‍ദേശം കേരള റോഡ് ഫണ്ട് ബോര്‍ഡിന് നല്‍കിയതായി തോമസ് കെ. തോമസ് എംഎല്‍എ പറഞ്ഞു.