പുഷ്പാധരന്റെ സൈക്കിൽബെല്ലടിയിൽ പത്രത്തിനായി മുഹമ്മ കണ്ണു തുറക്കും
1539627
Friday, April 4, 2025 11:51 PM IST
മുഹമ്മ: കഴിഞ്ഞ അരനൂറ്റാണ്ടായി പുഷ്പാധരൻഎന്ന പത്രഏജന്റിന്റെ സൈക്കിൾ ഓടിക്കൊണ്ടിരിക്കുകയാണ്. ഈ സൈക്കിളിലാണ് മുഹമ്മ മേഖല ഒന്നാകെ പുഷ്പാധരൻ പത്രം വിതരണം ചെയ്തിരുന്നത്. ഒരു കാലത്ത് മുഹമ്മ, കഞ്ഞിക്കുഴി പഞ്ചായത്തുകളിലെ ജനങ്ങൾ കണികണ്ടുണരുന്നത് അക്ഷരവെളിച്ചവുമായി എത്തുന്ന പുഷ്പാധരനെയായിരുന്നു.
പുഷ്പാധരൻ പത്ര ഏജന്റായി പ്രവർത്തനം തുടങ്ങിയത് 1975ലാണ്. അന്ന് കെഎസ്ആർടിസി ബസുകളിലാണ് മുഹമ്മയിൽ പത്രക്കെട്ട് എത്തിയിരുന്നത്. ഇവിടെനിന്നു സൈക്കിളിൽ മണിക്കൂറുകളോളം സഞ്ചരിച്ചാണ് വരിക്കാർക്കു പത്രം എത്തിച്ചിരിന്നത്. വൈദ്യുതി വിളക്കുകൾ ഇല്ലായിരുന്ന കാലത്ത് സൈക്കിൾ ബാറ്ററിയിൽ നിന്നുള്ള ഇത്തിരി വെട്ടത്തിലാണ് ഇടവഴികൾ താണ്ടിയിരിന്നത്. തുടക്കത്തിൽ നാട്ടിലെ ഭേദപ്പെട്ട കുടുംബങ്ങളിൽ മാത്രമാണ് പത്രം എടുത്തിരുന്നത്. പത്രത്തിന്റെ വരിക്കാരാകാൻ കഴിയാത്തവർ പലരും പുലർച്ചെ മുഹമ്മ ജംഗ്ഷനിലെത്തി പുഷ്പാധരന്റെ പത്രം വായിക്കുമായിരുന്നു.
ഇപ്പോൾ രണ്ടായിരത്തോളം പത്രങ്ങളും മറ്റു പ്രസിദ്ധീകരണങ്ങളും നാടിന്റെ മുക്കിനും മൂലയിലുമായി എത്തുന്നത് പുഷ്പാധരന്റെ ഏജൻസിയിലൂടെയാണ്. ഇപ്പോൾ പത്രവിതരണത്തിന് 10 ലേറെ വിതരണക്കാരുണ്ട്. ഭാര്യ നാൻസിയും മകൻ നിധീഷ് പി. ധരനും പുഷ്പാധരനു പിന്തുണയുമായി എപ്പോഴും കൂടെയുണ്ട്. പുഷ്പാധരന്റെ വസതിയിൽ നടന്ന അനുമോദന യോഗത്തിൽ പ്രമുഖ മാധ്യമങ്ങളുടെ പ്രതിനിധികളും ഏജൻസി സുഹൃത്തുക്കളും ബന്ധുക്കളും പങ്കെടുത്തു. ദീപിക സിനീയർ ബിസിനസ് മാനേജർ കെ.സി കുര്യൻ, സർക്കുലേഷൻ ഏരിയാ മാനേജർ എ.പി. ശ്രീകുമാർ എന്നിവർ ചേർന്ന് പുഷ്പാധരന് ദീപികയുടെ സ്നേഹോപഹാരം കൈമാറി.