മാസപ്പടിക്കേസില്‍ വീണാ വിജയൻ പ്രതിയായതോടെ മുഖ്യമന്ത്രി രാജിവയ്ക്കണം: സജി ജോസഫ്
1539639
Friday, April 4, 2025 11:51 PM IST
നെടുമുടി: മാസപ്പടിക്കേസില്‍ മകള്‍ വീണാ വിജയനെ പ്രതി ചേര്‍ത്ത സാഹചര്യത്തില്‍ ഉടനടി രാജിവയ്ക്കാൻ പിണറായി വിജയന് തയാറാകണമെന്ന് ആലപ്പുഴ ഡിസിസി വൈസ് പ്രസിഡന്റ് സജി ജോസഫ്. മധുരയില്‍ നടക്കുന്ന സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിൽത്തന്നെ ഇക്കാര്യത്തിൽ അടിയന്തരമായി തീരുമാനമെടുക്കണം. തെളിവുകളെ അതിജീവിക്കാന്‍ മുഖ്യമന്ത്രിക്കോ മകള്‍ക്കോ സാധിക്കില്ലെന്നിരിക്കേ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെടാൻ പാർട്ടി കോൺഗ്രസ് തയാറാകണം.
പത്തു വര്‍ഷം വരെ തടവു കിട്ടുന്ന കുറ്റമാണിത്. പണം വാങ്ങിയവര്‍ അതിന്റെ ഭവിഷ്യത്ത് അനുഭവിച്ചേ തീരൂ. പലനാള്‍ കട്ടാല്‍ ഒരു നാള് പിടിക്കപ്പെടും എന്നതാണ് യാഥാര്‍ഥ്യമെന്നും അദ്ദേഹം പറഞ്ഞു. തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതം വെട്ടിക്കുറച്ചതിൽ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി തദ്ദേശ സ്ഥാപനങ്ങളുടെ മുന്നിൽ കോൺഗ്രസ് സംഘടിപ്പിക്കുന്ന ധർണ നെടുമുടിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കോർ കമ്മിറ്റി ചെയർമാൻ ലാലിച്ചൻ പള്ളിവാതുക്കൽ അധ്യക്ഷത വഹിച്ചു. ഡിസിസി എക്സിക്യൂട്ടിവ് അംഗം വി.കെ. സേവ്യർ മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡന്റുമാരായ റോബർട്ട് ജോൺസൺ, എൻ.വി. ഹരിദാസ്, എം.ബി. ഉണ്ണികൃഷ്ണൻ, മിനി മന്മഥൻ നായർ, സാജു കടമാട്, സന്തോഷ് താഴെത്തുരുത്ത് തുടങ്ങിയവർ പ്രസംഗിച്ചു.