ഹൈബ്രിഡ് കഞ്ചാവു പ്രതി തസ്ലീമ സുല്‍ത്താനയ്ക്ക് തമിഴ്നാട്ടിലെ പേര് ക്രിസ്റ്റീന, കര്‍ണാടകത്തില്‍ മഹിമ
1539626
Friday, April 4, 2025 11:51 PM IST
ആലപ്പുഴ: ഹൈബ്രിഡ് കഞ്ചാവുകേസ് മുഖ്യപ്രതി കണ്ണൂര്‍ സ്വദേശിനി തസ്ലീമ സുല്‍ത്താനയ്ക്ക് (41) മൂന്നു സംസ്ഥാനങ്ങളില്‍ വ്യത്യസ്ത ഐഡിയും പല പേരുകളും. കേരളത്തിലും തമിഴ്നാട്ടിലും കര്‍ണാടകയിലുമാണ് തസ്ലീമയ്ക്കു മൂന്നു വ്യത്യസ്ത തിരിച്ചറിയല്‍ രേഖകളുള്ളത്.
തമിഴ്നാട്ടില്‍ ക്രിസ്റ്റീന എന്ന പേരിലറിയപ്പെടുന്ന പ്രതിയുടെ കര്‍ണാടകത്തിലെ പേര് മഹിമ മധു എന്നാണ്.
സിനിമാ ലോകത്തും ക്രിസ്റ്റീന എന്നാണ് തസ്ലീമ സുല്‍ത്താന അറിയപ്പെടുന്നത്. ഇവര്‍ക്കു തമിഴ്നാടിനും കേരളത്തിനും പുറമേ കര്‍ണാടകയിലും ലഹരിവില്പന ഉള്ളതായാണ് വിവരം. മട്ടാഞ്ചേരിയിലെ ചില ഗുണ്ടാസംഘങ്ങളുമായി തസ്ലീമയ്ക്ക് ബന്ധമുണ്ടെന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്. വ്യാജ ഐഡികളും ഡ്രൈവിംഗ് ലൈസന്‍സുകളും സുല്‍ത്താന സംഘടിപ്പിച്ചത് കര്ണാടകത്തില്നിന്നാണെന്നാണ് വിവരം.
രണ്ടു കോടിയോളം രൂപ വിലവരുന്ന മൂന്നു കിലോ ഹൈബ്രിഡ് കഞ്ചാവുമായി തസ്ലീമ സുല്‍ത്താനയെയും കൂട്ടാളിയായ ആലപ്പുഴ മണ്ണഞ്ചേരി മല്ലന്‍വെളിയില്‍ ഫിറോസിനെയും (26) കഴിഞ്ഞ ദിവസമാണ് പിടികൂടിയത്. ഓമനപ്പുഴ തീരദേശ റോഡില്‍വച്ചാണ് പ്രതികളെ എക്സൈസ് കസ്റ്റഡിയിലെടുത്തത്. ഹൈടെക് ഇടപാടുകളാണ് ലഹരിക്കടത്തില്‍ നടന്നതെന്നാണ് എക്സൈസിന്റെ വിലയിരുത്തല്‍. വാട്സാപ്പ്, ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ വഴിയാണ് പ്രതികള്‍ ലഹരി ഇടപാട് നടത്തിയത്.
ഇവരുടെ മൊബൈല്‍ ശാസ്ത്രീയ പരിശോധനയ്ക്കു വിധേയമാക്കും.
അതേസമയം ആറു കിലോ പുഷ് (വില്‍പ്പനക്കാര്‍ക്കിടയില്‍ ഹൈബ്രിഡ് കഞ്ചാവിന്റെ പേരാണ് പുഷ്) ലഭിച്ചിട്ടുണ്ടെന്ന് ആവശ്യക്കാരെത്തിയാല്‍ നല്കാമെന്നുമുള്ള ഇടനിലക്കാരനുമായുള്ള തസ്ലീമയുടെ ചാറ്റ് എക്സൈസിന് ലഭിച്ചിട്ടുണ്ട്. മൂന്നു കിലോ ഹൈബ്രിഡ് കഞ്ചാവുമായാണ് പ്രതികള്‍ പിടിയിലായത്.
ചാറ്റിലെ വിവരങ്ങള്‍ അനുസരിച്ച് ബാക്കി മൂന്നു കിലോ കഞ്ചാവുകൂടി കണ്ടെത്താനുണ്ട്. ചലച്ചിത്ര നടന്മാരായ ഷൈന്‍ ടോം ചാക്കോയ്ക്കും ശ്രീനാഥ് ഭാസിക്കും ലഹരി കൈമാറിയിട്ടുണ്ട് എന്ന് തസ്ലീമ മൊഴി നല്കിയയിരുന്നു. ഇതിന് ഡിജിറ്റല്‍ തെളിവുകളും കണ്ടെടുത്തതായി ഉന്നത ഉദ്യോഗസ്ഥര്‍ അറിയിച്ചു. ആവശ്യമെങ്കില്‍ സിനിമാതാരങ്ങളെ നോട്ടീസ് അയച്ച് വിളിപ്പിക്കുമെന്നും എക്സൈസ് അറിയിച്ചു.
തസ്ലീമയ്ക്ക് എട്ടു ഭാഷകളില്‍ പ്രവീണ്യമുണ്ട്. ചെന്നൈയില്‍നിന്നുള്ള പ്രതിക്കു കേരളത്തിലും ബന്ധങ്ങളുണ്ട്. എറണാകുളത്ത് ഇവര്‍ ഒരു സ്ഥാപനം നടത്തിയിരുന്നു. ഇവിടെ യുവതിയെ ലഹരി നല്കി പീഡിപ്പിച്ച കേസില്‍ നാലാം പ്രതികൂടിയാണ് ഇവര്‍.
പ്രധാനമായും എറണാകുളത്തും കോഴിക്കോടും ഇവര്‍ ലഹരിവില്‍പ്പന നടത്തിയെന്നാണ് എക്സൈസ് പറയുന്നത്. തസ്ലീമയെ കൊട്ടാരക്കര സബ് ജയിലിലും ഫിറോസിനെ ആലപ്പുഴ സബ് ജയിലിലുമാണ് റിമാൻഡ് ചെയ്തത്. പിടികൂടിയ കഞ്ചാവിന്റെ സാന്പിളുകളും പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.