കെഐപി കനാലിൽ മാലിന്യം നിറഞ്ഞു; രോഗഭീഷണിയിൽ ജനം
1539301
Friday, April 4, 2025 12:02 AM IST
ചാരുംമൂട്: കനാലിലൂടെ ഒഴുകിയെത്തുന്ന മാലിന്യം നിറഞ്ഞ ജലം രോഗഭീഷണി ഉയർത്തുന്നു. സമയബന്ധിതമായി ശുചീകരണം നടത്താതെ കെഐപി കനാൽ തുറന്നുവിട്ടതാണ് മാലിന്യം നിറഞ്ഞ വെള്ളം ഒഴുകിയെത്താൻ കാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നു . വിവിധ പഞ്ചായത്ത് പ്രദേശങ്ങളിൽ ഒഴുകി എത്തുന്ന വെള്ളത്തിൽ മാംസാവശിഷ്ടങ്ങൾ ഉൾപ്പെടെയുള്ള മാലിന്യം നിറഞ്ഞതാണെന്ന് നാട്ടുകാർ പറയുന്നു.
കനാലിന്റെ സമീപമുള്ള വീടുകളിലെ കിണറുകളിൽ ഉറവയായി എത്തുന്ന വെള്ളം ഉപയോഗിക്കുന്നവർ രോഗഭീഷണി നേരിടുന്നതായും പരാതിയുണ്ട്. പലയിടത്തും നാപ്കിൻ ഉൾപ്പെടെയുള്ള മാലിന്യങ്ങളാണ് വെള്ളത്തിൽ കിടക്കുന്നത്. അറവുശാലകളിൽനിന്ന് കൊണ്ടുവരുന്ന മാംസാവശിഷ്ടങ്ങൾ, ശുചിമുറി മാലിന്യം ഇവയെല്ലാം കനാലുകളിൽ കുമിഞ്ഞുകൂടി ഒഴുകുന്ന അവസ്ഥയാണ്.
കിണറുകളിലെ വെള്ളത്തിനു ദുർഗന്ധവും നിറവ്യത്യാസവുമുണ്ടന്നും രാത്രിയിൽ കനാലുകളിൽ വൻ തോതിൽ മാലിന്യം തള്ളുന്നതായും നാട്ടുകാർ പറയുന്നു. ആദിക്കാട്ടുകുളങ്ങര, ചാരുംമൂട്, കാവുമ്പാട്, എരുമക്കുഴി, നൂറനാട്, പാറ ജംഗ്ഷൻ എന്നീ ഭാഗങ്ങളിലും കനാലുകളിൽ മാലിന്യം നിറഞ്ഞുകിടക്കുകയാണ്.
ഇതുമൂലം കനാലിലെ വെള്ളത്തിന്റെ ഒഴുക്കും മന്ദഗതിയിലാണ്. വർഷങ്ങളായി ശുചീകരണം ഇല്ലാതെയാണ് കനാലുകളിൽ വെള്ളം എത്തിക്കുന്നത്. നവംബർ, ഡിസംബർ മാസങ്ങളിൽ കനാലുകൾ ശുദ്ധീകരിക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കു നിർദേശം നൽകാറുണ്ടെങ്കിലും തൊഴിലുറപ്പ് പദ്ധതിയിലൂടെ സബ് കനാലുകളിൽ മാത്രമേ ശുചീകരണം നടക്കുന്നുള്ളൂ.
ജില്ലാ കളക്ടറുടെ സാന്നിധ്യത്തിൽ മുമ്പ് കെഐപി ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും എംഎൽഎയുടെയും നേതൃത്വത്തിൽ കനാൽ ശുചീകരണവുമായി ബന്ധപ്പെട്ട് യോഗം കൂടി അടിയന്തരമായി ശുചീകരണം നടത്തി കനാൽ തുറന്നുവിടുമെന്നായിരുന്നു തീരുമാനമെങ്കിലും ശുചീകരണം ഇല്ലാതെയാണ് കനാൽ തുറന്നുവിട്ടത്. ശുചീകരണം നടത്താതെ കനാലിലൂടെ വെള്ളം എത്തിക്കുന്ന നടപടിക്കെതിരേ വ്യാപകമായി പരാതി ഉയർന്നിരിക്കുകയാണ്. കൂടാതെ ജലസേചനവകുപ്പ് മന്ത്രിക്കും നാട്ടുകാർ ഇപ്പോൾ പരാതി നൽകിയിരിക്കുകയാണ്.