വനിതാ ജീവനക്കാരിയെ ആക്ഷേപിച്ച ഹെൽത്ത് ഇൻസ്പെക്ടർക്ക് സസ്പെൻഷൻ
1539303
Friday, April 4, 2025 12:02 AM IST
മാന്നാർ: ആരോഗ്യവകുപ്പ് ജീവനക്കാരിയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ സംഭവത്തിൽ ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടറെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു.
മാന്നാർ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലെ ജൂണിയർ പബ്ലിക് ഹെൽത്ത് നഴ്സിനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ജാതീയമായും വിശ്വാസപരമായും ആക്ഷേപിക്കുകയും അസഭ്യം പറയുകയും ചെയ്ത സംഭവത്തിൽ ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടർ ജി.എൽ. ശ്രീജിത്തി നെയാണ് ആലപ്പുഴ ജില്ലാ മെഡിക്കൽ ഓഫീസർ ജമുനാ വർഗീസ് സസ്പെൻഡ് ചെയ്തത്.
സംഭവത്തിൽ മാന്നാർ സാമൂഹിക ആരോഗ്യകേന്ദ്രം സൂപ്രണ്ട് ഡോ. ചിത്രാ സാബുവിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ജോലിക്കിടെ കഴിഞ്ഞദിവസമാണ് യുവതിയെ ശ്രീജിത്ത് ഫോണിൽ വിളിച്ച് അനാവശ്യങ്ങൾ പറയുകയും കൊന്നുകളയുമെന്ന് വധഭീഷണി മുഴക്കുകയും ജീവനക്കാരുടെ വാട്സ്ആപ്പ് ഗ്രൂപ്പ് വഴിയും അസഭ്യം പറയുകയും ഭീഷണി മുഴക്കുകയും ചെയ്തത്. ഈ സംഭവത്തിൽ ഇയാൾക്കെതിരേ യുവതി മാന്നാർ പോലീസിലും ആരോഗ്യവകുപ്പ് അധികാരികൾക്കും പരാതി നൽകിയിരുന്നു.
ഇതിനു മുൻപും പലതരത്തിലുള്ള പരാതികൾ ഇയാൾകെതിരേ അധികാരികൾക്ക് ലഭിക്കുകയും വകുപ്പ് തല നടപടികൾക്ക് വിധേയനാവുകയും ചെയ്തിട്ടുള്ളയാളാണ് സസ്പെൻഷനിലായ ശ്രീജിത്.