കൊയ്ത്തിനൊരുങ്ങിയ പാടശേഖരത്തിൽ യന്ത്രം ഇറക്കാൻ കഴിയാതെ കർഷകർ
1539634
Friday, April 4, 2025 11:51 PM IST
മാന്നാര്‍: നൂറുമേനി വിളഞ്ഞെങ്കിലും കൊയ്തെടുക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് കര്‍ഷകര്‍. അപ്പര്‍ കുട്ടനാടനന് മേഖലയില്‍ ഉള്‍പ്പെട്ട മാന്നാര്‍ കുരട്ടിശേരി പുഞ്ചയിലെ നാലുതോട് പാടശേഖരത്തില്‍ വിളവെടുപ്പിനു തയാറെടുത്തെങ്കിലും കൊയ്ത്ത് നടന്നില്ല. കൊയ്ത്ത് മെഷീന് പാടത്തേക്ക് ഇറക്കാന്‍ വഴിയില്ലാതെ പ്രതിസന്ധിയാലായിരിക്കുകയാണ് കര്‍ഷകര്‍. ഇഴഞ്ഞിഴഞ്ഞു നീങ്ങുന്ന മുക്കം - വാലേല്‍ ബണ്ടിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങളാണ് കര്‍ഷകരെ കഷ്ടത്തിലാക്കുന്നത്.
മക്കടിച്ച് ലെവല്‍ ചെയ്യുന്ന പ്രവൃത്തികള്‍ പൂര്‍ത്തിയാകാത്തതു മൂലം ഏറെ ദുര്‍ഘടമായ ബണ്ട്റോഡിലൂടെ സൈക്കിളില്‍ പോലും കര്‍ഷകര്‍ക്കു പോകാന്‍ കഴിയാത്ത അവസ്ഥയാണ്. കൂര്‍ത്ത കല്ലുകളും നിര്‍മാണത്തിന് ഉപയോഗിച്ച് ബാക്കിവന്ന വലിയ പാറകളും മൂലം ഈ റോഡിലൂടെ വലിയ വാഹനങ്ങള്‍ക്ക് എത്തിപ്പെടാന്‍ കഴിയാത്ത അവസ്ഥയാണ്. ഇത് കൊയ്ത്തുമെഷീന് എത്തിക്കുന്നതിനും നെല്ലു സംഭരണത്തിനും തടസമാകുമെന്ന ആശങ്കയാണ് കര്‍ഷകര്‍ക്കുളളത്.
നാലുതോട് പാടശേഖരത്തില്‍ വേനല്‍മഴ ശക്തമാകുന്നതിന് മുന്‍പ് കൊയ്ത്ത്മെഷീന് ഇറക്കുന്നതിനുള്ള വഴി തേടുകയാണ് നെല്‍ കര്‍ഷകര്‍. മുക്കം - വാലേല്‍ ബണ്ട്റോഡില്നിന്നു പാടത്തേക്കുള്ള റാമ്പിന്റെ നിര്‍മാണം പാതിവഴിയില്‍ നിലച്ചതോടെയാണ് കൊയ്ത്ത് മെഷീന് ഇറക്കാന്‍ കഴിയാത്ത അവസ്ഥയിലെത്തിയത്.
ബണ്ട്റോഡിലെ മീന്‍കുഴിവേലി കലുങ്കിന്റെ കിഴക്കു ഭാഗത്ത് ഒന്നും പടിഞ്ഞാറു ഭാഗത്തു നാലും ഉള്‍പ്പെടെ അഞ്ചു റാമ്പുകളാണ് നാലുതോട് പാടശേഖരത്തിലേക്കു നിര്‍മിച്ചിരിക്കുന്നത്. ഈ റാമ്പുകളുടെ കോണ്‍ക്രീറ്റിംഗ് ജോലികള്‍ കഴിഞ്ഞെങ്കിലും റോഡ്ലെവലില്നിന്നും ഏറെ ഉയരത്തിലാണ് റാമ്പിന്റെ കല്ക്കെട്ടുകളുള്ളത്. ഇവിടെ മണ്ണിട്ട് ഉയര്‍ത്തി റോഡും റാമ്പും ഒരേ ലെവലില്‍ എത്തിച്ച് കൊയ്ത്ത് മെഷീന് പാടത്തേക്ക് ഇറക്കുന്നതിനുള്ള സാഹചര്യം ഉണ്ടാകണമെന്നാണ് നെല്‍ കര്‍ഷകരുടെ ആവശ്യം.