കടല്‍ മണല്‍ ഖനനം: വി. ഡി. സതീശന് നയിക്കുന്ന തീരദേശ വാഹനജാഥയ്ക്ക് 27ന് ജില്ലയില്‍ സ്വീകരണം
1539309
Friday, April 4, 2025 12:03 AM IST
ആലപ്പുഴ: കടല്‍ മണല്‍ ഖനനം നടത്താന്‍ അനുമതി നല്കി തീരദേശ ജനതയെ വഞ്ചിച്ച കേന്ദ്രസര്‍ക്കാരിന്റെ തീരുമാനത്തിനും ഇതില്‍ നിസംഗത പാലിക്കുന്ന ഇടതുപക്ഷ സര്‍ക്കാരിനെതിരെയും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് നയിക്കുന്ന തീരദേശ വാഹനജാഥയ്ക്ക് 27ന് ജില്ലയില്‍ വമ്പിച്ച വരവേല്‍പ്പ് നല്കാന് ഡിസിസി പ്രസിഡന്റ് ബി. ബാബുപ്രസാദിന്റെ അധ്യക്ഷതയില്‍ കൂടിയ ഡിസിസി ജനറല്‍ ബോഡിയോഗം തീരുമാനിച്ചു. കടല്‍ മണല്‍ ഖനനം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് മേയ് 13, 14, 15 തീയതികളില്‍ കെപിസിസി പ്രസിഡന്റ് കെ. സുധാകരന് നയിക്കുന്ന തീരദേശ യാത്ര ജില്ലയില്‍ പര്യടനം നടത്തും. പദയാത്ര പരിപാടിയിലും പ്രതിപക്ഷ നേതാവിന്റെ വാഹന ജാഥയിലും പതിനായിരങ്ങള്‍ പങ്കെടുക്കും.
27ന് പ്രതിപക്ഷ നേതാവ് നയിക്കുന്ന തീരദേശ വാഹന ജാഥയോടനുബന്ധിച്ച് അര്‍ത്തുങ്കല്‍, തൃക്കുന്നപ്പുഴ എന്നിവിടങ്ങളില്‍ മഹാസമ്മേളനവും സംഘടിപ്പിക്കും. ഏറ്റവും വലിയ മത്സ്യ ലഭ്യതയുള്ള കൊല്ലം പരപ്പ് എന്നറിയപ്പെടുന്ന വര്‍ക്കല മുതല്‍ അമ്പലപ്പുഴ വരെയുള്ള കടല്‍ ഖനന മാഫിയയ്ക്ക് തീറെഴുതാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് തീരദേശ നിയോജക മണ്ഡലങ്ങളായ ഹരിപ്പാട്, അമ്പലപ്പുഴ, ആലപ്പുഴ, ചേര്‍ത്തല, അരൂര്‍ നിയോജകമണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് തീരദേശ സദസുകള്‍ സംഘടിപ്പിക്കും.
സമൂഹത്തിലെ വ്യത്യസ്ത മേഖലകളില്‍പ്പെട്ടവരെ തീര സദസില്‍ പങ്കെടുപ്പിക്കും. മഹാത്മാഗാന്ധി -ശ്രീനാരായണഗുരു കൂടിക്കാഴ്ചയുടെ നൂറാം വാര്‍ഷികം പ്രമാണിച്ച് ആലപ്പുഴ നഗരത്തില്‍ ഏപ്രില്‍ അവസാന വാരം പൊതുസമ്മേളനം സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു.