എസി റോഡിൽ അപകടം തുടർക്കഥ
1539633
Friday, April 4, 2025 11:51 PM IST
മങ്കൊമ്പ്: ആലപ്പുഴ-ചങ്ങനാശേരി റോഡിന്റെ അശാസ്ത്രീയമായ നിര്‍മാണജോലികള്‍ മൂലം അപകടങ്ങള്‍ തുടര്ക്കഥയാകുന്നുവെന്നു. പുതുതായി നിര്‍മിച്ച പാലങ്ങളിലാണ് അപകടങ്ങള്‍ പതിയിരിക്കുന്നത്. മങ്കൊമ്പ് തെക്കേക്കര ജംഗ്ഷനു സമീപത്തെ പാലത്തിലാണ് അടുത്തടുത്ത ദിവസങ്ങളില്‍ അപകടങ്ങള്‍ ആവര്‍ത്തിക്കുന്നത്.
കഴിഞ്ഞ ദിവസം പാലത്തിനു നടുവിലുള്ള ഡിവൈഡറിലിടിച്ചു ലോറി അപകടത്തില്‍പ്പെട്ടിരുന്നു. കഴിഞ്ഞ 18നും സമാനമായ രീതിയില്‍ ഇതേ ഡിവൈഡറില്‍ ലോറിയിടിച്ചുകയറി അകടമുണ്ടായിരുന്നു. മതിയായ വെളിച്ചവും, റിഫ്ളക്ടറുമില്ലാത്തതാണ് അപകടങ്ങള്ക്കിടയാകുന്നതെന്ന് അന്നുതന്നെ നാട്ടുകാര്‍ ആരോപിച്ചിരുന്നു.
ഇതു നാലാം തവണയാണ് ഇതേ സ്ഥലത്ത് ഭാരവാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നത്. രാത്രിയില്‍ ഡ്രൈവര്‍മാര്‍ക്ക് വ്യക്തമായി ഫ്ളൈഓവറും, സര്‍വീസ് റോഡും തമ്മില്‍ വ്യക്തമായി വേര്‍തിരിച്ചു കാണാനാകാത്തതാണ് അപകടത്തിനു കാരണമാകുന്നത്. ഒരു ചാറ്റല്മഴകൂടി പെയ്താല്‍ ഈ റോഡില്‍ പരിചയമില്ലാത്തവരാണ് വാഹനം ഓടിക്കുന്നതെങ്കില്‍ അപകടം ഉറപ്പാണ് എന്ന സ്ഥിതിയാണ്.
റോഡിന്റെ നിര്‍മാണം ആരംഭിച്ച കാലംമുതല്‍ ഈ റോഡ് നിര്‍മാണത്തിനെതിരേ ജനരോഷം ഇരമ്പിയിരുന്നു. കുട്ടനാടിന് അനുയോജ്യമല്ലാത്ത റോഡ് നിര്‍മാണരീതിയാണ് ഇവിടെ അവലംബിച്ചതെന്ന പരാതിയുണ്ട്. റോഡ് നിര്‍മാണം ഏകദേശം പൂര്‍ത്തിയായിരിക്കുമ്പോള്‍ റോഡിന്റെ വശങ്ങളില് പാര്‍ക്കിംഗ് സൗകര്യങ്ങള്‍ ഇല്ലാത്തതും പരാതിക്കും, അപകടങ്ങള്‍ക്കും ഇടയാക്കുന്നുണ്ട്. അനധികൃത പാര്‍ക്കിംഗ് മുലവും അപടങ്ങള്‍ ഉണ്ടാകുന്നുണ്ട്.
റോഡിന് ഒരുവശത്ത് എസി കനാലുണ്ടെന്നിരിക്കേ ഈ ഭാഗത്തു ഓട നിര്‍മിച്ചതിലും നാട്ടുകാര്‍ക്ക് അതൃപ്തിയുണ്ട്. ഇരുവശങ്ങളിലും റോഡിനേക്കാള്‍ ഉയരത്തില്‍ നടപ്പാതയും ഓടയും നിര്‍മിച്ചിരിക്കുന്നതിനാല്‍ മഴവെള്ളം ഒഴുകിപ്പോകാന്‍ തടസമാകുന്നുണ്ട്. റോഡില്‍ വെള്ളം കെട്ടിക്കിടക്കുന്നത് ഇരുചക്രവാഹനങ്ങള്‍ക്കു അപകടം സൃഷ്ടിക്കുന്നു. നെടുമുടി, കിടങ്ങറ പാലങ്ങളുടെ പണി ഏകദേശം പൂര്‍ത്തിയായെങ്കിലും മാസങ്ങളായി പാലങ്ങള്‍ ടാര്‍ ചെയ്യാത്തത് ചെറുവാഹനങ്ങള്‍ അപകടത്തില്‍പ്പെടാനും കാരണമാകുന്നു.
പുതുതായി നിര്‍മിച്ച ഫ്ളൈ ഓവറുകളില്‍ ചിലതില്‍ ടാറിംഗ് പൂര്‍ത്തിയാക്കാത്തതും ചെറുവാഹനങ്ങള്‍ക്ക് ഭീഷണിയാവുന്നുണ്ട്.
കുട്ടനാട് താലൂക്ക് വികസന സമിതി യോഗത്തില്‍ പാലങ്ങളുടേയും ഫ്ളൈ ഓവറുകളുടേയും ടാറിംഗ് പൂര്‍ത്തിയാക്കണമെന്ന ആവശ്യം പലവട്ടം ആവര്‍ത്തിച്ചിട്ടുണ്ടെങ്കിലും നടപടിയുണ്ടാകുന്നില്ല. റോഡിന്റെ വശങ്ങളില് നിര്‍മിച്ചിരിക്കുന്ന നടപ്പാതകള്‍ വഴിയോരക്കച്ചവടക്കാര്‍ കയ്യടക്കിയിരിക്കുന്നതിനാല്‍ കാല്‍നടക്കാര്‍ റോഡിലിറങ്ങി നടക്കേണ്ടതും അപകടത്തിനിടയാക്കുന്നു. പ്രളയത്തെ അതിജീവിക്കാന്‍ നിര്‍മിച്ച റോഡിന്റെ പലഭാഗങ്ങളിലും വെള്ളം കയറുന്നതും പരാതിക്കിടയാക്കുന്നു.