ജില്ലയിലെ ആദ്യ എബിസി സെന്ററില്‍ ആദ്യദിനം 10 ശസ്ത്രക്രിയകള്‍
1539310
Friday, April 4, 2025 12:03 AM IST
ആലപ്പുഴ: ജില്ലയിലെ തെരുവുനായ ശല്യത്തിന് ശാശ്വതപരിഹാരം കാണുന്നതിനും തെരുവുനായ്ക്കളുടെ വന്ധ്യംകരണം ഉള്‍പ്പെടെയുള്ള പ്രതിരോധ നടപടികള്‍ക്കുമായി ആലപ്പുഴ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ കണിച്ചുകുളങ്ങരയില്‍ ആരംഭിച്ച അനിമല്‍ ബര്‍ത്ത് കണ്ട്രോള് (എബിസി) സെന്ററില്‍ ശസ്ത്രക്രിയകള്‍ക്കു തുടക്കമായി.
കടക്കരപ്പള്ളി പഞ്ചായത്തില്‍നിന്ന് പിടിച്ച പത്തു നായ്ക്കളെയാണ് ആദ്യദിവസം ശസ്ത്രക്രിയ ചെയ്തത്. വെറ്ററിനറി സര്ജന് ഡോ. പി.എസ്. ശ്രീജയുടെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടത്തിയത്. ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. പി.വി. അരുണോദയ, സെന്ററിന്റെ ചുമതലയുള്ള സീനിയര്‍ വെറ്ററിനറി സര്ജന് ഡോ. കെ. വൈ. സണ്ണി എന്നിവര്‍ ശസ്ത്രക്രിയാ നടപടികള്‍ വിലയിരുത്തി.
ശസ്ത്രക്രിയ പ്രവര്‍ത്തനങ്ങളുടെ സഹായത്തിനായി ഒരു ലൈവ് സ്റ്റോക്ക് ഇന്‍സ്പെക്ടര്‍, നാല് മൃഗപരിപാലകര്‍, ഒരു തിയറ്റര്‍ സഹായി, ഒരു ശുചീകരണ തൊഴിലാളി, നായപിടുത്ത സംഘ അംഗങ്ങള്‍ എന്നിവരും ഉണ്ടായിരുന്നു. ശസ്ത്രക്രിയക്കുശേഷം സെന്ററിലെ കൂടുകളിലേക്ക് മാറ്റുന്ന ആണ് നായ്ക്കളെ നാലു ദിവസവും പെണ്‍നായ്ക്കളെ അഞ്ചു ദിവസവും നിരീക്ഷണത്തില്‍ പാര്‍പ്പിച്ചതിനു ശേഷം കൊണ്ടുവന്ന സ്ഥലത്തുതന്നെ തിരിച്ചെത്തിക്കും.
ഇവയെ തിരിച്ചറിയാനായി നായ്ക്കളുടെ ചെവിയില്‍ അടയാളവും പതിപ്പിക്കും. പകര്‍ച്ചവ്യാധിയുള്ള നായ്ക്കളെ ചികിത്സ നടത്തി മാത്രമേ തിരിച്ചുവിടൂ. ആന്റിബയോട്ടിക് ചികിത്സയും പേവിഷബാധയ്ക്ക് എതിരെയുള്ള കുത്തിവയ്പ്പും നല്‍കും. ഇവയ്ക്കുള്ള ഭക്ഷണവും സെന്ററില്‍നിന്ന് തന്നെയാണ് നല്‍കുക. ശസ്ത്രക്രിയ നടത്തിയ നായകളുടെ പരിചരണത്തിനായി രാത്രികാലങ്ങളില്‍ ഒരു മൃഗപരിപാലകന്റെ സേവനവും സെന്ററില്‍ ഉണ്ടാകും. കേന്ദ്ര മൃഗക്ഷേമ ബോര്‍ഡിന്റെ ആക്ഷന്‍ പ്ലാന്‍ അനുസരിച്ചാണ് പ്രവര്‍ത്തനം. ഓരോ ദിവസവും രാവിലെയും വൈകിട്ടുമായി പത്തു നായ്ക്കളെ വീതം വന്ധ്യംകരിക്കുവാനാണ് നിലവില്‍ പദ്ധതി ഉള്ളത്.
ജില്ലാ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 38,24,000 രൂപ ചെലവഴിച്ച് അത്യാധുനിക സൗകര്യങ്ങളോടെ നിര്‍മിച്ച എബിസി സെന്റര്‍ കഴിഞ്ഞ ദിവസം മന്ത്രി ജെ.ചിഞ്ചു റാണിയാണ് ഉദ്ഘാടനം ചെയ്തത്. 840 ചതുരശ്ര അടി വിസ്തീര്‍ണമുള്ള പ്രധാന കെട്ടിടം, അനുബന്ധ സൗകര്യങ്ങള്‍ക്ക് നിര്‍മിച്ചിരിക്കുന്ന ഷെഡുകള്‍, 50 നായ്ക്കളെ പാര്‍പ്പിക്കാനുള്ള കൂടുകള്‍ എന്നിവ ഉള്‍പ്പെടെയാണ് സെന്റര്‍ ഒരുക്കിയിട്ടുള്ളത്.
മാരാരിക്കുളം വടക്ക് പഞ്ചായത്തിലെ കണിച്ചുകുളങ്ങര മൃഗാശുപത്രിക്കു സമീപമാണ് സെന്റര്‍. കഞ്ഞിക്കുഴി ബ്ലോക്കിനാണ് നിര്‍വഹണ ചുമതല. കഞ്ഞിക്കുഴി, ആര്യാട് ബ്ലോക്ക് പഞ്ചായത്തുകളിലെയും ചേര്‍ത്തല നഗരസഭയിലെയും തെരുവുനായ്ക്കളെയാണ് സെന്ററില്‍ വന്ധ്യംകരിക്കുന്നത്.