യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവിലായിരുന്ന ഒന്നാം പ്രതി അറസ്റ്റിൽ
1539628
Friday, April 4, 2025 11:51 PM IST
കായംകുളം: ചേരാവള്ളിയിൽ ഗൃഹപ്രവേശച്ചടങ്ങിലെ സൽക്കാരത്തിനിടെ ഉണ്ടായ തർക്കത്തെത്തുടർന്ന് യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവിലായിരുന്ന ഒന്നാം പ്രതി അറസ്റ്റിൽ. കൃഷ്ണപുരം കാപ്പിൽ സ്വദേശിയായ വിഷണുവിനെ വടിവാൾ ഉപയോഗിച്ച് വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ ഒന്നാം പ്രതിയായ കായംകുളം ചേരാവള്ളി ആശാന്റെ തറയിൽ വീട്ടിൽ രാഹുലി (27) നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ സെപ്റ്റംബർ ഒമ്പതിനു രാത്രി 11ന് ചേരാവള്ളിയിലുള്ള സൂര്യനാരായണന്റെ കൊല്ലകയിൽ വീടിന്റെ ഗൃഹപ്രവേശനച്ചടങ്ങിന്റെ സൽക്കാരത്തിനിടെയാണ് സംഭവം. കൃത്യത്തിനു ശേഷം ഒന്നാം പ്രതിയായ രാഹുലും രണ്ടാം പ്രതിയായ അദിനാനും ഒളിവിൽപ്പോകുകയായിരുന്നു. കുപ്രസിദ്ധ ഗുണ്ടയും രണ്ടാം പ്രതിയുമായ അദിനാനെ കാപ്പാ ചുമത്തി തടങ്കലിൽ പാർപ്പിച്ചുവരികയാണ്. ഒന്നാം പ്രതിയായ രാഹുൽ ബംഗളൂരുവിലും മറ്റും ഒളിവിൽ താമസിച്ചുവരികയായിരുന്നു.
ഇയാൾ ചേരാവള്ളിയിലെത്തിയിട്ടുണ്ടന്നു വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നടത്തിയ തെരച്ചിലിലാണ് ഇയാൾ പിടിയിലായത്. കായംകുളം ഡിവൈഎസ്പി ബാബുക്കുട്ടന്റെ മേൽനോട്ടത്തിൽ സിഐ അരുൺ ഷാ, എസ്ഐ രതീഷ് ബാബു, എഎസ്ഐ സജീവ് കുമാർ, പോലീസുകാരായ പ്രദീപ്, ഷാൻ, ബിനു എന്നിവരടങ്ങിയ സംഘമാണ് രാഹുലിനെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.