ദുഃഖവെള്ളി പ്രവൃത്തിദിനമാക്കാനുള്ള നീക്കം വിശ്വാസീസമൂഹത്തോടുള്ള വെല്ലുവിളി: കൊടിക്കുന്നിൽ സുരേഷ്
1539637
Friday, April 4, 2025 11:51 PM IST
മാവേലിക്കര: ദുഃഖവെള്ളിദിനത്തെ പ്രവൃത്തിദിനമാക്കി മാറ്റാനുള്ള കേന്ദ്രസർക്കാരിന്റെ നീക്കം ക്രിസ്ത്യൻ വിശ്വാസീസമൂഹത്തോടുള്ള വെല്ലുവിളിയാണെന്ന് എഐസിസി പ്രവർത്തകസമിതി അംഗം കൊടിക്കുന്നിൽ സുരേഷ് എംപി കുറ്റപ്പെടുത്തി. വിശ്വാസികളുടെ മതവിശ്വാസങ്ങളെയും ആത്മീയപരമായ ദൗത്യങ്ങളെയും അവഗണിച്ചുകൊണ്ടുള്ള കേന്ദ്രസർക്കാരിന്റെ തീരുമാനത്തിൽ ശക്തമായ വിയോജിപ്പും പ്രതിഷേധവും അദ്ദേഹം രേഖപ്പെടുത്തി.
ക്രിസ്തുവിന്റെ ക്രൂശിത ഓർമയ്ക്കായുള്ള ദുഃഖവെള്ളി, ലോകമെമ്പാടുമുള്ള ക്രൈസ്തവർക്കും ഇന്ത്യയിലെ വിശ്വാസികൾക്കും ഏറ്റവും പ്രാധാന്യമുള്ള ആത്മീയ ദിവസങ്ങളിലൊന്നാണ്. ഈ ദിവസത്തിൽ കർമമുക്തിയിലൂടെ പ്രാർഥനയിലും ആരാധനയിലും ലയിക്കാനുള്ള ആചാരപരമ്പരകളെ അപമാനിക്കുന്ന തരത്തിൽ തീരുമാനമെടുക്കുന്നത് ക്രൈസ്തവ സമൂഹത്തിന്റെ വികാരങ്ങളോടു പുറംതിരിഞ്ഞുനിൽക്കുന്ന സംവേദനശൂനതയാണ്. തീരുമാനം ഇന്ത്യയുടെ മതേതരപരമായ പാരമ്പര്യത്തിനും വിവിധ മതവിശ്വാസങ്ങൾക്കും സർക്കാരിന്റെ അനാദരവായ സമീപനത്തിന്റെ തുടർച്ചയാണെന്നും എംപി ചൂണ്ടിക്കാട്ടി.
മണിപ്പുരിൽ ക്രൈസ്തവ ദേവാലയങ്ങൾ നശിപ്പിക്കപ്പെട്ടതും സ്ത്രീകൾക്കു നേരേ അക്രമം നടന്നതുമെല്ലാം കേന്ദ്ര സർക്കാരിന്റെ മതപരമായ പക്ഷം പിടിക്കലിന്റെ തെളിവുകളാണെന്നും അദ്ദേഹം പറഞ്ഞു. ജബൽപുരിലും മറ്റു സ്ഥലങ്ങളിലും ക്രൈസ്തവ ആരാധനാലയങ്ങൾക്കെതിരായ ആക്രമണങ്ങൾ പതിവായിത്തീർന്ന സാഹചര്യത്തിൽ, ദുഃഖവെള്ളി ദിനത്തിൽ സർക്കാരിന്റെ ഇത്തരം നടപടികൾ വലിയ ആശങ്കയ്ക്കും നിരാശയ്ക്കും വഴിവയ്ക്കുന്നതാണ്.
മതസ്വാതന്ത്ര്യത്തെ സംരക്ഷിക്കുന്നതും മതവിശ്വാസികൾക്ക് അവരുടെ ആചാരങ്ങൾ അനുസരിച്ചു ജീവിക്കാനുള്ള അവകാശം ഉറപ്പുവരുത്തുന്നതുമാണ് ഭരണഘടനയുടെ ആത്മാവെന്ന് പറഞ്ഞ കൊടിക്കുന്നിൽ സുരേഷ് എംപി, ജനാധിപത്യരാജ്യമായ ഇന്ത്യയിൽ ഇത്തരം മതദ്രോഹപരമായ നടപടികൾക്ക് ജനങ്ങൾ ശക്തമായി മറുപടി പറയുമെന്നും ദുഃഖവെള്ളി ദിനത്തെ പ്രവൃത്തി ദിനമാക്കാനുള്ള കേന്ദ്ര സർക്കാരിന്റെ തീരുമാനം ഉടൻ പിന്വലിക്കണമെന്നും കൊടിക്കുന്നിൽ ആവശ്യപ്പെട്ടു