പഞ്ചായത്ത് ഓഫീസിനു മുന്പില് ധര്‍ണയുമായി യുഡിഎഫ്
1539632
Friday, April 4, 2025 11:51 PM IST
എടത്വ: ഗാന്ധിജിയുടെ ഗ്രാമസ്വരാജ് എന്ന സ്വപ്നം സാക്ഷാത്കരിക്കുവാനും, 73, 74, ഭരണഘടന ഭേദഗതിയിലൂടെ രാജ്യത്തെ ത്രിതല പഞ്ചായത്തുകള്‍ക്ക് വികസനഫണ്ട് 30 % മുതല്‍ 40 % വരെ ഭരണഘടന അനുസൃതമായി നീക്കിവച്ചിട്ടുള്ളത് ത്രിതല പഞ്ചായത്തുകള്‍ക്ക് നല്‍കുകയും ഗവണ്മെന്റ് ഗ്രാന്‍ഡുകള്‍ മറ്റു പ്രാദേശിക വികസനഫണ്ടുകളും വെട്ടിച്ചുരുക്കി തദ്ദേശ ഗവണ്മെന്റുകളെ നോക്കുകുത്തികളാക്കുന്ന ഇടതുപക്ഷ ഗവണ്മെന്റിന്റെ ജനവിരുദ്ധ, വികസനവിരുദ്ധ നയങ്ങള്‍ക്കെതിരേയും ആശാവര്‍ക്കര്‍മാരോടുള്ള ഗവണ്മെന്റിന്റെ നിഷേധ നിലപാട്, കുട്ടനാട്ടിലെ നെല്‍ക്കര്‍ഷകരോടുള്ള കിഴിവ് കൊള്ള എന്നിവയ്ക്കെതിരേ സംസ്ഥാന യുഡിഎഫ് കമ്മിറ്റിയുടെ ആഹ്വാനപ്രകാരം എടത്വ, തലവടി ഗ്രാമപഞ്ചായത്ത് ഓഫീസുകളുടെ പടിക്കല്‍ സമരം നടത്തി.
എടത്വ യുഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന ധര്‍ണ സമരം കേരള കോണ്‍ഗ്രസ് ജോസഫ് ജില്ലാ പ്രസിഡന്റ് അഡ്വ. ജേക്കബ് എബ്രഹാം ഉദ്ഘാടനം ചെയ്തു. യുഡിഎഫ് മണ്ഡലം ചെയര്മാന് ആന്റണി തോമസ് കണ്ണംകുളം അധ്യക്ഷത വഹിച്ചു. ഡിസിസി വൈസ് പ്രസിഡന്റ് ടിജിന് ജോസഫ് മുഖ്യപ്രഭാഷണം നടത്തി. ഡിസിസി ജനറല്‍ സെക്രട്ടറി ജെ.ടി. റാംസെ, മണ്ഡലം കണ്‍വീനര്‍ ബാബു സേവ്യര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
തലവടി: തലവടി ഗ്രാമ പഞ്ചായത്തു പടിക്കല്‍ യുഡിഎഫ് തലവടി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ നടന്ന ധര്‍ണ കേരള കോണ്‍ഗ്രസ് ജേക്കബ് സംസ്ഥാന വൈസ് ചെയര്മാന് ബാബു വലിയവീടന്‍ ഉദ്ഘാടനം ചെയ്തു. യുഡിഎഫ് മണ്ഡലം ചെയര്മാന് ബിജു പാലത്തിങ്കല്‍ അധ്യക്ഷത വഹിച്ചു. കേരള കോണ്‍ഗ്രസ് ഉന്നതാധികാര സമിതി അംഗം പ്രകാശ് പനവേലി മുഖ്യപ്രഭാഷണം നടത്തി.
മുന്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ വർഗീസ് വർഗീസ് നാല്‍പ്പത്തഞ്ചില്‍, സുഷമ സുധാകരന്, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റുമാരായ ജോയി ചക്കനാട്ട്, വർഗീസ് കോലത്തുപറമ്പില്‍, യുഡിഎഫ് കണ്‍വീനര്‍ കെ.പി. കുഞ്ഞുമോന്, പഞ്ചായത്ത് മെമ്പര്‍ന്മാരായ എല്‍സി പ്രകാശ് പനവേലി, പ്രിയ അരുണ്‍, സുജാ സ്റ്റീഫന്‍, കര്‍ഷക കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് മാത്തുകുട്ടി തെങ്ങുംപള്ളിപ്പറമ്പില്, വനിതാ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് അന്നമ്മ സാമുവല്‍ ഏഴരയില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.