യുവാവിന്റെ മരണം ആത്മഹത്യയല്ലെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്
1539311
Friday, April 4, 2025 12:03 AM IST
അമ്പലപ്പുഴ: പുന്നപ്രയിൽ ബാങ്ക് അധികൃതർ ജപ്തി ചെയ്ത വീടിനുസമീപം യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ആത്മഹത്യയല്ലെന്ന് പോസ്റ്റ്മോർട്ടത്തിൽ വ്യക്തമാകുന്നതായി പോലീസ്. സ്വാഭാവിക മരണമാണെന്നും ആന്തരികാവയവങ്ങൾ രാസപരിശോധനയ്ക്കയച്ചതായും പോലീസ് പറഞ്ഞു.
പുന്നപ്ര പറവൂർ വട്ടത്തറയിൽ അനിലന്റെ മകൻ വി.എ. പ്രഭുലാലിനെ(38)യാണ് ജപ്തിചെയ്ത വീടിനു സമീപത്തെ ഷെഡിൽ കഴിഞ്ഞദിവസം മരിച്ചനിലയിൽ കണ്ടത്. വീടുവയ്ക്കുന്നതിനായി എടുത്ത വായ്പയുടെ തിരിച്ചടവ് മുടങ്ങിയതിനെത്തുടർന്ന് ഇദ്ദേഹത്തിന്റെ വീട് കഴിഞ്ഞമാസം 24ന് സഹകരണബാങ്ക് അധികൃതർ ജപ്തി ചെയ്തിരുന്നു. ഇതിനുശേഷം പ്രഭുലാൽ കടുത്ത മനോവിഷമത്തിലായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു.
ചട്ടങ്ങൾ പാലിക്കാതെയാണ് ബാങ്ക് അധികൃതർ ജപ്തി നടപടികൾ സ്വീകരിച്ചതെന്നും ഇതിനെതിരേ മുഖ്യമന്ത്രിക്കും ബാങ്കിന്റെ റീജണൽ ഓഫിസർക്കും പോലീസിലും പരാതി നൽകുമെന്നും അവർ അറിയിച്ചു. ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ജപ്തിചെയ്ത വീട്ടുവളപ്പിൽ സംസ്കരിച്ചു.
ബാങ്ക് അധികൃതർ പൂട്ടിയ വീട് പ്രഭുലാലിന്റെ മരണശേഷം ബന്ധുക്കളടക്കമുള്ളവർ ചേർന്ന് പൂട്ടുപൊളിച്ച് അകത്തുകയറിയിരുന്നു.