നെടുമ്പ്രക്കാട്-വിളക്കുമരം പാലം നിര്‍മാണം പൂര്‍ത്തിയായി; ഉദ്ഘാടനം ഉടന്‍
1532033
Tuesday, March 11, 2025 11:56 PM IST
ആലപ്പുഴ: അരൂര്‍ മണ്ഡലത്തിലെ ചേന്നംപള്ളിപ്പുറം ഗ്രാമപഞ്ചായത്തിനെയും ചേര്‍ത്തല നഗരസഭയെയും ബന്ധിപ്പിക്കുന്ന നെടുമ്പ്രക്കാട്- വിളക്കുമരം പാലം യാഥാര്‍ഥ്യമാവുന്നു. പാലത്തിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നൂറു ശതമാനവും പൂര്‍ത്തിയായി. സമീപന റോഡുകളുടെ നിര്‍മാണവും അതിവേഗം പൂര്‍ത്തിയാക്കി പാലം ഉടന്‍ നാടിനു സമര്‍പ്പിക്കും.
ചേര്‍ത്തലയിലെ നെടുമ്പ്രക്കാട്-പള്ളിപ്പുറത്തെ വിളക്കുമരം എന്നീ പ്രദേശങ്ങള്‍ക്ക് ഇടയിലുള്ള പരപ്പേല്‍ തുരുത്തുമായി ബന്ധിപ്പിച്ച് വയലാര്‍ കായലിനു കുറുകെയാണ് പാലം നിര്‍മിച്ചിട്ടുള്ളത്. 191മീറ്റര്‍ നീളവും 11 മീറ്റര്‍ വീതിയുമുള്ള പാലത്തിന് വിളക്കുമരം ഭാഗത്ത് 113 മീറ്റര്‍ നീളത്തിലും നെടുമ്പ്രക്കാട് ഭാഗത്ത് 128.5 മീറ്റര്‍ നീളത്തിലുമാണ് സമീപന റോഡുകള്‍. നിലവില്‍ 85 ശതമാനം നിര്‍മാണം പൂര്‍ത്തിയാക്കിയ സമീപന റോഡുകളുടെ ടാറിംഗിനു മുന്നോടിയായ പ്രവൃത്തികളാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്.
കിഫ്ബിയില്‍ ഉള്‍പ്പെടുത്തി 21.22 കോടി രൂപ ചെലവഴിച്ച് നിര്‍മിക്കുന്ന പാലം സഞ്ചാരയോഗ്യമാകുന്നതോടെ ചേര്‍ത്തല-അരൂക്കുറ്റി റോഡില്‍ ചെങ്ങണ്ട പാലത്തിനു സമാന്തരമായി പുതിയ വഴിതുറക്കപ്പെടും. അതോടൊപ്പം പള്ളിപ്പുറം ഇന്‍ഫോപാര്‍ക്ക്, സീഫുഡ് പാര്‍ക്ക് ഉള്‍പ്പെടെയുള്ള പ്രദേശത്തെ പ്രധാന വ്യവസായ കേന്ദ്രങ്ങളിലേക്ക് ചേര്‍ത്തലയില്‍നിന്ന് എളുപ്പത്തില്‍ എത്തിച്ചേരുന്നതിനും അതിവേഗ ചരക്ക് നീക്കത്തിനും സാധിക്കും. ദേശീയപാത നിര്‍മാണം മൂലമുള്ള ഗതാഗതക്കുരുക്കിനും പുതിയ പാലം പരിഹാരമാകും.