നായയുടെ കടിയേറ്റ് വീട്ടമ്മയ്ക്കു പരിക്ക്; അയൽവാസിക്കെതിരേ പരാതി
1531750
Tuesday, March 11, 2025 12:04 AM IST
മാന്നാർ: വളർത്തുനായയുടെ കടിയേറ്റ് വീട്ടമ്മയ്ക്കു പരിക്കേറ്റതിനെത്തുടർന്ന് അയൽവാസിയായ സ്ത്രീക്കെതിരേ പോലീസിൽ പരാതി. മാന്നാർ കുട്ടംപേരൂർ മെച്ചാട്ടു വടക്കേതിൽ സുഭാഷിന്റെ ഭാര്യ ഷൈമ സുഭാഷി (50) നാണ് നായയുടെ കടിയേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് അയൽവാസിയായ സ്ത്രീയുടെ പേരിൽ മാന്നാർ പോലീസിൽ പരാതി നൽകി.
കഴിഞ്ഞദിവസം ഉച്ചയ്ക്ക് മൂന്നോടെ ചെറുമകന്റെ ജന്മദിനാഘോഷത്തിനായി മകളുടെ വീട്ടിലേക്കു പോകുമ്പോഴാണ് ഷൈമയ്ക്ക് കടിയേറ്റത്. വലതുകൈയിൽ ആഴത്തിൽ മുറിവേറ്റ ഷൈമ മാവേലിക്കര ഗവ. ആശുപത്രിയിൽ ചികിത്സതേടി. അക്രമവാസനയുള്ള നായയെ കെട്ടിയിടുകയോ പൂട്ടിയിടുകയോ ചെയ്യാത്തതിനെത്തുടർന്ന് മുൻപ് ഷൈമ പഞ്ചായത്തിലും മാന്നാർ പോലീസിലും പരാതി നൽകിയിരുന്നു. ഇതിനെത്തുടർന്ന് നായയ്ക്ക് ലൈസൻസ് എടുക്കണമെന്നും കെട്ടിയിട്ടുവളർത്തണമെന്നും നിർദേശം കൊടുത്തിരുന്നു. എന്നാൽ, ഇതുവരെ ഈ നിർദേശങ്ങൾ പാലിച്ചിട്ടില്ല.
ഇതിന്റെ പേരിൽ നിരന്തരം അസഭ്യം പറയുകയും വഴക്കുണ്ടാക്കുകയും ചെയ്യുന്നതായും പരാതിയുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് മനുഷ്യാവകാശ കമ്മീഷനും പരാതി കൊടുക്കാൻ ഒരുങ്ങുകയാണ് ഷൈമ സുഭാഷ്.