72കാരിയായ അംബുജം ജീവിതം തഴയില്‍ നെയ്തെടുക്കുന്നതിന്റെ സംതൃപ്തിയിൽ
1531177
Sunday, March 9, 2025 3:02 AM IST
അന്പലപ്പുഴ: എഴുപത്തിരണ്ടുകാരിയായ അംബുജം ജീവിതം തഴയില്‍ നെയ്തെടുക്കുന്നതിന്റെ സംതൃപ്തിയിലാണ്. പാരമ്പര്യം നിലനിര്‍ത്താന്‍ ആരും മുന്നിട്ടിറങ്ങുന്നില്ലെന്ന പരിഭവവും വനിതാദിനത്തില്‍ അംബുജത്തിനുണ്ട്. അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് മൂന്നാം വാര്‍ഡില്‍ കട്ടക്കുഴി കറുകപ്പറമ്പില്‍ അംബുജവും അയല്‍വാസികളും സുഹൃത്തുക്കളുമായ സുഭദ്ര, ചെല്ലമ്മ, ഓമന, ആനന്ദല്ലി എന്നിവരോടൊപ്പം കാലം കൈവിട്ട തഴപ്പായയില്‍ ഇവര്‍ ജീവിതം ഇഴചേര്‍ക്കുകയാണ്.
പിറന്നത് കുട്ടനാടിന്റെ മണമുള്ള മാപ്പിളശേരി തുണ്ടുപറമ്പിലായിരുന്നു. അന്നത്തെ ജീവിതപ്രാരാബ്ധം തള്ളിനീക്കുകയെന്നതായിരുന്നു പഠനകാര്യത്തില്‍ ഏറ്റവും വലുത്. അങ്ങനെ വന്ന തിരിച്ചറിവ് കൈതോലകളില്‍ തഴപ്പൊളികള്കൊണ്ട് ജീവിതത്തിലേക്കുള്ള അക്ഷരങ്ങള്‍ കുറിച്ചു. അമ്മ പെണ്ണമ്മയാണ് അംബുജത്തിന്റെ കൈപിടിച്ച് തഴപ്പൊളികള്‍ കോര്‍ത്തിണക്കി ജീവിതത്തിലേക്കുള്ള വെളിച്ചം പകര്‍ന്നത്.
കോതിയെടുക്കുന്ന കൈതോലകളിലെ മുള്ളുകള്‍ ചെത്തിനീക്കി തഴകള്‍ പത്യേക വൃത്താകൃതിയിലാണ് മെടഞ്ഞെടുക്കുന്നത്. രണ്ടാഴ്ചയോളം നല്ല വെയിലത്ത് ഉണക്കിയെടുക്കുന്ന മെനഞ്ഞെടുത്ത തഴ ഒരേ വലിപ്പത്തില്‍ പ്രത്യേകം കീറി അടുക്കിക്കെട്ടിയാണ് പായ നെയ്തെടുക്കുന്നത്. കിടക്കപ്പായയ്ക്ക് പുറമേ, നെല്ലുണക്കുന്ന ചിക്കുപായയും വിത്ത് കിളിര്പ്പിക്കാനും മറ്റ് സാധനങ്ങള്‍ മാര്‍ക്കറ്റുകളില്‍ നിന്നും കൊണ്ടുവരുന്ന വട്ടിയും കുട്ടികളെ കിടത്തുന്ന ചെറിയ പായകളും ശര്ക്കരവല്ലങ്ങളും മറ്റും ഉണ്ടാക്കിയിരുന്നു.
അതിനെല്ലാം ആവശ്യക്കാര്‍ ഏറെയായിരുന്നു. എന്നാല്‍ തഴക്കൈതകളുടെ വംശനാശവും ഈ രംഗത്തേക്ക് പുതിയ തലമുറകള്‍ക്ക് താത്പര്യം ഇല്ലാതെ വന്നതും പാരമ്പര്യ ഉത്പന്നങ്ങള്‍ ഇല്ലാതെവന്നു. കൂടാതെ ഇതേ രംഗത്ത് പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ക്ക് പ്രാധാന്യം നല്കിയതും ഒരു പ്രധാന ഘടകം തന്നെയാണ്. പാരമ്പരാഗത വസ്തുക്കള്‍ വിപണിയില്‍ സജീവമാക്കാന്‍ സർക്കാർ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല.