ഗര്‍ഡറുകള്‍ തകര്‍ന്ന സ്ഥലം കെ.സി. വേണുഗോപാല്‍ എംപി സന്ദര്‍ശിച്ചു
1531423
Sunday, March 9, 2025 11:43 PM IST
ആലപ്പുഴ: നിര്‍മാണത്തിലിരുന്ന ഉയരപ്പാതയുടെ ഗര്‍ഡറുകള്‍ തകര്‍ന്ന സ്ഥലം കെ.സി. വേണുഗോപാല്‍ എംപി സന്ദര്‍ശിച്ചു. സമഗ്ര അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പാര്‍ലമെന്റ് പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി ഉപരിതല ഗതാഗതമന്ത്രാലയത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കെ.സി. വേണുഗോപാല്‍ എംപി വ്യക്തമാക്കി. അപകട കാരണം വ്യക്തമാക്കിയിട്ടേ തുടര്‍നിര്‍മാണ പ്രവൃത്തികള്‍ ആരംഭിക്കാവൂവെന്ന് നിര്‍ദേശം നല്‍കിയതായും അദ്ദേഹം പറഞ്ഞു.
ഗര്‍ഡറുകള്‍ തകര്‍ന്നുവീണ സംഭവം ജീവനക്കാരുടെ ഭാഗത്തുനിന്നുള്ള ചെറിയ വീഴ്ചയാണ് എന്നാണ് അധികൃതര്‍ പറയുന്നത്. മാറ്റാന്‍ ആവശ്യപ്പെട്ട ഗര്‍ഡര്‍ ജീവനക്കാര്‍ക്ക് മാറിപ്പോയി എന്നാണ് അവര്‍ അറിയിച്ചത്. എന്നാല്‍, കണ്ടുനിന്നവര്‍ പറയുന്നത് ഘടനാപരമായ പിശക് ഇതിന് പിന്നിലുണ്ടാകാം എന്നാണ്. അതുകൊണ്ടുതന്നെ ഈ വിഷയത്തില്‍ സമഗ്രമായ അന്വേഷണം നടത്തേണ്ടതുണ്ടെന്നും കെ.സി. വേണുഗോപാല്‍ പറഞ്ഞു.
ദേശീയപാത വികസനവുമായി ബന്ധപ്പെട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കുന്നതിന് ആലപ്പുഴയ്ക്ക് മാത്രമായി ഒരു ലെയ്സണ്‍ ഓഫീസര്‍ വേണം. മനുഷ്യരുടെ ജീവന്‍വച്ച് കളിക്കാന്‍ സാധിക്കില്ല. ആധുനിക സാങ്കേതിവിദ്യ ഉപയോഗിച്ചുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ഇത്തരം സംഭവങ്ങള്‍ നടക്കാന്‍ പാടില്ല. എന്നിട്ടും സംഭവിച്ചു. അതിന്റെ കാരണം ശാസ്ത്രീയമായി കണ്ടെത്തണം.
പിഎസി യോഗത്തില്‍ ഗര്‍ഡര്‍ തകര്‍ന്ന സംഭവം ചര്‍ച്ചയ്ക്കെടുത്തപ്പോള്‍ എന്‍എച്ച്എഐ ചെയര്‍മാനെയും അംഗങ്ങളെയും വിളിച്ചുവരുത്തി വിശദീകരണം തേടി. ഉപരിതല ഗതാഗത അഡീഷണല്‍ സെക്രട്ടറിയും യോഗത്തില്‍ പങ്കെടുത്തിരുന്നു. എന്‍എച്ച്എഐ നിലവില്‍ ആഭ്യന്തര അന്വേഷണ കമ്മിറ്റി രൂപീകരിച്ച് പരിശോധന നടത്തുന്നുണ്ട്.
ഉപരിതല ഗതാഗത വകുപ്പിനോടും ഉന്നത ഉദ്യോഗസ്ഥ വിദഗ്ധ സംഘത്തെ നിയോഗിച്ച് പരിശോധന നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശം നല്കി. അവര്‍ വരുംദിവസങ്ങളില്‍ പരിശോധന നടത്തി മൂന്നാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഗുണനിലവാരം, സുരക്ഷാ മാനദണ്ഡം എന്നിവ സംബന്ധിച്ച് കര്‍ശന പരിശോധന ഉണ്ടാകുമെന്നും കെ.സി. വേണുഗോപാല്‍ വ്യക്തമാക്കി.