ജൈവകർഷകർക്കുള്ള അക്ഷയശ്രീ അവാർഡുകൾ വിതരണം ചെയ്തു
1531428
Sunday, March 9, 2025 11:44 PM IST
മുഹമ്മ: സരോജിനി ദാമോദരൻ ഫൗണ്ടേഷൻ സംസ്ഥാനത്തെ മികച്ച ജൈവകർഷകർക്ക് ഏർപ്പെടുത്തിയ അക്ഷയശ്രീ അവാർഡുകൾ വിതരണം ചെയ്തു. മുഹമ്മ ഗൗരിനന്ദന ഓഡിറ്റോറിയത്തിൽ ചേർന്ന സമ്മേളനം നടൻ അനൂപ് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു.
കാൻസർ പോലുള്ള മാരകരോഗങ്ങള ചെറുക്കാൻ ജൈവകൃഷി വ്യാപനം അനിവാര്യമാണെന്ന് അനൂപ് ചന്ദ്രൻ പറഞ്ഞു. വയലും വായനശാലയും പുതുതലമുറയ്ക്ക് അന്യമാകുന്ന കാഴ്ചയാണ് എവിടെയും കാണുന്നത്. ഈ സ്ഥിതിക്കു മാറ്റമുണ്ടാക്കാനും സമൂഹത്തെ ആരോഗ്യത്തിലേക്ക് നയിക്കാനും എസ്.ഡി. ഷിബുലാലിന്റെ നേതൃത്വത്തിൽ നടത്തുന്ന ശ്രമങ്ങൾ പ്രശംസനീയമാണെന്നും അനൂപ് ചന്ദ്രൻ പറഞ്ഞു.
എന്തെല്ലാം പ്രതിസന്ധികൾ ഉണ്ടായാലും ജൈവ കൃഷിയിൽനിന്ന് പിന്നോട്ട് പോകരുതെന്ന് ഇൻഫോസിസ് സഹസ്ഥാപകൻ എസ്.ഡി. ഷിബുലാൽ പറഞ്ഞു.അവാർഡ് ലഭിക്കുന്ന ജൈവകർഷകർ ജൈവകൃഷിയുടെ പ്രചാരകരായി മാറണം. കൂടുതൽ പേരെ ഈ രംഗത്തേയ്ക്ക് കൊണ്ടുവരണം. ജൈവകൃഷിയാണ് കാലഘട്ടത്തിന്റെ ആവശ്യം. സമൂഹത്തെ ആരോഗ്യത്തിലേയ്ക്ക് നയിക്കുന്ന യത്നത്തിൽ അവാർഡ് ജേതാക്കൾ മുന്നിൽ നിൽക്കണമെന്നും അനൂപ് ചന്ദ്രൻ പറഞ്ഞു.
ഓട്ടിസം പോലെ ഒട്ടേറെ രോഗങ്ങൾക്ക് പരിഹാരമാണ് ജൈവ പച്ചക്കറിയെന്ന് കെ.വി. ദയാൽ പറഞ്ഞു. ജൈവകൃഷിയുടെ പ്രോത്സാഹനത്തിന് പഞ്ചായത്തിനുൾപ്പെടെ സഹായം നൽകുന്ന സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രവർത്തനം മാതൃകാപരമാണെന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.ടി. റെജി പറഞ്ഞു.
ഫൗണ്ടേഷൻ മാനേജിംഗ് ട്രസ്റ്റി കുമാരി ഷിബുലാൽ അധ്യക്ഷത വഹിച്ചു. അക്ഷയശ്രീ സംസ്ഥാന അവാർഡിന് അർഹയായ മലപ്പുറം സ്വദേശിനി സുഷമയ്ക്കും ജില്ലാതല അവാർഡുകൾക്ക് അർഹരായവർക്കും വേദിയിൽ കാഷ് അവാർഡുകളും സർട്ടിഫിക്കറ്റുകളും അനുപ് ചന്ദ്രൻ വിതരണം ചെയ്തു.
സംസ്ഥാനതല അവാർഡ് ജേതാവിന് രണ്ടു ലക്ഷം രുപ, ഉപഹാരം, സർട്ടിഫിക്കറ്റ് എന്നിവയും ജില്ലാതല അവാർഡ് ജേതാക്കൾക്ക് 50,000 രുപ വീതവുമാണ് നൽകിയത്. ഫൗണ്ടേഷൻ ട്രസ്റ്റി എസ്. രാമാനന്ദ്, ഡോ. കെ.എൻ. ജയചന്ദ്രബാബു എന്നിവർ പ്രസംഗിച്ചു.