ലഹരി വ്യാപനം: സര്‍ക്കാരിന് ഒഴിഞ്ഞുമാറാനാകില്ലെന്ന് മാര്‍ തോമസ് തറയില്‍
1532027
Tuesday, March 11, 2025 11:56 PM IST
ചങ്ങനാശേരി: സംസ്ഥാനത്ത് ഭീകരമായ രീതിയില്‍ വര്‍ധിക്കുന്ന ലഹരി വ്യാപനത്തിന്റെ ഉത്തരവാദിത്വത്തില്‍നിന്നു സര്‍ക്കാരിന് ഒഴിഞ്ഞുമാറാനാകില്ലെന്നും ഇതിനെതിരേ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നും ചങ്ങനാശേരി ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍.
സമൂഹത്തില്‍ വര്‍ധിച്ചുവരുന്ന ലഹരി ഉപയോഗത്തിനും ഹിംസയ്ക്കുമെതിരേ ചങ്ങനാശേരിയിലെ വിവിധ സന്നദ്ധ സംഘടനകളുടെ നേതൃത്വത്തില്‍ മുനിസിപ്പല്‍ ജംഗ്ഷനില്‍ സംഘടിപ്പിച്ച ഏകദിന ഉപവാസം ഉദ്ഘാടനം ചെയ്യുകയായിരുന്നു ആര്‍ച്ച്ബിഷപ്.
നമ്മുടെ കാമ്പസുകളില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ പോഷകസംഘടനകള്വരെ ലഹരി വിതരണക്കാരായി മാറുന്നു. ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ക്രൈസ്തവ സഭ എന്നും മുന്നിട്ടുനിന്നിരുന്നു. ഏതു വിഷയത്തിന്റെ പേരില്‍ മുന്നിട്ടിറങ്ങിയാലും അതിനെ സമുദായവത്കരിച്ചും രാഷ്ട്രീയവത്കരിച്ചും ഇത്തരം ആശയങ്ങളെ നിസാരപ്പെടുത്തി തമസ്കരിക്കുന്ന നിലപാടാണുള്ളതെന്നും മാർ തോമസ് തറയിൽ പറഞ്ഞു. സമൂഹത്തിന്റെ പൊതുനന്മയ്ക്കായി ജാതിമതഭേദമെന്യേ ഒറ്റക്കെട്ടായി അണിചേരണമെന്നും മാര്‍ തോമസ് തറയില്‍ ആഹ്വാനം ചെയ്തു.
പ്രമുഖ ഗാന്ധിയനും ഗാന്ധിജി സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലറുമായ ഡോ. സിറിയക് തോമസ് ആമുഖ സന്ദേശം നല്കി. അതിരൂപത വികാരിജനറാള്‍ മോണ്‍. ആന്റണി എത്തയ്ക്കാട്ട്, കത്തീഡ്രല്‍ വികാരി ഫാ. ജോസഫ് വാണിയപ്പുരയ്ക്കല്‍, ഫാ. സെബാസ്റ്റ്യന്‍ പുന്നശേരി, ഫാ. ജോസഫ് പാറയ്ക്കല്‍ എന്നിവർ പ്രസംഗിച്ചു.
ഡോ. റൂബിള്‍ രാജ്, ജസ്റ്റിന് ബ്രൂസ്, കുര്യന് തൂമ്പുങ്കല്‍, ജോസുകുട്ടി നെടുമുടി, അഡ്വ. വിമല്‍ ചന്ദ്രന്, റൗഫ് റഹിം എന്നിവരാണ് ഉപവാസം അനുഷ്ഠിച്ചത്.