വഴിമറന്ന സർക്കാരിനെ വഴി പഠിപ്പിക്കും: കെ.സി. വേണുഗോപാൽ എംപി
1531167
Sunday, March 9, 2025 3:02 AM IST
ആലപ്പുഴ: കടന്നുവന്ന വഴിത്താരകൾ മറന്നുപോയ സർക്കാരിനെ ആ വഴികളുടെ ചൂടും ചൂരും അറിയിക്കുവാൻ കേരളത്തിലെ ജനങ്ങൾ പ്രതിജ്ഞാബദ്ധരാണെന്ന് കെ.സി. വേണുഗോപാൽ എംപി പറഞ്ഞു. ആശാവർക്കർമാരുടെ സമരത്തിലും ശുചീകരണ തൊഴിലാളികളുടെ ആനുകൂല്യങ്ങൾ വിതരണം ചെയ്യുന്നതിനുമൊക്കെ ഈ സർക്കാർ സ്വീകരിക്കുന്ന പ്രതിലോമകരമായ നിലപാട് അവരുടെ ഇടതുപക്ഷ സ്വഭാവത്തെതന്നെ ഇല്ലാതാക്കും.
ആലപ്പുഴയിൽ കേരള മുനിസിപ്പൽ ആൻഡ് കോർപറേഷൻ വർക്കേഴ്സ് കോൺഗ്രസ് സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന പ്രസിഡന്റ് ചാണ്ടി ഉമ്മൻ അധ്യക്ഷത വഹിച്ചു.
വനിതാ ദിനാചരണത്തിന്റെ ഭാഗമായി സംസ്ഥാനത്തെ വിവിധ ജില്ലകളിൽനിന്ന് എത്തിയ മുതിർന്ന വനിതാ ശുചീകരണ തൊഴിലാളികളെ കെ.സി. വേണുഗോപാൽ എംപി ആദരിച്ചു.
എ.എ. ഷുക്കൂർ, എ.കെ. രാജൻ, തോമസ് ജോസഫ്, തോമസ് കല്ലാടൻ, അഡ്വ. ജി. മനോജ് കുമാർ, കെ. ദേവദാസ്, അഡ്വ. റീഗോ രാജു, പി.ആർ. സജീവൻ തുടങ്ങിയവർ പ്രസംഗിച്ചു.