ലോക്സഭയിൽ അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകും: കൊടിക്കുന്നിൽ സുരേഷ് എംപി
1531173
Sunday, March 9, 2025 3:02 AM IST
മാവേലിക്കര: ആരോഗ്യരംഗത്ത് നിർണായക സേവനം നടത്തുന്ന ആശാപ്രവർത്തകർ ഏറെക്കാലമായി അവഗണിക്കപ്പെടുന്ന അവകാശങ്ങൾക്കായി ശക്തമായ പ്രക്ഷോഭത്തിലാണ്. അന്തർദേശീയ വനിതാ ദിനത്തിന്റെ അവസരത്തിൽ, ഈ സമരത്തിന് ഒരിക്കൽകൂടി ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായി തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിനു മുന്നിലുള്ള സമരപ്പന്തലിൽ എത്തി കൊടിക്കുന്നിൽ സുരേഷ് എംപി പറഞ്ഞു.
തിരുവനന്തപുരത്ത് ആശാപ്രവർത്തകർ നടത്തുന്ന സമരം ആയിരങ്ങളായ ഈ സഹോദരിമാരുടെ ന്യായമായ ആവശ്യങ്ങൾ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അംഗീകരിക്കണമെന്ന ആവശ്യം ഉയർത്തുകയാണ്.
ആശാപ്രവർത്തകരുടെ വേതന വർധന, സ്ഥിരപ്പെടൽ, തൊഴിൽ സുരക്ഷ, സാമൂഹിക ക്ഷേമപദ്ധതികളിൽ ഉൾപ്പെടുത്തൽ എന്നിവ അടിയന്തരമായി നടപ്പിലാക്കപ്പെടണം. പിരിഞ്ഞു പോകുമ്പോൾ കുറഞ്ഞത് 5 ലക്ഷം രൂപയെങ്കിലും ആനുകൂല്യമായി നൽകണം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ലോക്സഭയിൽ അടിയന്തര പ്രമേയ നോട്ടീസ് നൽകുമെന്നും കേരളത്തിൽനിന്നുള്ള ലോക്സഭയിലെയും രാജ്യസഭയിലെയും മുഴുവൻ യുഡിഎഫ് എംപിമാരും കേന്ദ്ര ആരോഗ്യമന്ത്രിയെ നേരിൽകണ്ട് പ്രശ്നപരിഹാരത്തിനായി ശ്രമിക്കുമെന്നും കൊടിക്കുന്നിൽ പറഞ്ഞു.
കോവിഡ് മഹാമാരിക്കാലത്ത് രാജ്യത്തെ പൊതുജനാരോഗ്യ സംരക്ഷണത്തിന് നിർണായകമായ പങ്ക് വഹിച്ച ആശാപ്രവർത്തകർക്ക് അവഗണനയ്ക്ക് പകരം അംഗീകാരം ലഭിക്കേണ്ടത് ന്യായമായ അവകാശമാണ്. ആശാപ്രവർത്തകരുടെ ന്യായമായ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ സമരങ്ങൾ ശക്തിപ്പെടുത്തേണ്ട സാഹചര്യം വരും.
അതിനാൽ, എല്ലാ ജനാധിപത്യ വിശ്വാസികളും തൊഴിലാളി സംഘടനകളും സാമൂഹിക നീതിക്ക് വേണ്ടി പ്രവർത്തിക്കുന്നവരും ആശാപ്രവർത്തകരുടെ ഈ സമരത്തിന് പിന്തുണ നൽകണമെന്ന് ആഹ്വാനം ചെയ്യുന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു.