വളളത്തിൽനിന്നും വീണ് കർഷകത്തൊഴിലാളിയെ കാണാതായി
1531426
Sunday, March 9, 2025 11:44 PM IST
അമ്പലപ്പുഴ: വളളത്തില്നിന്നും വീണ് കര്‍ഷകത്തൊഴിലാളിയെ കാണാതായി. കൈനകരി പഞ്ചായത്ത് ആറാം വാര്‍ഡില്‍ കൈപ്പാലില് വീട്ടില്‍ ടിജോ തോമസി (35)നെയാണ് കാണാതായത്.
ഇന്നലെ വൈകുന്നേരം 3.15 ഓടെ പൂക്കൈതയാറ്റില്‍ കഞ്ഞിപ്പാടം-വൈശ്യംഭാഗം പാലത്തിന് വടക്കുഭാഗത്തായിരുന്നു അപകടം. കഞ്ഞിപ്പാടം പാടശേഖരത്തില്‍നിന്നും സപ്ലൈകൊ എടുത്ത നെല്ല് വള്ളത്തില്‍ കയറ്റി കഞ്ഞിപ്പാടത്തേക്ക് വരുന്നതിനിടെ വെള്ളത്തില്‍ വീഴുകയായിരുന്നു.
വള്ളത്തിന്റെ പങ്കായം നിയന്ത്രിക്കുന്നതിനിടെ എൻജിന് പ്രവര്ത്തിപ്പിക്കുകയായിരുന്ന സഹപ്രവര്‍ത്തകനോട് വെള്ളം കുടിക്കണമെന്ന് പറഞ്ഞു. തുടര്‍ന്ന് എന്ജിന് നിര്‍ത്തി. പങ്കായം നിയന്ത്രിച്ചിരുന്ന ടിജോ വെള്ളം കുടിക്കുന്നതിനിടെ കുഴഞ്ഞ് വെള്ളത്തില്‍ വീഴുകയായിരുന്നു. കൂടെയുണ്ടായിരുന്നയാളും ബഹളംകേട്ട് നാട്ടുകാരും ഓടിക്കൂടി തെരച്ചില്‍ നടത്തിയെങ്കിലും ടിജോയെ കണ്ടെത്താനായില്ല.
വിവരമറിഞ്ഞ് തകഴി അഗ്നിരക്ഷാസേനയിലെ സ്കൂബ അംഗങ്ങളും തെരച്ചില്‍ നടത്തിയെങ്കിലും വൈകിട്ടോടെ അവസാനിപ്പിച്ചു. തുടര്‍ന്ന് രാത്രി ഏറെ വൈകിയും ഉള്‍നാടന്‍ മത്സ്യത്തൊഴിലാളികള്‍ വലവിരിച്ചും അന്വേഷണം നടത്തിവരികയാണ്.
കനത്ത ചൂടില്‍ കുഴഞ്ഞുവീണതാകാമെന്നാണ് നാട്ടുകാര്‍ പറയുന്നത്.