കർഷകരെ ആത്മഹത്യയിലേക്കു തള്ളിവിടരുത്: ഫാ. ആന്റണി എത്തക്കാട്ട്
1532026
Tuesday, March 11, 2025 11:56 PM IST
മങ്കൊമ്പ്: കേരളത്തിലെ നെൽകർഷകരെ ആത്മഹത്യയിലേക്കു തള്ളിവിടരുതെന്ന് ചങ്ങനാശേരി അതിരൂപത വികാരി ജനറാൾ ഫാ. ആന്റണി ഏത്തയ്്ക്കാട്. നെൽ കർഷക സംരക്ഷണസമിതിയുടെ നേതൃത്വത്തിൽ മങ്കൊമ്പ് പാഡി മാർക്കറ്റിംഗ് ഓഫീസിനു മുന്നിൽ കിഴിവ് ചൂഷണത്തിനെതിരേ നടത്തിയ കർഷക സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തിന്റെ സാമൂഹിക അന്തരീക്ഷം ആകെ മാറിയിരിക്കുന്നു. ദുരന്തങ്ങൾ ഉണ്ടായാലേ സർക്കാർ കണ്ണുതുറക്കൂ എന്ന അവസ്ഥയാണുള്ളത്. കേരളത്തിൽ നെൽകർഷകർ അനുഭവിക്കുന്ന ദുരിതം വളരെ വലുതാണ്. വിത്ത്, വളം, നെല്ലുസംഭരണം, സംഭരിച്ച നെല്ലിന്റെ വില എന്നിവയ്ക്കുവേണ്ടി കർഷർ ദിവസങ്ങളോളം സമരം ചെയ്യേണ്ട ദുരവസ്ഥയിലാണ് കർഷകർ.
കേരളത്തെ അന്നമൂട്ടുന്ന നെൽകർഷകരെ സർക്കാർ ചേർത്തുപിടിക്കണം. അവന്റെ കണ്ണീര് കൃഷിഭൂമിയിൽ വീഴാൻ ഇടയാക്കരുത്. ചൂഷിതരിൽനിന്നും കർഷകനെ മുക്തരാക്കണം. അതിന് കർഷകൻ ആത്മഹത്യ ചെയ്യുന്നതുവരെ നോക്കിനിൽക്കാൻ ഇടയാവരുത്. സംസ്ഥാന സർക്കാർ അടിയന്തരമായി നെൽകർഷക മേഖല അനുഭവിക്കുന്ന ദുരിതങ്ങൾക്കു പരിഹാരം കണ്ടെത്തണം. മില്ല്-ഉദ്യോഗസ്ഥ ഗൂഢാലോചനയ്ക്ക് അറുതിവരുത്തി, കർഷകന്റെ നെല്ല് അടിയന്തരമായി സംഭരിക്കാൻ സംസ്ഥാന ഗവൺമെന്റ് തയാറാവണം.
ഇല്ലങ്കിൽ, വിവിധ സാമുദായിക സംഘടനകളെ ചേർത്തുനിർത്തി നെൽ കർഷക സംരക്ഷണസമിതി നടത്തുന്ന സമരം വ്യാപിപ്പിക്കേണ്ടിവരുമെന്നും അദ്ദേഹം മുന്നറിയിപ്പു നൽകി. സമിതി പ്രസിഡന്റ് റജീന അഷ്റഫ് അധ്യക്ഷത വഹിച്ചു.
എൻഎസ്എസ് താലൂക്ക് യൂണിയൻ വൈസ് പ്രസിഡന്റ് രാധാകൃഷ്ണൻ നായർ മങ്ങാട്ട്, കായൽപ്പുറം ഇടവക വികാരി ഫാ. അഗസ്റ്റിൻ പൊങ്ങാനാംതടം, എസ്എൻഡിപി കുട്ടനാട് താലൂക്ക് യൂണിയൻ കൺവീനർ സന്തോഷ് ശാന്തി, സി.ടി. തോമസ്, ചാക്കപ്പൻ ആന്റണി, ജോളി നാൽപതാംകളം, ജോസ് കാവനാട്, പി.ആർ. സതീശൻ, ലാലിച്ചൻ പള്ളിവാതുക്കൾ, എ.ജെ. ചാക്കോ ഇടയാടി, സുഭാഷ് പറമ്പിശേരി, സോണിച്ചൻ പുളിങ്കുന്ന് തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്ന് സംഘടനാ പ്രതിനിധികൾ പാഡി മാർക്കറ്റിംഗ് ഓഫീസേഴ്സുമായി ചർച്ച നടത്തി.
ഡൈനാമിക് സിസ്റ്റത്തിലൂടെ നിശ്ചയിക്കുന്ന മില്ലുകൾ നിർബന്ധമായും നെല്ല് സംഭരിക്കണമെന്നും അതിനു തയാറാകാത്തവർക്കെതിരേ കർശന സടപടി സ്വീകരിക്കണമെന്നും സപ്ലൈകോയുടെ നെല്ല് സംഭരണ മാനദണ്ഡങ്ങളിൽ ഗുണനിലവാര പരിശോധനയിൽ കർഷകർക്ക് അനുകൂലമായ ഘടകങ്ങൾ കൂടി കണക്കിലെടുക്കണമെന്നും ഉദ്യോഗസ്ഥർ മില്ലുകാരുടെ പക്ഷത്തുനിന്നു മാത്രമാണ് പ്രവർത്തിക്കുന്നതെന്നും ഇതിനെതിരേ ശക്മായ നടപടിയുണ്ടാവണമെന്നും നെൽ കർഷകസംരക്ഷണസമിതി ആവശ്യപ്പെട്ടു.