ബസ് കാത്തിരിപ്പ് കേന്ദ്രം അപകടാവസ്ഥയിൽ
1532020
Tuesday, March 11, 2025 11:55 PM IST
മാന്നാർ: നാടുനീളെ വേണ്ടിടത്തും വേണ്ടാത്തിടത്തും ലക്ഷങ്ങൾ മുടക്കി എംപിയും എംഎൽഎയും മത്സരിച്ച് വെയിറ്റിംഗ് ഷെഡുകൾ സ്ഥാപിക്കുമ്പോൾ തകർന്നു വീഴാറായ ഒരു വെയിറ്റിംഗ് ഷെഡ് ചെന്നിത്തലയിൽ ഉണ്ട്. ചെന്നിത്തല കാരാഴ്മ ജംഗ്ഷനിൽ അപകടാവസ്ഥയിൽ സ്ഥിതി ചെയ്യുന്ന ബസ് കാത്തിരിപ്പ് കേന്ദ്രം പൊളിച്ചുമാറ്റി പുനർ നിർമിക്കണമെന്ന ആവശ്യം ഉയരാൻ തുടങ്ങിയിട്ട് വർഷങ്ങളായി.
മാവേലിക്കര- തിരുവല്ല സംസ്ഥാനപാതയിൽ ചെന്നിത്തല- തൃപ്പെരുന്തുറ പഞ്ചായത്ത് കാരാഴ്മ ജംഗ്ഷനിൽ റോഡിന് പടിഞ്ഞാറ് ഭാഗത്ത് സ്ഥിതിചെയ്യുന്ന ബസ് സ്റ്റോപ്പിലെ കാത്തിരിപ്പ് കേന്ദ്രം കാലപ്പഴക്കത്താൽ ഏത് നിമിഷവും നിലംപൊത്തുന്ന അവസ്ഥയിലാണ്.
ദിവസേന സ്ത്രീകളും കുട്ടികളുമടക്കം നിരവധി യാത്രക്കാർ ആശ്രയിക്കുന്ന ബസ് കാത്തിരിപ്പ് കേന്ദ്രമാണിത്. ഇതിന്റെ നാല് ഇരുമ്പ് തൂണുകൾ അടക്കം ദ്രവിച്ച് നിലംപതിക്കാറായ നിലയിലാണ്.
കാരാഴ്മ ജംഗ്ഷന് കിഴക്കായി സ്ഥിതി ചെയ്യുന്ന തിരുവിതാംകൂർ ദേവസ്വംബോർഡിന്റെ അധീനതയിലുള്ള ചരിത്രപ്രസിദ്ധമായ കാരാഴ്മ ദേവീക്ഷേത്രത്തിലേക്ക് എത്തുന്ന ഭക്തജനങ്ങളും ഈ ബസ് കാത്തിരിപ്പ് കേന്ദ്രത്തെയാണ് ആശ്രയിക്കുന്നത്. ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ അപകടാവസ്ഥ പരിഹരിക്കാൻ പുതിയ വെയിറ്റിംഗ് ഷെഡ് നിർമിക്കാൻ എംഎൽഎ ഫണ്ടിൽ ഉൾപ്പെടുത്തിയോ, ഫിഷറീസ് സാംസ്കാരിക വകുപ്പിന്റെ ധനസഹായത്താലോ ബസ് കാത്തിരിപ്പ് കേന്ദ്രം അടിയന്തരമായി പുനർ നിർമിക്കണമെന്ന് സിപിഐ കാരാഴ്മ ബ്രാഞ്ച് സമ്മേളനം മന്ത്രി സജി ചെറിയാനോട് ആവശ്യപ്പെട്ടു.