കാപ്പ നടപടി പ്രകാരം ഗുണ്ടയെ ജയിലിലടച്ചു
1531170
Sunday, March 9, 2025 3:02 AM IST
ചാരുംമൂട്: ജില്ലയിൽ ഗുണ്ടാ പ്രവർത്തനങ്ങൾക്കെതിരേ നടക്കുന്ന പോലീസ് നടപടിയുടെ ഭാഗമായി നൂറനാട് പോലീസ് സ്റ്റേഷൻ പരിധിയിൽ താമസക്കാരനായ അന്തര്‍ ജില്ലാ ഗുണ്ടയായ പാലമേൽ ആദിക്കാട്ടുകുളങ്ങര കുറ്റിപ്പറമ്പിൽ വീട്ടിൽ ആഷിഖിനെ (35) നൂറനാട് പോലീസ് ഇന്‍സ്പെക്ടര്‍ എസ്. ശ്രീകുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു.
ജില്ലാ പോലീസ് മേധാവി എം.പി. മോഹനചന്ദ്രന്റെ നേതൃത്വത്തിൽ നടത്തുന്ന സ്പെഷൽ ഡ്രൈവിന്റെ ഭാഗമായി ചെങ്ങന്നൂർ ഡിവൈഎസ്പി എം.കെ. ബിനു കുമാറിന്റെ മേൽനോട്ടത്തിലാണ് ചെങ്ങന്നൂര്‍ സബ് ഡിവിഷനില്‍ ക്രിമിനലുകൾക്കെതിരേയുള്ള പ്രവർത്തനങ്ങൾ ശക്തമാക്കിയത്.
2011 മുതല്‍ നൂറനാട്, അടൂര്‍ പോലീസ് സ്റ്റേഷനുകളിലായി ലഹളയുണ്ടാക്കല്‍, കഠിന ദേഹോപദ്രവം, കൊലപാതകശ്രമം, തട്ടിക്കൊണ്ടുപോകല്‍, സ്ത്രീകളെ ആക്രമിക്കല്‍, മാരകായുധങ്ങളുമായി ആക്രമണം, പട്ടികജാതി പീഡനം (തടയല്‍) നിയമം തുടങ്ങി 10-ഓളം കേസുകളില്‍ പ്രതിയാണ് ആഷിഖ്. 2014 ല്‍ ആദിക്കാട്ടുകുളങ്ങരയില്‍ റംസാന് പെരുനാള് ദിവസം നടന്ന തര്‍ക്കത്തില്‍ ഇടപെട്ടയാളെ വാളുകൊണ്ട് മാരകമായി വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രധാന പ്രതികൂടിയാണ് ഇയാള്‍. ഈ കേസില്‍ മാവേലിക്കര അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ഇയാളെയും കൂട്ടു പ്രതികളെയും അഞ്ചു വര്‍ഷത്തെ തടവിന് ശിക്ഷിച്ചിരുന്നു.
എന്നാല്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്കി ജാമ്യത്തിലിറങ്ങിയ ആഷിഖ് ഗുണ്ടാ സംഘങ്ങളുമായി ചേര്‍ന്ന് കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടുവരികയായിരുന്നു. വിവിധ കേസുകളിലായി മാവേലിക്കര സ്പെഷല്‍ സബ് ജയിലിലും കൊട്ടാരക്കര ജില്ലാ ജയിലിലും പത്തനംതിട്ട ജില്ലാ ജയിലിലും പല തവണ ഇയാള്‍ തടവില്‍ കഴിഞ്ഞിട്ടുണ്ട്.