മയക്കുമരുന്നിൽ കിറുങ്ങി തീരദേശം, കണ്ട ഭാവം നടിക്കാതെ പോലീസ്
1531171
Sunday, March 9, 2025 3:02 AM IST
തുറവൂർ: തീരദേശത്ത് കഞ്ചാവും മയക്കുമരുന്നും വ്യാപകമാകുന്നു. പള്ളിത്തോട് സ്കൂളിന് പടിഞ്ഞാറു ഭാഗം, വാലയിൽ പൊഴിച്ചാൽ, മുതുകേൽ റോഡിന് കിഴക്ക് ഭാഗത്തുള്ള കെട്ടിടങ്ങളും ,മുഞ്ചക്കാടും, ചാപ്പക്കടവ് മത്സ്യ ഗ്യാപ് പ്രദേശവും ഇതിന് കിഴക്കുള്ള ആളൊഴിഞ്ഞ പഴയ കെട്ടിടവുമാണ് മയക്കുമരുന്ന്-കഞ്ചാവ് വിൽപ്പനയുടെയും ഉപയോഗത്തിന്റെയും കേന്ദ്രം. കണ്ണമാലി മുതൽ അർത്തുങ്കൽ വരെയുള്ള തീരദേശ മേഖലയിൽ നിന്ന് നിരവധി യുവാക്കളാണ് ഇവിടെ എത്തി മയക്കുമരുന്നു വാങ്ങുന്നതും ഉപയോഗിക്കുന്നതും.
രാപകൽ വ്യത്യാസമില്ലാതെയാണ് കഞ്ചാവ് മയക്കുമരുന്നു സംഘം ഇവിടെ വിലസുന്നത്. പള്ളിത്തോട് സ്കൂളിന് പടിഞ്ഞാറ് കടൽ ഭിത്തിയോട് ചേർന്ന് നിരവധി വിദ്യാർഥികളും യുവാക്കളുമാണ് രാപകൽ വ്യത്യാസമില്ലാതെ ദിവസവും പരസ്യമായി കഞ്ചാവ്, മയക്കുമരുന്ന് ഉപയോഗിക്കുന്നത്. പരിസരവാസികൾ വളരെ ഭയത്തോടെയാണ് ജീവിക്കുന്നത്. ഇവരുടെ ശല്യം രൂക്ഷമാകുമ്പോൾ ആരെങ്കിലും ചോദ്യം ചെയ്താൽ മാരകായുധങ്ങളുമായി അവരെ ആക്രമിക്കുകയും ചെയ്യുന്നു.
കൂടാതെ പരിസരത്തെ വീടുകളുടെ മുന്നിൽ മാലിന്യങ്ങൾ ഇടുകയും ചെയ്യുന്നു. സ്ത്രികൾക്കും കുട്ടികൾക്കും ഈ മേഖലയുടെ സമീപത്തുകൂടി യാത്ര ചെയ്യാൻ സാധിക്കാത്ത അവസ്ഥയാണ്. അന്ധകാരനഴി വിനോദ സഞ്ചാര കേന്ദ്രവും പരിസര പ്രദേശങ്ങളും മയക്കുമരുന്നു സംഘത്തിന്റെ പിടിയിലാണ്.
നിരവധി തവണ പരാതി നൽകിയിട്ടും യാതൊരുവിധ നടപടിയും സ്വീകരിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. പശ്ചിമ കൊച്ചിയിൽനിന്നാണ് വ്യാപകമായി ഈ മേഖലയിൽ മയക്കുമരുന്ന് എത്തുന്നത്. ഇവിടത്തെ കഞ്ചാവ് മയക്കു മരുന്നു സംഘത്തെ അടിച്ചമർത്തുവാനുള്ള അടിയന്തര നടപടി ഉണ്ടാകണമെന്ന ആവശ്യം ഉയരുന്നു.