വ്യാജസാലറി സര്‍ട്ടിഫിക്കറ്റ്: അധ്യാപിക സഹകരണബാങ്കിലും തട്ടിപ്പ് നടത്തി
1532029
Tuesday, March 11, 2025 11:56 PM IST
ചേര്‍ത്തല: സഹപ്രവര്‍ത്തകരുടെ വ്യാജസാലറി സര്‍ട്ടിഫിക്കറ്റ് തയാറാക്കി അധ്യാപിക കെഎസ്എഫ്ഇയില്‍ നടത്തിയ സാമ്പത്തിക തട്ടിപ്പ് പുറത്തായതിനെതുടര്‍ന്ന് അധ്യാപിക തന്നെ ഇതുപോലെ സഹകരണബാങ്കുകളിലും തട്ടിപ്പുനടത്തിയതായി പരാതി ഉയര്‍ന്നു.
നഗരത്തിലെ ഏതാനും സഹകരണ ബാങ്കുകളിലായി ഇവര്‍ക്ക് അരക്കോടിയുടെ വായ്പയുള്ളതായി കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ അഞ്ചുലക്ഷത്തിന്റെ വായ്പയ്ക്കു നല്‍കിയത് വ്യാജ സാലറി സര്ട്ടിഫിക്കെറ്റെന്നാണ് വിവരം. സഹകരണ ബാങ്ക് അധികൃതര്‍ അറിയിച്ചതിനെത്തുടര്‍ന്ന് പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. മറ്റു ബാങ്കുകളിലെ വായ്പയ്ക്ക് സഹ അധ്യാപകരുടെ ശമ്പള സര്‍ട്ടിഫിക്കറ്റും സ്ഥലവുമാണ് ജാമ്യത്തിനു നല്‍കിയിരിക്കുന്നത്.
നഗരത്തിലെ ഗവണ്മെന്റ് ടൗണ്‍ എല്‍പി സ്കൂളിലെ പ്രഥമാധ്യാപികയായിരുന്ന കരുവാ സ്വദേശി എന്‍. ആര്. സീതയ്ക്കെതിരേയാണ് പോലീസ് കേസെടുത്തത്. വ്യാജശമ്പള സര്‍ട്ടിഫിക്കറ്റുകള്‍ നല്കി കെഎസ്എഫ്ഇ യില്‍ ബന്ധുക്കളുടെ പേരില്‍ ചിട്ടിതുകയാണ് ഇവര്‍ എടുത്തത്. ഇതില്‍ കെഎസ്എഫ്ഇ ശാഖാ അധികൃതര്‍ നല്കിയ പരാതിയിലാണ് ഇവര്‍ക്കെതിരേ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയത്. ഇവരുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ പലരുടെയും തിരിച്ചറിയല്‍ രേഖയും പണമിടപാടുരേഖകളും കണ്ടെത്തിയതോടെ കൂടുതല്‍ തെളിവുകള്ക്കായും പോലീസ് ശ്രമം നടത്തുന്നുണ്ട്. സംഭവത്തെ തുടര്‍ന്ന് അധ്യാപികയെ വിദ്യാഭ്യാസ വകുപ്പ് ജോലിയില്‍നിന്നു തത്കാലം പുറത്താക്കിയിരിക്കുകയാണ്.