കൊയ്തുകൂട്ടുന്നത് സ്വപ്നങ്ങൾ; തട്ടിത്തൂളാൻ മില്ലുകാരും സർക്കാരും
1532024
Tuesday, March 11, 2025 11:55 PM IST
കുട്ടനാട്: കുട്ടനാട്ടിലെ നെടുമുടി കൃഷിഭവനു കീഴിലുള്ള നൂറ് ഏക്കറിനടുത്ത് കൃഷി ചെയ്ത മഠത്തില്‍ മുല്ലാക്കല്‍ പാടശേഖരത്തിലെ നെല്ല് വിളവെടുത്തിട്ട് പത്തു ദിവസങ്ങള്‍ പൂര്‍ത്തിയാകുമ്പോഴും നെല്ല് കണ്ടത്തില്‍ കൂട്ടിയിട്ട് കാവലിരിക്കാന്‍ വിധിക്കപ്പെട്ടവരാണ് ഈ പാടത്തെ കര്‍ഷകര്‍. രണ്ടുവര്‍ഷമായി മടവീഴ്ച മൂലം രണ്ടാംകൃഷി ചെയ്യാന്‍ സാധിക്കാതെ പോയ കര്‍ഷകര്‍ കാലേക്കൂട്ടി വിളവിറക്കി പുഞ്ചകൃഷി കൊയ്തെടുത്തു.
എന്നാല്‍, ഈര്‍പ്പത്തിന്റെയും കറവലിന്റെയും പേര് പറഞ്ഞ് മില്ലുകാര്‍ നെല്ല് എടുക്കാന്‍ തയാറാവുന്നില്ല. പാഡി ഓഫീസറെയും കൃഷി ഓഫീസറെയും നിരന്തരമായി ബന്ധപ്പെട്ടിട്ടും പത്തു ദിവസങ്ങളായിട്ടും നെല്ല് ഇതുവരെ എടുത്തിട്ടില്ല. ഇടയ്ക്ക് രണ്ടു ദിവസം ചെയ്ത മഴ കര്‍ഷകരുടെ നെഞ്ചിടിപ്പ് കൂട്ടുന്നു.
മില്ലുടമകളും ഏജന്റും
കഴിഞ്ഞദിവസം പല ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തില്‍ നടത്തിയ പരിശോധനയില്‍ നെല്ലിന്റെ ഗുണമേന്മക്കുറവിന് ആറര കിലോ നെല്ല് കിഴിവ് നല്‍കണം, കൂടാതെ നെല്ലിന്റെ ഈര്പ്പത്തിന് ആനുപാതികമായുള്ള കിഴിവ് വേറെയും നല്കാന് കര്‍ഷകര്‍ തയാറാകണം എന്നെല്ലാം പറഞ്ഞിരിക്കുന്നു എന്നാണ് പാടശേഖരസമിതി സെക്രട്ടറി പറയുന്നത്. ഉദ്യോഗസ്ഥരും മില്ലുടമകളുടെ ഏജന്റുമാരും കര്‍ഷകരുടെ കഴിഞ്ഞ നാലഞ്ചു മാസമായുള്ള കഷ്ടപ്പാടിന്റെയും ദുരിതത്തിന്റെയും വിലയറിത്തവരാണ്. അതുകൊണ്ടാണ് ഈ മെല്ലപ്പോക്ക് എന്നാണ് കൃഷിക്കാരുടെ പരാതി. അടുത്ത രണ്ടാം കൃഷി ചെയ്യാന്‍ തീരുമാനമെടുത്തിരുന്ന കര്‍ഷകര്‍ അത് പുനഃപരിശോധിക്കേണ്ടി വരും എന്ന നിലപാടിലാണ്. തങ്ങളുടേതല്ലാത്ത കുറ്റം കൊണ്ട് കുട്ടനാട്ടിലെ ചില പാടശേഖരങ്ങളില്‍ നെല്ലിന് കറവല്‍ ഉണ്ടാകുന്നതിനും വില നല്‍കേണ്ടി വരുന്നത് പാവം കര്‍ഷകരാണ്.
പാവം കര്‍ഷകർ
യഥാസമയം നദികളിലെ വെള്ളത്തിന്റെ ലവണാംശം പരിശോധിച്ച് കൃഷിവകുപ്പ് മുന്നറിയിപ്പ് നല്‍കാതിരുന്നതും നെല്ലിന് കറവല്‍ വരാനുള്ള ഒരു കാരണമാണ്. ഉദ്യോഗസ്ഥരുടെ വിഴ്ചയ്ക്കും വില നല്‍കേണ്ടി വരുന്നതും പാവം കര്‍ഷകരാണ്. കഴിഞ്ഞ പത്തു ദിവസമായി പാടത്തും പറമ്പിലും കൂട്ടി ഇട്ടിരിക്കുന്ന നെല്ലിന് കാവല്‍ കിടക്കാനും കേടാകാതിരിക്കാന്‍ നിത്യവും തുറന്ന് സൂര്യപ്രകാശത്തില്‍ ചൂട് കൊടുക്കുകയും ചെയ്യാന്‍ കര്ഷകന് നിര്‍ബന്ധിതരാകുന്നു. ഓരോ ദിവസം കഴിയുന്തോറും ഓരോ ക്വിന്റലിനും ഒരു കിലോയും അതിനപ്പുറവും തൂക്കക്കുറവും നെല്ലിന് സംഭവിക്കും. കിരാതവും മനുഷ്ത്വരഹിതവുമാണ് കിഴിവ് സംബ്രദായമെങ്കിലും അതിന് വഴങ്ങാന്‍ ഇതുമൂലം കര്‍ഷകര്‍ നിര്‍ബന്ധിതരാകുന്നു.
വിഷമം കടിച്ചമര്‍ത്തി
കൃഷി ഇറക്കുന്ന കാലം മുതല്‍ കൊയ്ത്തിനെപ്പറ്റി ധാരണയുള്ള കൃഷി ഓഫീസറും സംഘവും എന്തുകൊണ്ട് ഇത്രയും ദിവസങ്ങളായും നടപടി ഒന്നും എടുക്കുന്നില്ല എന്ന് പരസ്പരം ചോദിച്ച് വിഷമം കടിച്ചമര്‍ത്തി കഴിയുകയാണ് കര്‍ഷകര്‍. യഥാസമയം ശമ്പളം കിട്ടുന്ന ഉദ്യോഗസ്ഥ വൃന്ദത്തിന് നെല്‍കര്‍ഷകരുടെ ദുരിതത്തിന്റെയും കഷ്ടപ്പാടിന്റെയും ആഴം അറിയില്ല.
കൊയ്ത്ത് കഴിഞ്ഞാലുടന്‍ നെല്ലുസംഭരിക്കും അതിനായി എല്ലാ ഒരുക്കവും നടത്തിയിട്ടുണ്ട് എന്നു പറഞ്ഞ ആലപ്പുഴ ജില്ലാ കളക്ടറുടെ വാക്കുകള്‍ക്ക് വില കല്പിക്കാത്ത കൃഷിവകുപ്പ് ഉദ്യോഗസ്ഥരും മില്ല് ഏജന്റുമാരും കര്‍ഷകരുടെ സ്വപ്നങ്ങളാണ് തല്ലിക്കെടുത്തിയത്.