വിളവെടുപ്പുത്സവം ആഘോഷിച്ച പാടത്തെ നെല്ലുകെട്ടിക്കിടക്കുന്നു
1531749
Tuesday, March 11, 2025 12:04 AM IST
മങ്കൊമ്പ്: ഏറെ കൊട്ടിഘോഷിക്കപ്പെട്ട് കൊയ്ത്തുത്സവം നടത്തിയ പാടശേഖരത്തിലെ നെല്ല് കിഴിവിനെച്ചൊല്ലിയുള്ള തർക്കംമൂലം ദിവസങ്ങളായി പാടത്തു കെട്ടിക്കിടക്കുന്നു. നാനൂറേക്കർ വരുന്ന നീലംപേരൂർ കൃഷിഭവൻ പരിധിയിലെ കോഴിച്ചാൽ തെക്ക് പാടശേഖരത്തിലെ നെല്ലാണ് സംഭരിക്കാനാകാതെ കെട്ടിക്കിടക്കുന്നത്. നല്ല വേനലിൽ വിളവെടുത്ത നെല്ലിന് ക്വിന്റലിന് അഞ്ചുകിലോഗ്രാമാണ് മില്ലുടമകൾക്കായി ഇടനിലക്കാർ കിഴിവ് ആവശ്യപ്പെടുന്നത്. എന്നാൽ, കർഷകർ ഇതിനു തയാറാകാതെ വന്നതോടെ സംഭരണം നടക്കാതെപോകുകയായിരുന്നു.
രണ്ടു മില്ലുകളാണ് ഇവിടെ നിന്നും നെല്ലെടുക്കാൻ ചുമതലയുള്ളത്. വിളവെടുപ്പു കഴിഞ്ഞപ്പോൾതന്നെ മില്ലുടമകളുടെ പ്രതിനിധികൾ സ്ഥലത്തെത്തി നെല്ലിന്റെ സാമ്പിൾ പരിശോധനയ്ക്കായി കൊണ്ടുപോയിരുന്നു. പരിശോധനാഫലം വരുംമുൻപേ നെല്ലിൽ ഈർപ്പത്തിന്റെ അളവു കൂടുതലാണെന്നും അഞ്ചു കിലോഗ്രാം കിഴിവു വേണമെന്നു ആവശ്യപ്പെടുകയുമായിരുന്നു.
അമിത കിഴിവ് ഒഴിവാക്കി നെല്ലെടുക്കാൻ സഹായിക്കണമെന്നാവശ്യപ്പെട്ട് എംപിയടക്കമുള്ള ജനപ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തിയതായി കർഷകർ പറയുന്നു. എന്നാൽ, യാതൊരു നടപടിയും ആകാത്തതിനാൽ നെല്ലുപാടത്തുതന്നെ കെട്ടിക്കിടക്കുകയായിരുന്നു.
വിളവെടുപ്പുത്സവത്തിനു കാട്ടിയ താത്പര്യം നെല്ലുസംഭരണക്കാര്യത്തിൽ രാഷ്ട്രീയക്കാർ കാട്ടിയില്ലെന്നും കർഷകർക്കു പരാതിയുണ്ട്. ഇപ്പോൾ ആവശ്യപ്പെടുന്ന കിഴിവു നൽകാത്തപക്ഷം, നെല്ലിന്റെ ഗുണനിലവാര പരിശോധന നടത്തിയശേഷം മില്ലുടമകളുമായി ചർച്ചനടത്തി കിഴിവുകാര്യം തീരുമാനിക്കാമെന്നാണ് ഇടനിലക്കാർ പറയുന്നത്.
എന്നാൽ, ഏതു സമയത്തും മഴയെത്താമെന്നത് കർഷകരെ ആശങ്കയിലാക്കുന്നു. ഈ സാഹചര്യത്തിൽ എന്തുനഷ്ടം സഹിച്ചും നെല്ലുവിൽക്കാനാണ് കർഷകരുടെ പൊതുവായ തീരുമാനം. അഞ്ചുകിലോഗ്രാം വീതം കിഴിവുനൽകി ഇന്നുതന്നെ മില്ലുകാർക്കു നൽകാനാണ് വൈകുന്നേരത്തോടെ കർഷകർ തീരുമാനിച്ചിരിക്കുന്നത്.